Sub Lead

കൊളംബിയന്‍ ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷ നേതാവ് പ്രസിഡന്റ് പദവിയില്‍

ഞായറാഴ്ച നടന്ന രണ്ടാം തിരഞ്ഞെടുപ്പില്‍ നിര്‍മ്മാണ മേഖലയിലെ വ്യവസായിയും വലതുപക്ഷ സ്ഥാനാര്‍ഥിയുമായ റോഡോള്‍ഫോ ഹെര്‍ണാണ്ടസിനെ കെട്ടുകെട്ടിച്ചാണ് നിലവിലെ സെനറ്ററായ പെട്രോ പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്. 50.5 ശതമാനം വോട്ടുകള്‍ നേടിയാണ് 62 കാരനായ പെട്രോ ജയിച്ചത്.

കൊളംബിയന്‍ ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷ നേതാവ് പ്രസിഡന്റ് പദവിയില്‍
X

ബൊഗോട്ട: രാജ്യത്തിന്റെ തലസ്ഥാനമായ ബൊഗോട്ടയുടെ മുന്‍ മേയറും മുന്‍ വിമത പോരാളിയുമായ ഗുസ്താവോ പെട്രോ ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റായി. ഞായറാഴ്ച നടന്ന രണ്ടാം തിരഞ്ഞെടുപ്പില്‍ നിര്‍മ്മാണ മേഖലയിലെ വ്യവസായിയും വലതുപക്ഷ സ്ഥാനാര്‍ഥിയുമായ റോഡോള്‍ഫോ ഹെര്‍ണാണ്ടസിനെ കെട്ടുകെട്ടിച്ചാണ് നിലവിലെ സെനറ്ററായ പെട്രോ പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്. 50.5 ശതമാനം വോട്ടുകള്‍ നേടിയാണ് 62 കാരനായ പെട്രോ ജയിച്ചത്.

സ്വാതന്ത്ര്യ കൊളംബിയയുടെ 212 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇടതുസ്ഥാനാര്‍ഥി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. കൊളംബിയയുടെ ചരിത്രത്തിലാദ്യമായി ആഫ്രോ കൊളംബിയന്‍ വംശജയായ ഫ്രാന്‍സിയ മാര്‍ക്ക്വേസ് വൈസ് പ്രസിഡന്റ് പദവിയിലെത്തുകയും ചെയ്തു.

വലതുപക്ഷ സ്ഥാനാര്‍ഥി റൊഡോള്‍ഫോക്ക് 47.3 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളു. നേരത്തെ, 2010ലും 2018ലും നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ പെട്രോ പരാജയപ്പെട്ടിരുന്നു. നേരത്തേ

എം. 19 എന്ന ഗറില്ല പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു പെട്രോ.

അനീതി അവസാനിപ്പിക്കും, സൗജന്യ ഉന്നതവിദ്യാഭ്യാസം, പെന്‍ഷന്‍ പരിഷ്‌കരണം, ഉപയോഗിക്കപ്പെടാത്ത ഭൂമിക്ക് കനത്ത നികുതി ചുമത്തും തുടങ്ങിയവയായിരുന്നു പെട്രോയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.

മെയ് 29ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 40.3 ശതമാനം വോട്ടുകള്‍ നേടി പെട്രോ മുന്നിലെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാതായതോടെയാണ് കൂടുതല്‍ വോട്ട് വാങ്ങിയ രണ്ടുപേര്‍ വീണ്ടും മാറ്റുരച്ചത്. പെട്രോയുടെ വിജയത്തോടെ ക്യൂബ, വെനസ്വേല, ചിലി, ബൊളീവിയ, അര്‍ജന്റീന, നിക്കരാഗ്വ, പെറു, ഹോണ്ടുറാസ് എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ കൊളംബിയയിലും ഇടതുപക്ഷം അധികാരത്തിലേറി.

നിലവില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കൊളംബിയ കടന്നുപോകുന്നത്. ഒരു ഭാഗത്ത് പണപ്പെരുപ്പം രാജ്യത്തെ പിറകോട്ട് വലിക്കുമ്പോള്‍ കൂനിന്‍മേല്‍കുരുവായി സംഘര്‍ഷവും അസമത്വവും രാജ്യത്തെ അരാജകത്വത്തിലേക്ക് വലിച്ചിഴക്കുകയാണ്. മധ്യ വലതുപക്ഷമാണ് ഏറെകാലമായി കൊളംബിയ ഭരിക്കുന്നത്. ഇവരുടെ ഭരണം വലിയ പ്രതിസന്ധിയിലേക്ക് രാജ്യത്തെ എത്തിച്ചു എന്ന വികാരമാണ് ജനങ്ങള്‍ക്കിടയില്‍. ഇതു തന്നെയാണ് ഇടതുപക്ഷത്തിന് അധികാരത്തിലേക്ക് നയിച്ചിരിക്കുന്നത്.

ദീര്‍ഘനാളായി സായുധ പോരാട്ടപാതയിലായിരുന്നു രാജ്യത്തെ ഇടതുപക്ഷം.ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമാണിത്. വിമത സംഘത്തോടൊപ്പം ചേര്‍ന്ന് ഒളിപ്പോര് നടത്തിയ പെട്രോ സൈന്യത്തിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലായിരുന്നു. പിന്നീട് പൊതുമാപ്പ് നല്‍കുകയും കീഴടങ്ങുകയും ചെയ്തു. ശേഷം ജയില്‍വാസം അനുഷ്ടിച്ചു. പ്രസിഡന്റായ ശേഷം നടത്തിയ പ്രസംഗത്തില്‍, എല്ലാവരും ഒരുമിച്ച് നിന്ന് രാജ്യത്തിന്റെ പ്രതിസന്ധി തരണം ചെയ്യണമെന്ന് പെട്രോ പറഞ്ഞു. തന്റെ വിമര്‍ശകരെയും കൊട്ടാരത്തിലേക്ക് ക്ഷണിക്കുന്നു. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരം കാണുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it