മഞ്ചേശ്വരം പിടിക്കാന്‍ ബിജെപി വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നു; പരാതിയുമായി യുഡിഎഫ്

ണ്ഡലത്തില്‍ 6,000ഓളം കള്ളവോട്ട് ചേര്‍ക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായി യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

മഞ്ചേശ്വരം പിടിക്കാന്‍ ബിജെപി വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നു; പരാതിയുമായി യുഡിഎഫ്

കാസര്‍കോട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ പ്രാദേശിക ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബിജെപി വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നതായി ആരോപണം. മണ്ഡലത്തില്‍ 6,000ഓളം കള്ളവോട്ട് ചേര്‍ക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായി യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതേ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കള്ളവോട്ട് ചേര്‍ക്കുന്നത് തടയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കും. നടപടിയുണ്ടായില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

വോര്‍ക്കാടി, മീഞ്ച, മഞ്ചേശ്വരം, പൈവളിഗെ ഭാഗങ്ങളിലാണ് വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നത്. കേരളത്തിന് പുറത്തുള്ള മംഗളൂരു, വിടഌ പുത്തൂര്‍ ഭാഗങ്ങളിലുള്ള ആളുകളെ ബന്ധുവീടുകളില്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി വോട്ടര്‍മാരാക്കാനാണ് ബിജെപിയുടെ ശ്രമം.

2017 ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ വോട്ടര്‍ ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ അവസരം നല്‍കിയിരുന്നു. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ വിവിധ പാര്‍ട്ടിക്കാരുടെ 8,003 അപേക്ഷകളാണ് ഈ സമയത്ത് ലഭിച്ചത്. ഇതില്‍ 6355 വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിക്കുകയും 1599 പേരുടെ അപേക്ഷകള്‍ തള്ളുകയും ചെയ്തിരുന്നു. 49 അപേക്ഷകള്‍ വിഎല്‍ഒമാരുടെ റിപോര്‍ട്ടിനായി കാത്തിരിക്കുകയാണ്. 79.40 ശതമാനം പേരെയാണ് അന്ന് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്. ഇതിനു ശേഷമാണ് ഇപ്പോള്‍ 6,000 ത്തോളം കള്ളവോട്ടുകള്‍ രഹസ്യമായി ചേര്‍ക്കാന്‍ ബിജെപി ശ്രമം നടത്തുന്നത്

കള്ളവോട്ട് ചേര്‍ക്കുന്നതിനായി വില്ലേജ്, താലൂക്ക് ഓഫിസുകള്‍ അഞ്ച് മണിക്കു ശേഷവും പ്രവര്‍ത്തിക്കുന്നതായി യുഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. കള്ളവോട്ട് ചേര്‍ക്കുന്ന കാര്യം എല്‍ഡിഎഫ് സര്‍ക്കാരും സിപിഎം നേതൃത്വവും അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുകയും ഒത്താശ ചെയ്ത് കൊടുക്കുകയും ചെയ്യുകയാണ്. ജില്ലാ കലക്ടര്‍ക്കു പോലും ഇത്തരത്തില്‍ വോട്ട് ചേര്‍ക്കുന്ന വിവരം അറിയാമെന്നും എന്നിട്ടും നടപടിയുണ്ടാകുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന ദിവസമായ ഏപ്രില്‍ മൂന്നു വരെ വിട്ടുപോയവര്‍ക്ക് വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഇത് മറയാക്കിയാണ് ബിജെപി കള്ളവോട്ട് ചേര്‍ക്കാന്‍ ശ്രമിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്നു ചേര്‍ക്കുന്ന അതേ വോട്ടര്‍ ലിസ്റ്റാണ് നിയമസഭ ഉപതിരഞ്ഞെടുപ്പിലും ഉപയോഗിക്കുകയെന്ന് നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുല്‍ റസാഖ് വിജയിച്ചത്. അതുകൊണ്ട് തന്നെ ഓരോ വോട്ടുകളും മണ്ഡലത്തില്‍ നിര്‍ണായകമാണ്. അബ്ദുല്‍ റസാഖ് മരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരുന്നത്. എതിര്‍ സ്ഥാനാര്‍ഥി ആയിരുന്ന ബിജെപിയിലെ കെ സുരേന്ദ്രന്‍ നേരത്തേ കള്ളവോട്ട് ആരോപണം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കേസ് പരാജയപ്പെടുമെന്ന് വ്യക്തമായതോടെ പിന്‍മാറുകയായിരുന്നു.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ്മാന്‍, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. എ ഗോവിന്ദന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top