ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പലിനെതിരായ വധഭീഷണി; 10 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

പ്രിന്‍സിപ്പല്‍ ഫല്‍ഗുനന്റെ പരാതിയിലാണ് നടപടി. എബിവിപി അനുമതിയില്ലാതെ സ്ഥാപിച്ച കൊടിമരം എടുത്തുമാറ്റിയതിനു പിന്നാലയാണ് കോളജ് പ്രിന്‍സിപ്പലായ കെ ഫല്‍ഗുനനെ എബിവിപി പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഭീഷണിപ്പെടുത്തിയത്.

ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പലിനെതിരായ വധഭീഷണി; 10 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

തലശ്ശേരി: ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പലിന് നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പത്ത് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ ധര്‍മടം പോലിസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ ഫല്‍ഗുനന്റെ പരാതിയിലാണ് നടപടി. എബിവിപി അനുമതിയില്ലാതെ സ്ഥാപിച്ച കൊടിമരം എടുത്തുമാറ്റിയതിനു പിന്നാലയാണ് കോളജ് പ്രിന്‍സിപ്പലായ കെ ഫല്‍ഗുനനെ എബിവിപി പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഭീഷണിപ്പെടുത്തിയത്. മരണഭയമുണ്ടെന്നും പോലിസ് സംരക്ഷണം തേടിയതായും അദ്ദേഹം പറഞ്ഞു. കോളജില്‍ സ്ഥാപിച്ച എബിവിപിയുടെ കൊടിമരം ബുധനാഴ്ചയാണ് പ്രിന്‍സിപ്പല്‍ നീക്കിയത്.

പിറ്റേന്ന് പ്രകടനമായെത്തി എബിവിപി പ്രവര്‍ത്തകര്‍ കൊടിമരം വീണ്ടും സ്ഥാപിച്ചിരുന്നു. കൊടിമരം വീണ്ടും സ്ഥാപിച്ചത് തന്റെ അനുമതിയില്ലാതെയാണെന്നു പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

വിശാല്‍ അനുസ്മരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംസ്ഥാനസമിതിയംഗം വിശാഖ് പ്രേമന്‍, യൂനിറ്റ് അംഗങ്ങളായ വൈഷ്ണവ്, ജിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തില്‍ എബിവിപി കൊടിമരം സ്ഥാപിച്ചത്. ചടങ്ങിനുശേഷം കൊടിമരം മാറ്റാന്‍ പോലിസും പ്രിന്‍സിപ്പലും ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥികള്‍ വിസമ്മതിക്കുകയായിരുന്നു.തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള പ്രഫ. കെ.ഫല്‍ഗുനന്‍ നേരിട്ടെത്തി കൊടിമരം പിഴുതെടുത്ത് കോളേജിനു പുറത്തുണ്ടായിരുന്ന പോലിസിന് കൈമാറുകയായിരുന്നു.

പ്രിന്‍സിപ്പല്‍ കൊടിമരം പിഴുതു മാറ്റുന്നതും അതുമായി പുറത്തേക്കു പോവുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top