Latest News

പരീക്ഷ ഒഴിവാക്കാന്‍ സ്വന്തം സ്‌കൂളിന് നേരെ ബോംബ് ഭീഷണി

പരീക്ഷ ഒഴിവാക്കാന്‍ സ്വന്തം സ്‌കൂളിന് നേരെ ബോംബ് ഭീഷണി
X

വഡോദര: പരീക്ഷ ഒഴിവാക്കാനായി സ്വന്തം സ്‌കൂളിന് നേരെ ബോംബ് ഭീഷണി സന്ദേശമയച്ച് പത്താം ക്ലാസ് വിദ്യാര്‍ഥി. ഗുജറാത്തിലെ വഡോദരയിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം.

സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായ സന്തോഷ് കുമാര്‍ തിവാരിയുടെ വാട്‌സ്ആപ്പ് നമ്പറിലേക്കാണ് പുലര്‍ച്ചെ +1 കണ്‍ട്രി കോഡുള്ള അന്താരാഷ്ട്ര നമ്പറില്‍ നിന്ന് ഭീഷണി സന്ദേശം എത്തിയത്. 'നിങ്ങളുടെ സ്‌കൂള്‍ നാളെ പൂര്‍ണമായും തകര്‍ക്കപ്പെടും' എന്നര്‍ഥം വരുന്ന സന്ദേശമായിരുന്നു.

രാവിലെ സന്ദേശം ശ്രദ്ധയില്‍പ്പെട്ട അധ്യാപകന്‍ ഉടന്‍ തന്നെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും പ്രാദേശിക അധികൃതരെയും വിവരം അറിയിച്ചു. തുടര്‍ന്ന് സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന മകര്‍പുര എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ പ്രദേശം പോലിസ്, ബോംബ് സ്‌ക്വാഡ് എന്നിവ ചേര്‍ന്ന് വ്യാപക പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും സ്‌കൂള്‍ ജീവനക്കാരിലും വലിയ ആശങ്ക ഉയര്‍ന്നിരുന്നു. എന്നിരുന്നാലും പരീക്ഷകള്‍ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ നടന്നു.

തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണത്തിലാണ് പരീക്ഷയുടെ സമ്മര്‍ദ്ദം ഒഴിവാക്കാനായി പത്താം ക്ലാസ് വിദ്യാര്‍ഥി വെര്‍ച്വല്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചതാണെന്ന് കണ്ടെത്തിയത്. ഭീഷണിയെ തുടര്‍ന്ന് സ്‌കൂള്‍ അടയ്ക്കുകയും പരീക്ഷ റദ്ദാക്കുകയും ചെയ്യും എന്നാണ് വിദ്യാര്‍ഥി കരുതിയിരുന്നതെന്ന് പോലിസ് വ്യക്തമാക്കി. സംഭവത്തില്‍ വിദ്യാര്‍ഥിക്കെതിരേ ജുവനൈല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Next Story

RELATED STORIES

Share it