Sub Lead

14 കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സിപിഎം നേതാവിനേയും കൂട്ടരേയും പോലിസ് സംരക്ഷിക്കുന്നു

സിപിഎം നേതാവിനെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലിസ് നടത്തുന്നതെന്ന് ജനകീയ സമിതി കുറ്റപ്പെടുത്തി. പെണ്‍കുട്ടി മൊഴി നല്‍കിയിട്ടും പോക്‌സോ ചുമത്താന്‍ പോലിസ് ആദ്യം തയ്യാറായിരുന്നില്ല.

14 കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സിപിഎം നേതാവിനേയും കൂട്ടരേയും പോലിസ് സംരക്ഷിക്കുന്നു
X

വടുതല (ആലപ്പുഴ): 14 കാരിയെ തട്ടിക്കൊണ്ട് പോയി സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാവിനേയും കൂട്ടരേയും പോലിസ് സംരക്ഷിക്കുന്നതായി ആക്ഷേപം. പ്രതികള്‍ക്കെതിരേ പോക്‌സോ ചുമത്തി അന്വേഷണം ആരംഭിച്ചിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. സിപിഎം പ്രാദേശിക നേതാവും പാര്‍ട്ടി പത്രത്തിന്റെ ഏജന്റുമായ അരൂക്കുറ്റി ആയിരത്തെട്ട് സ്വദേശി ശശിയുടെ നേതൃത്വത്തില്‍ നാസര്‍ കോയ, സാദത്ത്, റാഫി എന്നിവരാണ് തട്ടിക്കൊണ്ട് പോയതെന്ന് പെണ്‍കുട്ടി പോലിസിനും ചൈല്‍ഡ് ലൈനിനും മൊഴി നല്‍കിയിരുന്നു. നാസര്‍ കോയയുടെ ഇന്നോവ കാറിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍, സംഭവത്തിന് ശേഷം പ്രതികള്‍ പ്രദേശത്ത് ഉണ്ടായിരുന്നിട്ടും പോലിസ് പിടികൂടാന്‍ തയ്യാറായിട്ടില്ല. പത്ര ഏജന്റായ ശശി രണ്ട് ദിവസം മുമ്പ് വരെ പത്ര വിതരണം ചെയ്തിരുന്നു. പ്രതികളെ സംരക്ഷിക്കുന്ന പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ച് സമരം ആരംഭിച്ചിരിക്കുകയാണ്. സിപിഎം നേതാവിനെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലിസ് നടത്തുന്നതെന്ന് ജനകീയ സമിതി കുറ്റപ്പെടുത്തി. പെണ്‍കുട്ടി മൊഴി നല്‍കിയിട്ടും പോക്‌സോ ചുമത്താന്‍ പോലിസ് ആദ്യം തയ്യാറായിരുന്നില്ല.

നാട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികള്‍ക്കെതിരേ പോക്‌സോ ചുമത്താന്‍ തയ്യാറായത്. ശനിയാഴ്ച്ചയാണ് ചൈല്‍ഡ് ലൈന്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്.

തിങ്കളാഴ്ച കുട്ടിയെ നേരിട്ട് ഹാജരാക്കി വീണ്ടും മൊഴിയെടുത്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച തന്നെ അറസ്റ്റ് ഉണ്ടാകുമെന്ന് വാര്‍ത്ത പരന്നിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ കോട്ടൂര്‍കടവ് പ്രദേശത്ത് തടിച്ചു കൂടി. രാത്രി 8.45ന് പോലിസ് എത്തിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പോലിസിനെ ഉപരോധിച്ചിരുന്നു. ശശിയും സംഘവും നടത്തുന്ന ലക്ഷ്യം ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫിസ് പ്രതിഷേധക്കാര്‍ അടിച്ചുപൊളിച്ചു. പ്രതിഷേധം ശക്തമായിട്ടും ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ സിപിഎം നേതാവിനെ സംരക്ഷിക്കുന്ന നടപടി തുടരുകയാണെന്ന് ജനകീയ സമിതി കുറ്റപ്പെടുത്തി.


പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ ബന്ധു റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ രാത്രി 11.30ന് ഡി.വൈ.എസ്.പി നാട്ടുകാരുമായി ചര്‍ച്ച നടത്തി. പ്രതികളെ പിറ്റേന്ന് രാവിലെ എ.എസ്.പിയുടെ ഓഫിസില്‍ ഹാജരാക്കും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ പിരിഞ്ഞുപോയി. എന്നാല്‍ പിറ്റേന്നും പ്രതികളെ പിടികൂടാന്‍ പോലിസ് തയ്യാറായില്ല. അതിനിടെ, ബുധനാഴ്ച പെണ്‍കുട്ടിയെ ചേര്‍ത്തല മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി മൊഴിയെടുത്തു. പ്രതികളെ എ.എസ്.പിയുടെ നേതൃത്വത്തില്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റുണ്ടായില്ല. ഭരണ സ്വാധീനമാണ് അറസ്റ്റ് വൈകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടാക്കുന്ന രാഷ്ടീയ, പോലിസ് ഉദ്യോഗസ്ഥ കൂട്ട്‌കെട്ടിനെതിരേ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ജനകീയ സമിതി. വടുതല ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടന്ന യോഗത്തില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്തു. യോഗത്തില്‍ കെ പി കബീര്‍(ചെയര്‍മാന്‍), തൗഫീഖ് (ജനറല്‍ കണ്‍വീനര്‍), അഷ്‌റഫ് വെള്ളേഴ്ത്ത് (കോണ്‍ഗ്രസ്സ്), ഉണ്ണികൃഷ്ണന്‍ (ബിജെപി), മക്കാര്‍ മൗലവി (മുസ്‌ലിം ലീഗ്), മുഹമ്മദാലി ജിന്ന (എസ്ഡിപിഐ), എന്‍ എ സക്കരിയ (വെല്‍ഫയര്‍ പാര്‍ട്ടി), എം.എസ് നിധീഷ് ബാബു, ആസിഫ്, ധനേഷ് ആയിരത്തെട്ട്, ഇ.കെ കുഞ്ഞപ്പന്‍, നൗഫല്‍ മുളയ്ക്കല്‍, സി എസ് സത്താര്‍, എ പി തുഫൈന്‍, അബ്ദുല്‍ ഷുക്കൂര്‍, വിവേക് എന്നിവര്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it