Sub Lead

കേരളത്തില്‍ വന്ന് നീതിബോധം പഠിപ്പിക്കേണ്ട; അമിത് ഷായ്‌ക്കെതിരേ ആഞ്ഞടിച്ച് പിണറായി

കേരളത്തില്‍ വന്ന് നീതിബോധം പഠിപ്പിക്കേണ്ട;   അമിത് ഷായ്‌ക്കെതിരേ ആഞ്ഞടിച്ച് പിണറായി
X

കണ്ണൂര്‍: കേന്ദ്രമന്ത്രി അമിത് ഷായുടെ ആരോപണങ്ങള്‍ക്ക് അതേ ഭാഷയില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വന്ന് നീതിബോധം പഠിപ്പിക്കാന്‍ അമിത് ഷാ നില്‍ക്കേണ്ടെന്നും ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചല്ല സംസാരവും പ്രവര്‍ത്തിയും എങ്കില്‍ തങ്ങള്‍ക്കും പറയേണ്ടി വരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ജന്‍മനാട്ടില്‍ നല്‍കിയ സ്വീകരണത്തിലാണ് അമിത് ഷായ്‌ക്കെതിരായ കേസുകളും മറ്റും ഏര്‍മിപ്പിച്ച് പിണറായി വിജയന്റെ പ്രസംഗം. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ എന്ന് രാജ്യത്തുള്ളവര്‍ക്ക് അറിയാത്തതല്ല. 2002ല്‍ ഗുജറാത്തില്‍ നടന്നത് വര്‍ഗീയ കലാപമല്ല, വംശഹത്യയാണ്. 2002 കാലത്തെ സ്വഭാവത്തില്‍ നിന്നും അമിത് ഷാ മാറിയിട്ടില്ലെന്നാണ് ഇന്നലത്തെ പ്രസംഗത്തില്‍ മനസ്സിലായത്. മതസൗഹാര്‍ദത്തിന് കേളി കേട്ട നാട്ടില്‍ വന്നാണ് അമിത് ഷാ ഉറഞ്ഞു തുള്ളുന്നത്. ഇവിടെയാകെ അഴിമതി ആണെന്ന് പറയുന്നു. സ്ഥാനത്തുള്ളവര്‍ സംസാരിക്കേണ്ട തരത്തിലല്ല അമിത് ഷാ സംസാരിക്കുന്നത്. മുസ് ലിം എന്ന വാക്ക് ഉച്ചരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കനക്കുന്നു. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തില്‍ വന്ന് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.


തട്ടിക്കൊണ്ടു പോവലിന് ജയിലില്‍ കിടന്നത് ആരാണെന്ന് അമിത് ഷാ സ്വയം ആലോചിക്കണം. സംശയാസ്പദമരണം ഏതെന്ന് അമിത് ഷാ തന്നെ പറയട്ടെ. പറഞ്ഞാല്‍ അന്വേഷിക്കും. പക്ഷേ പുകമറ സൃഷ്ടിക്കാന്‍ നോക്കരുത്. അക്രമങ്ങളുണ്ടാവുമ്പോള്‍ സംരക്ഷിക്കപ്പെടേണ്ടവര്‍ എന്ന വിഭാഗം കേരളത്തിലില്ല. 2010ലെ സുഹ്‌റബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ചാര്‍ജ് ചെയ്യപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നാണ്. അത് ഓര്‍മയുണ്ടാവണം. ആ കേസ് പരിഗണിക്കേണ്ട ജഡ്ജി 2014ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. അതേക്കുറിച്ച് എന്താണ് മിണ്ടാട്ടം ഇല്ലാത്തത്.


ഒറ്റവര്‍ഷം കൊണ്ട് 16000 ഇരട്ടി വരുമാനമാനം ഉണ്ടാക്കി അച്ഛാദിന്‍ കൊണ്ടുവന്നത് ഓര്‍മയില്ലേ. അതല്ല പിണറായി വിജയന്‍ എന്ന് ഈ നാടിന് അറിയാം. ആടിനെ പ്ലാവില കാട്ടികൊണ്ടു പോവും പോലെയാണ് ബിജെപി കോണ്‍ഗ്രസിനെ കൊണ്ടുപോവുന്നത്. സ്വര്‍ണക്കടത്തില്‍ ചില ചോദ്യങ്ങള്‍ ബിജെപിയോടുണ്ട്. കടത്ത് തടയാന്‍ കസ്റ്റംസ് എന്ത് ചെയ്തു. തിരുവനന്തപുരം എയര്‍പോര്‍ട്ട് കേന്ദ്രത്തിന് കീഴിലല്ലേ. ഇത് സ്വര്‍ണക്കടത്തിന്റെ ഹബ് ആയി മാറിയത് എങ്ങനെയെന്ന് അമിത് ഷാ മറുപടി പറയണം. കടത്ത് നിയന്ത്രിക്കുന്നതിന് നേതൃപരമായ പങ്ക് ഒരു കേന്ദ്ര സഹമന്ത്രിക്ക് ഉണ്ടെന്നുള്ളത് അമിത് ഷായ്ക്ക് അറിയാഞ്ഞിട്ടാണോ. എന്നാല്‍, നാടിന് അതറിയാം. അമിത് ഷായ്ക്കും കുട്ടര്‍ക്കും വേണ്ടപ്പെട്ടവരിലേക്ക് എത്തിയപ്പോഴല്ലേ അന്വേഷണം തെറ്റായ നിലയിലേക്ക് പോയത്. മന്ത്രി പോലും പെട്ടേക്കാം എന്ന് വന്നപ്പോഴല്ലേ അന്വേഷണം തന്നെ ആവിയായത്. സ്വര്‍ണം എത്തിച്ചയാളെ എട്ട് മാസമായി ചോദ്യം ചെയ്‌തോ. എന്താണ് താല്‍പര്യക്കുറവിന് കാരണം. കേരളത്തില്‍ സ്വര്‍ണം വാങ്ങിയവരിലേക്ക് അന്വേഷണം എത്താത്തത് എന്തുകൊണ്ടാണ്. അവര്‍ക്ക് സംഘപരിവാര്‍ ബന്ധം ഉള്ളത് കൊണ്ടല്ലേ ഇത്. പ്രതിയെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന ശബ്ദരേഖ വന്നത് അമിത് ഷായ്ക്ക് ഓര്‍മയില്ലേ. പ്രതി തന്റെ ശബ്ദം തന്നെയെന്ന് വ്യക്തമാക്കിയില്ലേ. അന്വേഷണം സംസ്ഥാനത്തിന്റെ നേര്‍ക്ക് അഴിച്ചുവിട്ട് കോണ്‍ഗ്രസിനെ കൂട്ടുപിടിക്കുന്നു. അന്വേഷണ ഏജന്‍സി നേരും നെറിയോടെയും പെരുമാറണം. വിരട്ടലൊന്നും നടക്കില്ല ഇത് കേരളമാണ്. തങ്ങളുടെ വഴി തടയാന്‍ ഒരു ശക്തിക്കും ആകില്ല. ജനം ഒപ്പമുണ്ട്. രാഷ്ട്രീയ പോരാട്ടത്തില്‍ നേരും നെറിയും വിട്ട് പ്രവര്‍ത്തിക്കുന്നവരാണ് നമ്മുടെ എതിരാളികള്‍. അതുകൊണ്ടൊന്നും നമ്മള്‍ വിറങ്ങലിച്ച് പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.




Next Story

RELATED STORIES

Share it