Sub Lead

പൗരത്വ ഭേദഗതി ബില്‍ വിവേചനം അടിച്ചേല്‍പ്പിക്കുന്നത്: വെല്‍ഫെയര്‍ പാര്‍ട്ടി

ആര്‍എസ്എസ് വിഭാവന ചെയ്യുന്ന സവര്‍ണാധിപത്യത്തിലധിഷ്ഠിതമായ സംഘ് രാഷ്ട്രം എന്ന അജണ്ട നടപ്പാക്കാനുള്ള വഴിയായാണ് ബിജെപി സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവരുന്നത്

പൗരത്വ ഭേദഗതി ബില്‍ വിവേചനം അടിച്ചേല്‍പ്പിക്കുന്നത്: വെല്‍ഫെയര്‍ പാര്‍ട്ടി
X

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 16 എന്നിവയെ ലംഘിക്കുന്നതും രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതും വിവേചനം അടിച്ചേല്‍പ്പിക്കുന്നതുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ് ക്യൂ ആര്‍ ഇല്യാസ് ആരോപിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത സര്‍ക്കാര്‍ നിഷേധിക്കുകയാണ്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഡിസംബര്‍ 31ന് മുമ്പോ അതിനുമുമ്പോ ഇന്ത്യയില്‍ കുടിയേറിയ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധര്‍, ജൈനര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയും മുസ് ലിം ജനവിഭാഗത്തിന് മാത്രം നിഷേധിക്കുകയും ചെയ്യുന്നതിലൂടെ വംശീയ വിരോധമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് വ്യക്തമാവുകയാണ്. യഥാര്‍ഥത്തില്‍ മുസ് ലിംകളുടെ മാത്രം പൗരത്വാവകാശത്തെ തടയാനുള്ള ഈ നീക്കം രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് കടക വിരുദ്ധമാണ്.

സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയത്തെയാണ് ബിജെപി സര്‍ക്കാര്‍ ഈ ബില്ലിലൂടെ ചോദ്യം ചെയ്യുന്നത്. ആര്‍എസ്എസ് വിഭാവന ചെയ്യുന്ന സവര്‍ണാധിപത്യത്തിലധിഷ്ഠിതമായ സംഘ് രാഷ്ട്രം എന്ന അജണ്ട നടപ്പാക്കാനുള്ള വഴിയായാണ് ബിജെപി സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവരുന്നത്. വോട്ട് ബാങ്ക് സൃഷ്ടിക്കുന്നതിനുള്ള രാഷ്ട്രീയ ശ്രമം മാത്രമാണ് ഈ ബില്ലിന് പിന്നിലെ താല്‍പര്യം. മാനുഷികമോ രാഷ്ട്രതന്ത്രപരമോ ആയ ഒരു കാരണവും ബില്ലില്‍ ഇല്ല. അതുകൊണ്ടാണ് മറ്റ് അയല്‍ രാജ്യങ്ങളായ മ്യാന്‍മര്‍, തിബറ്റ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ അവഗണിച്ചത്.

സമസ്ത മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരാണിത്. രാജ്യത്തെ പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കുന്നതിലടക്കം സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതിനെതിരായ ജനരോഷത്തെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥിരമായി ഹിന്ദു-മുസ് ലിം ദ്വന്തം സൃഷ്ടിക്കുകയാണ്. ഈ വിഭാഗീയ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരണം. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും രാഷ്ട്രീയ സാമൂഹികപ്രസ്ഥാനങ്ങളും കൈകോര്‍ത്ത് പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിരോധം സൃഷ്ടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.




Next Story

RELATED STORIES

Share it