Sub Lead

മുസ്‌ലിംകള്‍ക്കെതിരായ വിവാദ പരാമര്‍ശം: ശബ്ദം തന്റേതല്ലെന്ന് പി സി ജോര്‍ജ്, ഡിജിപിക്ക് പരാതി നല്‍കി

ഏഴു മിനുറ്റോളം നീളുന്ന ശബ്ദരേഖയിലേത് തന്റെ ശബ്ദമല്ലെന്നാണ് പി സി ജോര്‍ജിന്റെ വാദം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അദ്ദേഹം പരാതി നല്‍കി.

മുസ്‌ലിംകള്‍ക്കെതിരായ വിവാദ പരാമര്‍ശം: ശബ്ദം തന്റേതല്ലെന്ന് പി സി ജോര്‍ജ്, ഡിജിപിക്ക് പരാതി നല്‍കി
X

കോട്ടയം: മുസ്‌ലിംങ്ങളെ കടുത്ത ഭാഷയില്‍ അധിക്ഷേപിക്കുന്ന സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ശബ്ദരേഖക്കെതിരേ പിസി ജോര്‍ജ് എംഎല്‍എ. ഏഴു മിനുറ്റോളം നീളുന്ന ശബ്ദരേഖയിലേത് തന്റെ ശബ്ദമല്ലെന്നാണ് പി സി ജോര്‍ജിന്റെ വാദം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അദ്ദേഹം പരാതി നല്‍കി.

സെബാസ്റ്റ്യന്‍ എന്നു പരിചയപ്പെടുത്തിയ വ്യക്തിയുമായുള്ള ഫോണ്‍ സംഭാഷണമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. അത്തരത്തില്‍ ഒരു ഫോണ്‍ വന്നതായി പി സി ജോര്‍ജ് സമ്മതിക്കുന്നുണ്ടെങ്കിലും അവസാന ഭാഗത്തിലുള്ളത് കൂട്ടിച്ചേര്‍ത്തതാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

ശബ്ദരേഖയിലെ മൂന്നു മിനുറ്റോളം ഭാഗം തന്റേതാണ്. അതിന് ശേഷമുള്ള ശബ്ദത്തെ സംബന്ധിച്ച് അറിയില്ല. ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഡിജിപിക്ക് നല്‍കിയ പരാതിയിലുള്ളത്. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും പി സി ജോര്‍ജ് ആരോപിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് സോഷ്യല്‍ മീഡിയയില്‍ പിസി ജോര്‍ജിന്റേതെന്ന പേരില്‍ ശബ്ദരേഖ പ്രചരിച്ചത്.

രാഷ്ട്രീയവുമായി ബന്ധപ്പെട്ട സംഭാഷണത്തില്‍ തുടങ്ങി പി സിയുടെ ബിജെപി പ്രവേശവും ചര്‍ച്ച ചെയ്ത ശേഷം മോദി പ്രധാനമന്ത്രിയാകില്ലെന്നും ചന്ദ്രബാബു നായിഡുവിനാണ് സാധ്യതയെന്നും വിളിച്ച വ്യക്തി പറയുന്നു. അതിനു പിന്നാലെയാണ് പി സി മുസ്‌ലിംകള്‍ക്കെതിരേ കടുത്ത അധിക്ഷേപം നടത്തിയത്.

ശ്രീലങ്കയിലെ ആക്രമണം വരെ അതില്‍ പ്രതിപാദിക്കുന്നു. ശബ്ദരേഖയുടെ അവസാന ഭാഗത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടെന്നാണ് പിസി ജോര്‍ജിന്റെ ആരോപണം. ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഓഡിയോ പ്രചരിച്ചതോടെ പി സി ജോര്‍ജിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടക്കുകയും കല്ലേറുണ്ടാകുകയും ചെയ്തു.

Next Story

RELATED STORIES

Share it