Latest News

ശബരിമല സ്വര്‍ണക്കൊള്ള; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ സ്വര്‍ണവ്യാപരി ഗോവര്‍ധനും അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ സ്വര്‍ണവ്യാപരി ഗോവര്‍ധനും അറസ്റ്റില്‍
X

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക നടപടിയുമായി എസ്ഐടി. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയേയും ബെല്ലാരിയിലെ സ്വര്‍ണവ്യാപരി ഗോവര്‍ധനേയും എസ്ഐടി അറസ്റ്റ് ചെയ്തു. ഇരുവരുടെയും പങ്ക് തെളിഞ്ഞതോടെയാണ് അറസ്റ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം കൈമാറിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിനാണ്. ശില്‍പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയാണ്. കേസില്‍ പങ്കജ് ഭണ്ഡാരിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

സ്മാര്‍ട്ട് ക്രിയേഷനില്‍ എത്തിച്ച സ്വര്‍ണപ്പാളികളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറി എന്നാണ് പങ്കജ് ഭണ്ഡാരിയുടെ മൊഴി. ശബരിമലയിലെ സ്വര്‍ണമാണ് ഇതെന്ന ബോധ്യത്തോടെയാണ് ഗോവര്‍ധന്‍ സ്വര്‍ണം സൂക്ഷിച്ചതെന്ന തെളിവുകളും എസ്ഐടിക്ക് ലഭിക്കുകയായിരുന്നു. ഇതില്‍ കൂടുതല്‍ പേരുടെ പങ്ക് സംശയിച്ചാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നത്. വൈകിട്ട് 3.30ഓടെയാണ് ഇരുവരേയും ഈഞ്ചക്കലിലെ എസ്ഐടി ഓഫീസില്‍ എത്തിച്ചത്. പ്രതികളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

പങ്കജ് ഭണ്ഡാരി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒന്നിലധികം തവണ ഇടപെടല്‍ നടത്തി. അന്വേഷണം വഴിതിരിച്ചുവിടാന്‍ ഇയാള്‍ വൈരുദ്ധ്യമുള്ള മൊഴികള്‍ നല്‍കി. സ്മാര്‍ട്ട് ക്രിയേഷനില്‍ സ്വര്‍ണത്തിന്റെ അളവടക്കം രേഖപ്പെടുത്തിയ രേഖകള്‍ പങ്കജ് ഭണ്ഡാരി നശിപ്പിച്ചെന്നും എസ്ഐടി കണ്ടെത്തിയിരുന്നു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. ദേവസ്വം ബോര്‍ഡ് അംഗങ്ങളായിരുന്ന ശങ്കര്‍ദാസിനേയും, വിജയകുമാറിനേയും പ്രതി ചേര്‍ക്കാത്തത് എന്തെന്നാണ് കോടതിയുടെ ചോദ്യം. അന്വേഷണ സംഘത്തിന്റെ മെല്ലെപ്പോക്കിലും കോടതി സംശയം പ്രകടിപ്പിച്ചു. കേസിലെ പ്രതികളായ എന്‍ വാസു, മുരാരി ബാബു, കെ എസ് ബൈജു എന്നിവരുടെ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതി പരാമര്‍ശം.

ആദ്യമായാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിനെതിരേ ഹൈക്കോടതി വിമര്‍ശനം ഉന്നയിക്കുന്നത്. അന്വേഷണത്തില്‍ എസ്‌ഐടി ഗുരുതര ആലസ്യം കാണിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഡിസംബര്‍ അഞ്ചിന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. കൂട്ടായ തീരുമാനമാണ് ദേവസ്വം ബോര്‍ഡ് എടുക്കുക. എ പത്മകുമാറിനെപോലെ തന്നെ ബോര്‍ഡംഗങ്ങളായ ശങ്കര്‍ദാസിനും വിജയകുമാറിനും, കൂട്ടുത്തരവാദിത്തമുണ്ട് എന്തുകൊണ്ടാണ് ഇവരെ പ്രതിചേര്‍ക്കാത്തതെന്ന് മനസിലാകുന്നില്ല. അന്വേഷണത്തില്‍ വിവേചനം പാടില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടിക്ക് പുറമേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. ഇഡി അന്വേഷണത്തിന് കൊല്ലം വിജിലന്‍സ് കോടതി അനുമതി നല്‍കി. ഇഡി അന്വേഷണം ആവശ്യമില്ലെന്ന എസ്‌ഐടിയുടെ നിലപാട് തള്ളിയാണ് വിജിലന്‍സ് കോടതി ഇഡി അന്വേഷണത്തിന് ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇഡിക്ക് കൈമാറാനും കോടതി എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it