Sub Lead

പക്ഷിപ്പനി: മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ കരുതല്‍ നടപടികള്‍ തുടങ്ങി -രോഗം മനുഷ്യരിലേക്ക് പകരുന്ന സാഹചര്യമില്ലെന്ന് വിദഗ്ധ സംഘം

രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം രോഗബാധിതപ്രദേശമായി പ്രഖ്യാപിച്ചു. ഒമ്പത് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം സൂക്ഷ്മ നിരീക്ഷണ പ്രദേശമായി രേഖപ്പെടുത്തുകയും പക്ഷികളുടെ കണക്കുകള്‍ ശേഖരിക്കുകയും ചെയ്തു.

പക്ഷിപ്പനി: മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ കരുതല്‍ നടപടികള്‍ തുടങ്ങി  -രോഗം മനുഷ്യരിലേക്ക് പകരുന്ന സാഹചര്യമില്ലെന്ന് വിദഗ്ധ സംഘം
X

കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി ഫലപ്രദമായി പ്രതിരോധിക്കുന്നതിന് മൃഗസംരക്ഷണവകുപ്പ് മന്ത്രി അഡ്വ.കെ രാജുവിന്റെ നേതൃത്വത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കൊടിയത്തൂര്‍ ,വേങ്ങരി എന്നിവിടങ്ങളില്‍ വളര്‍ത്തുകോഴികളിലാണ് പക്ഷിപ്പനി രോഗബാധ കണ്ടെത്തിയത്. മാര്‍ച്ച് മൂന്നിന് കൊടിയത്തൂരിലെ ഒരു കോഴിഫാമില്‍ കുറഞ്ഞ സമയംകൊണ്ട് നിരവധി കോഴികള്‍ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും ഭോപ്പാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ അയച്ച് രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിലെ സ്ഥിതിയില്‍ ഇത് പക്ഷികളെ മാത്രം ബാധിക്കുന്ന രോഗമാണെന്നും ഇന്ത്യയിലെവിടെയും ഇതുവരെ മനുഷ്യരിലേക്ക് പകരുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും അതിനാല്‍ ഭയാശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എം കെ പ്രസാദ് അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം രോഗബാധിതപ്രദേശമായി പ്രഖ്യാപിച്ചു. രോഗനിയന്ത്രണ പ്രവത്തനങ്ങള്‍ക്കായി ഇതിനു പുറത്തു ഒമ്പത് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം സൂക്ഷ്മ നിരീക്ഷണ പ്രദേശമായി രേഖപ്പെടുത്തുകയും പക്ഷികളുടെ കണക്കുകള്‍ ശേഖരിക്കുകയും ചെയ്തു. രോഗബാധിത പ്രദേശത്തുള്ള മുഴുവന്‍ പക്ഷികളെയും രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ദേശീയ മാര്‍ഗ്ഗരേഖ പ്രകാരം കൊന്നു മറവുചെയ്യും.

കണ്‍ട്രോള്‍ റൂം തുറന്നു

പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും നടപടികള്‍ കൈക്കൊള്ളുന്നതിനും ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കി. നമ്പര്‍ 04952762050. ഇതു കൂടാതെ സംസ്ഥാനതലത്തില്‍ 9447016132, 7012413432 നമ്പറുകളിലും ബന്ധപ്പെടാം.

ജില്ലയില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം സജ്ജം

രോഗവ്യാപനം ഫലപ്രദമായി തടയുന്നതിന് ജില്ലയില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം സജ്ജമായി. ജില്ലയിലെ രോഗനിയന്ത്രണ പ്രവത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.വി.സുനില്‍കുമാറിനെ ചുമതലപ്പെടുത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. സിന്ധുവിന്റെ നേതൃത്വത്തിലാണ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തിക്കുക. അഡീഷണല്‍ ഡയറക്ടര്‍ ഡോ.എം.കെ. പ്രദീപ് കുമാറിനെ രോഗബാധയുടെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി നിയമിച്ചു. പാലോട് സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിലെ ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡോ.ആര്‍. ജയചന്ദ്രനെ ദിവസേനയുള്ള റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്നതിനും കേന്ദ്ര സക്കാരിലേക്ക് അയക്കുന്നതിനും ചുമതലപ്പെടുത്തി. സംസ്ഥാനത്തു ലഭ്യമായിട്ടുള്ള പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ (പിപിഇ) കിറ്റുകള്‍ കോഴിക്കോട് എത്തിക്കുന്നതിനും പുതുതായി 5000 കിറ്റുകള്‍ അടിയന്തിരമായി വാങ്ങുന്നതിനും സംസ്ഥാന ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ പ്രോജക്ട് കോഡിനേറ്റര്‍ ഡോ സുഷമാകുമാരിയെ ചുമതലപ്പെടുത്തി.

ഈ രോഗം ടൈപ്പ് എ ഇന്‍ഫഌവന്‍സ ഗണത്തിലെ എച്ച്1/എച്ച്5 ഉപഗണത്തില്‍ പെട്ട വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ടര്‍ക്കി, കാട, ഗിനിക്കോഴി, ഓമനപ്പക്ഷികള്‍ തുടങ്ങി എല്ലാ ഇനത്തിലുള്ള പക്ഷികളെയും ബാധിക്കാമെങ്കിലും താറാവും കോഴിയും പോലെയുള്ള വളര്‍ത്തു പക്ഷികളിലാണ് കൂടുതലായി കണ്ടുവരുന്നത്. പക്ഷികളെ മാത്രം ബാധിക്കുന്നതും അപൂര്‍വ്വമായി മാത്രം മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതുമായ പക്ഷിപ്പനി ഒരു രാജ്യത്തുനിന്നും ദൂര ദേശത്തേക്കു പടരുന്നതില്‍ രോഗവാഹകരായ ദേശാടനപ്പക്ഷികള്‍ മുഖ്യ പങ്കു വഹിക്കുന്നു. രോഗ ബാധയുള്ള പക്ഷികളുടെ കാഷ്ഠത്തില്‍ തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള ഈ വൈറസ് 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചുപോകുന്നു. സാധാരണ ഉപയോഗിച്ചുവരുന്ന ബ്ലീച്ചിങ് പൌഡര്‍, ഫോര്‍മാലിന്‍ തുടങ്ങിയ അണുനശീകരണ ലായനികള്‍ വഴിയും ഈ വൈറസിനെ നശിപ്പിക്കാവുന്നതാണ് .

നന്നായി പാകം ചെയ്ത് ഇറച്ചി കഴിക്കാം

ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെങ്കിലും കോഴി, താറാവ്, കാട തുടങ്ങിയവയുടെ ഇറച്ചിയും മുട്ടയും നന്നായി പാകം ചെയ്തു കഴിച്ചാല്‍ പ്രശ്‌നമില്ലെന്ന് പൗള്‍ട്രി ജോയിന്റ് ഡയറക്ടര്‍ ഡോ. എസ്. എം.സാബു അറിയിച്ചു. രോഗകാരിയായ വൈറസ് 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചുപോകുന്നതിനാലാണിത്.

ജില്ലാ കലക്റ്റര്‍ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു

പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും നടപടികള്‍ കൈക്കൊള്ളുന്നതിനും ജില്ലാ കലക്ടര്‍ സാംബശിവറാവു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്തു. റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന് കളക്ടറേറ്റില്‍ പരിശീലനം നല്‍കി. നോഡല്‍ ഓഫീസര്‍ ഡോ.എം കെ പ്രതീപ് കുമാര്‍, അഡീഷണല്‍ ഡയറക്ടര്‍ ഡോ.വി.സുനില്‍ കുമാര്‍, പൗള്‍ട്രി ജോയിന്റ് ഡയറക്ടര്‍ ഡോ.എസ്.എം.സാബു, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it