Sub Lead

പൗരത്വ നിയമ ഭേദഗതി: മുഖ്യമന്ത്രിയുടെ താല്‍പ്പര്യം ദുരൂഹം- എസ്ഡിപിഐ

പ്രക്ഷോഭങ്ങള്‍ സംബന്ധിച്ച കൂടിയാലോചനകളില്‍ നിയമ ഭേദഗതിയെ അനുകൂലിക്കുകയോ മൗനാനുവാദം നല്‍കുകയോ ചെയ്യുന്ന സംഘടനകളെയും പ്രസ്ഥാനങ്ങളെയും വിളിച്ചു കൂട്ടുമ്പോള്‍ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുള്ള പ്രസ്ഥാനങ്ങളെ മാറ്റി നിര്‍ത്തുന്നതിന്റെ പിന്നിലെ താല്‍പ്പര്യം സംശയകരമാണ്.

പൗരത്വ നിയമ ഭേദഗതി: മുഖ്യമന്ത്രിയുടെ താല്‍പ്പര്യം ദുരൂഹം- എസ്ഡിപിഐ
X

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേയെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പ്രഹസന നാടകങ്ങള്‍ ദുരൂഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പിഅബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രക്ഷോഭങ്ങള്‍ സംബന്ധിച്ച കൂടിയാലോചനകളില്‍ നിയമ ഭേദഗതിയെ അനുകൂലിക്കുകയോ മൗനാനുവാദം നല്‍കുകയോ ചെയ്യുന്ന സംഘടനകളെയും പ്രസ്ഥാനങ്ങളെയും വിളിച്ചു കൂട്ടുമ്പോള്‍ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുള്ള പ്രസ്ഥാനങ്ങളെ മാറ്റി നിര്‍ത്തുന്നതിന്റെ പിന്നിലെ താല്‍പ്പര്യം സംശയകരമാണ്. സര്‍വകക്ഷി യോഗങ്ങളില്‍ എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും വരെ വിളിച്ചു വരുത്തി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മുഖ്യമന്ത്രി ഇരകളാക്കപ്പെടുന്നവരുടെ സംഘടിത പ്രതിഷേധങ്ങളെ തീവ്രവാദ മുദ്രചാര്‍ത്തി അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. ഇത് സംഘപരിവാരത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്നു സംശയിക്കുന്നു. സര്‍വകക്ഷി യോഗത്തിലൂടെ ഭരണഘടനാ വിരുദ്ധമായ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിക്കുന്നതിന് ബിജെപിക്ക് വേദിയൊരുക്കുകയായിരുന്നു മുഖ്യമന്ത്രി.

ഫാഷിസ്റ്റുകളെയും ഇരകളെയും സമീകരിച്ച് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ വിള്ളലുകള്‍ വീഴ്ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സംഘപരിവാരത്തിനെതിരായ വിഭാഗീയതകള്‍ മറന്ന് പൊതുസമൂഹം യോജിച്ച് രംഗത്തിറങ്ങിയപ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്താനാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗങ്ങളെ പോലും ഉപയോഗപ്പെടുത്തുന്നത്. നാളിതുവരെ നടത്തിയ പ്രക്ഷോഭങ്ങളില്‍ മുഖ്യമന്ത്രി ആരോപിക്കുന്നതുപോലെ പരിധിവിട്ടതോ സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിനു ഭംഗം വരുത്തുന്നതോ ആയ യാതൊരു പ്രവര്‍ത്തനവും എസ്ഡിപിഐ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലാ എന്നത് വസ്തുതയാണ്. എന്നാല്‍ ഈ പ്രസ്ഥാനങ്ങളെ അവമതിക്കാനും സംഘപരിവാരത്തിന്റെ പ്രചാരണം ഏറ്റുപിടിച്ച് സംസ്ഥാനത്ത് നടക്കുന്ന യോജിച്ച പ്രതിഷേധങ്ങളെ അപകീര്‍ത്തിപ്പെടുത്താനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമം പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്നതാണ് ജനകീയ ഹര്‍ത്താലിന്റെ വിജയത്തിലൂടെ നല്‍കുന്ന സന്ദേശം.

ജനകീയ പ്രക്ഷോഭങ്ങള്‍ സ്വയം നടത്താന്‍ പാടില്ലെന്നും അത് സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിക്കീഴില്‍ മാത്രമേ പാടുള്ളൂ എന്ന സിപിഎമ്മിന്റെ നിലപാട് ഫ്യൂഡല്‍ മനസ്ഥിതിയാണ്. ന്യായമായ പ്രതിഷേധങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കില്ല എന്നു പറയുമ്പോഴും തൃശൂരില്‍ പാട്ട് പാടി പ്രതിഷേധിക്കുന്ന സംഗമത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കവി റഫീഖ് അഹമ്മദിനെതിരെയും സംസ്ഥാന അവാര്‍ഡ് ജേതാവും ഗാന രചയിതാവുമായ ഹരി നാരായണനെതിരേയും പോലിസ് കേസെടുക്കുകയും പരിപാടി തടയുകയും ചെയ്തു. നിഷ്പക്ഷരായ സാംസ്‌കാരിക നായകര്‍ക്കെതിരേ പോലും പോലിസ് നടപടിയെടുക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവരുമായി വേദി പങ്കിട്ട് യോജിച്ച പ്രക്ഷോഭങ്ങള്‍ നടത്തുമ്പോള്‍ കേരളത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോയുടെ മുകളിലാവാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മജീദ് ഫൈസി കൂട്ടിച്ചേര്‍ത്തു. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ഉസ്മാനും പങ്കെടുത്തു.

Next Story

RELATED STORIES

Share it