Latest News

കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സി സി മുകുന്ദന്‍

കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സി സി മുകുന്ദന്‍
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സി സി മുകുന്ദന്‍. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്. ഡല്‍ഹിയിലെ കേരള ഹൗസില്‍ ഇന്ന് രാവിലെ നടന്ന ചര്‍ച്ചയില്‍ സി സി മുകുന്ദന്‍ കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യപ്പെട്ടു. ചര്‍ച്ച ചെയ്ത് മാത്രമെ തീരുമാനം അറിയിക്കാന്‍ കഴിയൂ എന്നായിരുന്നു നേതാക്കളുടെ മറുപടി.

അതേസമയം സിപിഐയില്‍ നിന്ന് പുറത്താക്കപ്പെട്ട സി സി മുകുന്ദന് കോണ്‍ഗ്രസ് സീറ്റ് നല്‍കില്ലെന്ന് വ്യക്തമാക്കിയതിനുപിന്നാലെയാണ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ മുകുന്ദന്‍ തീരുമാനിച്ചത്. നാട്ടികയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അടക്കം സി സി മുകുന്ദനെതിരായ വികാരം നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി പിന്തുണ നല്‍കുമോ എന്ന കാര്യം അനിശ്ചിതത്വത്തില്‍ തുടരുകയാണ്.

നാട്ടികയില്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞതായി സി സി മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നുവെന്നും മുകുന്ദന്‍ പറഞ്ഞിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായാല്‍ പിന്തുണക്കുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ ഉറപ്പ് തനിക്ക് കിട്ടിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു മുകുന്ദന്റെ പ്രതികരണം. എന്നാല്‍ സിപിഐയുമായി ഇടഞ്ഞ സി സി മുകുന്ദനെ കോണ്‍ഗ്രസിന് വേണ്ട എന്നായിരുന്നു പ്രാദേശിക നേതാക്കളുടെ അഭിപ്രായം.

മറ്റ് പാര്‍ട്ടികളില്‍നിന്ന് പുറന്തള്ളുന്ന സ്‌ക്രാപ് എടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും മുകുന്ദനെ സ്ഥാനാര്‍ഥിയാക്കരുതെന്നും നാട്ടിക തിരിച്ചു പിടിക്കാന്‍ മുകുന്ദന്‍ വേണ്ട എന്നും ചില പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചിരുന്നു.

മുകുന്ദന്റെ മണ്ഡലമായ നാട്ടികയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്താനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. മുകുന്ദന്‍ സ്വതന്ത്രനായി തന്നെ മത്സരിക്കട്ടെയെന്നായിരുന്നു നേതാക്കളുടെ പൊതു അഭിപ്രായം. സുനില്‍ ലാലൂര്‍, സി കെ വിനോദ് എന്നിവരെയാണ് നാട്ടികയില്‍ സ്ഥാനാര്‍ത്ഥികളായി കോണ്‍ഗ്രസ് പരിഗണിക്കുന്നത്. കെപിസിസിയാണ് സ്വന്തം സ്ഥാനാര്‍ത്ഥികള്‍ എന്ന അഭിപ്രായം മുന്നോട്ടുവെച്ചത്. ഇക്കാര്യം കെപിസിസി ദേശീയ നേതൃത്വത്തെ അറിയിക്കും. അന്തിമ തീരുമാനം ദേശീയ നേതൃത്വമാണ് കൈക്കൊള്ളുക.

Next Story

RELATED STORIES

Share it