Sub Lead

ആദിവാസികളുടെ ലൈഫ് മിഷൻ ഫണ്ട് തട്ടിയെടുത്ത കേസ്; പരാതിക്കാരെ പോലിസ് ഭീഷണിപ്പെടുത്തുന്നു

ഈ കേസ് നിലനിൽക്കില്ല, നിങ്ങളുടെ ഈ പരാതിക്കെതിരേ ഹൈക്കോടതിയിൽ കേസുണ്ട്. ഞാൻ അന്വേഷിച്ചു, നീ പറയുന്നത് കള്ളമാണെന്ന് മനസിലായി

ആദിവാസികളുടെ ലൈഫ് മിഷൻ ഫണ്ട് തട്ടിയെടുത്ത കേസ്; പരാതിക്കാരെ പോലിസ് ഭീഷണിപ്പെടുത്തുന്നു
X

അഗളി: ആദിവാസികളുടെ ഭവന നിര്‍മാണ ഫണ്ട് തട്ടിയെടുത്ത കേസിലെ പ്രതികളെ പോലിസ് സംരക്ഷിക്കുന്നു. അറസ്റ്റ് വൈകിപ്പിക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനും രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നതിന് പിന്നാലെയാണ് പോലിസ് ഭീഷണി. അഗളി ഭൂതിവഴിയൂരിലെ രാമകൃഷ്ണനെ മൊഴിയെടുക്കാൻ വിളിപ്പിച്ചാണ് കേസിൽ നിന്ന് പിന്തിരിയാൻ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

കേസ് അട്ടിമറിക്കുകയാണ് പോലിസ് ചെയ്യുന്നത്, അവരുടെ ഇടപെടലുകൾ അങ്ങിനെയാണ്. പ്രതികൾക്ക് വേണ്ടിയാണ് ഇപ്പോൾ പോലിസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. മൊഴിയെടുത്തെങ്കിലും വായിച്ചു കേൾപ്പിക്കാൻ പറഞ്ഞപ്പോൾ അതിന് സമ്മതിക്കുന്നില്ല. കേസ് നിലനിൽക്കില്ലെന്ന് പറഞ്ഞു പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും രാമകൃഷ്ണൻ തേജസ് ന്യൂസിനോട് പറഞ്ഞു.

പോലിസുകാരൻ രാമകൃഷ്ണനോട് പറഞ്ഞതിങ്ങനെ......

" ആരെങ്കിലും പറയുന്നത് കേട്ട് ആവശ്യമില്ലാത്ത പണിക്ക് നിൽക്കരുത്. എന്നോട് ചൂടാകുന്ന തരത്തിലാണ് എഎസ്പി ഓഫീസിലെ ഗോപകുമാർ എന്ന പോലിസുകാരൻ സംസാരിച്ചത്. ഈ കേസ് നിലനിൽക്കില്ല, നിങ്ങളുടെ ഈ പരാതിക്കെതിരേ ഹൈക്കോടതിയിൽ കേസുണ്ട്. ഞാൻ അന്വേഷിച്ചു, നീ പറയുന്നത് കള്ളമാണെന്ന് മനസിലായി. "

തട്ടിപ്പിനിരയായ ആദിവാസികളുടെ പരാതിയെ തുടർന്നാണ് പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുത്തത്. അട്ടപ്പാടി ഭൂതിവഴി ഊരിലെ കലാമണിയുടെ പരാതിയിൽ ജൂലൈ മാസം 31നാണ് കേസെടുത്തത്. എന്നാൽ കേസെടുത്ത് ഒരു മാസം കഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്താൻ പോലിസ് തയ്യാറായിട്ടില്ല. രണ്ടാം പ്രതിയായ സിപിഐ ജില്ലാ കമ്മറ്റി അംഗം പിഎം ബഷീറിന്റെയും മൂന്നാം പ്രതിയും അഗളി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറായ ജാക്കീറിൻറെ സിപിഎം ബന്ധവുമാണ് പോലിസിനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നതെന്നാണ് വിവരം.

പീഡനാരോപിതനായ പാലക്കാട് ജില്ലയിലെ സിപിഎം നേതാവാണ് പ്രതികളെ സംരക്ഷിക്കുന്നതെന്ന ആരോപണവും ശക്തമാണ്. അദ്ദേഹമാണ് ജില്ലയിൽ പോലിസ് സംവിധാനങ്ങളിൽ ഇടപെടാൻ പാർട്ടി നിയമിച്ചതെന്നും റിപോർട്ടുകൾ ഉണ്ട്. അതേസമയം കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പിഎം ബഷീർ കോടതിയെ സമീപിച്ചിരിക്കുകയാണ്. എഫ്‌ഐആർ റദ്ദ് ചെയ്യുന്നത് എതിർത്തുകൊണ്ടാണ് കോടതിയിൽ റിപോർട്ട് നൽകിയതെന്നാണ് സിഐ ഹിദായത്തുള്ള തേജസ് ന്യൂസിനോട് പറഞ്ഞത്.

Next Story

RELATED STORIES

Share it