Sub Lead

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നു; ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ കുറ്റസമ്മതം

രാജ്യത്തെ തൊഴിലില്ലായ്മയെ വലിയ ഗൗരവത്തോടെയാണ് കാണുന്നത്. തൊഴിലില്ലായ്മ കുറയ്ക്കുന്നതിന് സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നു;  ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ കുറ്റസമ്മതം
X

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നതായി രാജ്യസഭയില്‍ സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യസഭയില്‍ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ആസൂത്രണ സ്റ്റാറ്റിസ്റ്റിക്‌സ് സഹമന്ത്രി റാവു ഇന്ദ്രജിത്ത് സിങ് ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍വേ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ട മെയ് 30ന് മുമ്പുതന്നെ വിവരങ്ങള്‍ ചോര്‍ന്നു. ഇതിനു പിന്നില്‍ ചില പ്രത്യേക അജണ്ട ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നും ഗൗരവമായാണ് ഇതിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

അഞ്ചു വര്‍ഷം കൂടുമ്പോഴാണ് തൊഴില്‍ നിരക്കും തൊഴിലില്ലായ്മ നിരക്കും സംബന്ധിച്ച് സര്‍വേ നടക്കാറുള്ളത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഓരോ വര്‍ഷവും ഇതു സംബന്ധിച്ച് സര്‍വേ നടത്തിയിരുന്നു. മുന്‍ കാലത്തേതില്‍നിന്ന് വിഭിന്നമായി സര്‍വേ നടത്തുന്ന രീതിയിലും സാങ്കേതികതയിലും ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. അതുകൊണ്ടാണ് മുന്‍ സര്‍വേകളില്‍നിന്ന് ചില വ്യത്യാസങ്ങള്‍ ഇത്തവണത്തെ സര്‍വേയില്‍ ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ തൊഴിലില്ലായ്മയെ വലിയ ഗൗരവത്തോടെയാണ് കാണുന്നത്. തൊഴിലില്ലായ്മ കുറയ്ക്കുന്നതിന് സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടിക്കല്‍ പദ്ധതി പ്രകാരം മാത്രം 2018 നവംബര്‍ വരെ 14.4 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ദീന്‍ദയാല്‍ ഗ്രാമീണ്‍ കൗശല്‍ യോജന പ്രകാരം 4.73 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചതായും മന്ത്രി റാവു ഇന്ദ്രജിത്ത് സിങ് രാജ്യസഭയില്‍ പറഞ്ഞു.

അതേസമയം, രാജ്യത്ത് തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് വ്യക്തമാക്കുന്ന ദേശീയ സാമ്പിള്‍ സര്‍വേ ഓഫിസിന്റെ പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. 2017-18 വര്‍ഷത്തില്‍ 6.1% ആയി തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നെന്നാണ് റിപോര്‍ട്ടില്‍ പറഞ്ഞത്.

2016ല്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചശേഷം തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യ സര്‍വേയാണിത്. 2017 ജൂലൈയ്ക്കും 2018 ജൂണിനും ഇടയിലാണ് ഈ സര്‍വേയ്ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഗ്രാമീണ മേഖലയില്‍ 15നും 29നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ തൊഴിലില്ലായ്മ 201112 വര്‍ഷത്തെ അപേക്ഷിച്ച് 5% വര്‍ധിച്ച് 17.4% ആയി ഉയര്‍ന്നു. ഗ്രാമീണ മേഖലയില്‍ സ്ത്രീകളുടെ കാര്യത്തില്‍ 4.8% വര്‍ധിച്ച് 13.6% ആയി ഉയര്‍ന്നെന്നും സര്‍വേയില്‍ പറയുന്നു.ഗ്രാമീണ മേഖലയിലേതിനേക്കാള്‍ കൂടുതലാണ് നഗരങ്ങളിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ. ഇത് പുരുഷന്മാരില്‍ 18.7% ഉം സ്ത്രീകളില്‍ 27.2% ആയി ഉയര്‍ന്നിട്ടുണ്ടെന്നും സര്‍വേയില്‍ പറയുന്നു.

Next Story

RELATED STORIES

Share it