Sub Lead

പി ജയരാജന്‍ വധശ്രമക്കേസ്; ആര്‍എസ്എസ്സുകാരായ എട്ട് പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു

രണ്ടാം പ്രതി ചിരികണ്ടോത്ത് പ്രശാന്ത് കുറ്റക്കാരന്‍

പി ജയരാജന്‍ വധശ്രമക്കേസ്; ആര്‍എസ്എസ്സുകാരായ എട്ട് പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു
X

കൊച്ചി: സിപിഎം നേതാവ് പി ജയരാജനെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ഒരാളൊഴികെ മുഴുവന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെയും ഹൈക്കോടതി വെറുതെവിട്ടു. രണ്ടാം പ്രതി ചിരികണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി, എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂബ്, ജയപ്രകാശന്‍, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് ജസ്റ്റിസ് പി സോമരാജന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ച് വെറുതെ വിട്ടത്. പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ടാം പ്രതി പ്രശാന്തിന് കീഴടങ്ങാന്‍ രണ്ട് മാസത്തെ സമയം അനുവദിച്ചു. സാക്ഷികള്‍ ആയുധം കൃത്യമായി തിരിച്ചറിഞ്ഞില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

1999ല്‍ തിരുവോണ നാളിലാണ് സിപിഎം നേതാവായിരുന്ന പി ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബോംബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ശരീരമാസകലം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ജയരാജന്‍ കൊല്ലപ്പെട്ടെന്നു കരുതിയാണ് സംഘം മടങ്ങിയത്. ആദ്യം ജനറല്‍ തലശ്ശേരി ആശുപത്രിയിലും തുടര്‍ന്ന് കൊച്ചിയിലെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും മാസങ്ങളോളം ചികില്‍സയിലായിരുന്നു. ആര്‍എസ്എസിന്റെ അന്നത്തെ കണ്ണൂര്‍ ജില്ലാ, താലൂക്ക് കാര്യവാഹക് ഉള്‍പ്പെടെയുള്ളവരായിരുന്നു പ്രതികള്‍. കേസില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തേ ആറു പ്രതികളെ 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ടാം പ്രതി പ്രശാന്തിനെതിരേ വിചാരണക്കോടതി ചുമത്തിയ ചില കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. വധശ്രമത്തിനടക്കം പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിലെ മുഖ്യ സാക്ഷികളായ പി ജയരാജന്റെ ഭാര്യ, സഹോദരി, അയല്‍വാസികള്‍ എന്നിവരുടെ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നും ജസ്റ്റിസ് പി സോമരാജന്‍ നിരീക്ഷിച്ചു.

Next Story

RELATED STORIES

Share it