Sub Lead

എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി വിലക്ക്; കൂട്ടായ്മകളെ ഭിന്നിപ്പിക്കാനുള്ള സിപിഎം തന്ത്രമെന്ന്

രാജ്യമാകെ കക്ഷി രാഷ്ട്രീയ, മത വ്യത്യാസങ്ങള്‍ മറന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരേ പതിനായിരങ്ങള്‍ പ്രതിഷേധം തീര്‍ക്കുമ്പോള്‍ തങ്ങളുടെ മേല്‍ക്കോയ്മ നഷ്ടപെടുമെന്ന ഭീതിയില്‍ ഐക്യശ്രമങ്ങളെ തകര്‍ക്കാന്‍ സിപിഎം അണിയറയില്‍ നടത്തിയ നീക്കമാണ് വിവാദമായിരിക്കുന്നത്‌

എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി വിലക്ക്; കൂട്ടായ്മകളെ ഭിന്നിപ്പിക്കാനുള്ള സിപിഎം തന്ത്രമെന്ന്
X

പരപ്പനങ്ങാടി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന ബഹുജന റാലികളില്‍നിന്ന് എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടികളെ വിലക്കി കൂട്ടായ്മ ശ്രമങ്ങളെ തകര്‍ക്കാനുള്ള സിപിഎം നീക്കം വിവാദത്തില്‍.രാജ്യമാകെ കക്ഷി രാഷ്ട്രീയ, മത വ്യത്യാസങ്ങള്‍ മറന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരേ പതിനായിരങ്ങള്‍ പ്രതിഷേധം തീര്‍ക്കുമ്പോള്‍ തങ്ങളുടെ മേല്‍ക്കോയ്മ നഷ്ടപെടുമെന്ന ഭീതിയില്‍ ഐക്യശ്രമങ്ങളെ തകര്‍ക്കാന്‍ സിപിഎം അണിയറയില്‍ നടത്തിയ നീക്കമാണ് വിവാദമായിരിക്കുന്നത്‌

മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ നടക്കുന്ന ബഹുജന റാലി കൂട്ടായ്മകളില്‍ എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടികളെ പങ്കെടുപ്പിക്കരുതെന്നും അങ്ങിനെ ഉണ്ടായാല്‍ തങ്ങള്‍ വിട്ടുനില്‍ക്കുമെന്ന ഭീഷണിക്ക് വഴങ്ങി നേതൃത്വം നല്‍കിയവര്‍ ഇവരെ ക്ഷണിച്ചിരുന്നില്ല. പക്ഷെ ഔദ്യോഗിക ക്ഷണം ഇല്ലങ്കിലും ബന്ധപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടായ്മകളില്‍ സജീവമായി പങ്കെടുത്തിരുന്നു. ഹര്‍ത്താല്‍ വിഷയം ചൂണ്ടിക്കാട്ടി പരപ്പനങ്ങാടിയില്‍ നടന്ന പ്രതിഷേധത്തില്‍ സിപിഎം വിട്ടുനിന്നിരുന്നു.

പ്രതിഷേധ പരിപാടികള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കാന്‍ കഴിയാത്തത് ചില രാഷ്ട്രീയ പാര്‍ട്ടികളെ ആശങ്കയിലാക്കുന്നുണ്ട്. വിവാദ നിയമത്തിനെതിരേ മഹല്ലുകളില്‍ ഉയരുന്ന പ്രതിഷേധം വഴിതിരിച്ച് വിടാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്ന ആരോപണം ശക്തമാണ്.

തിരൂരങ്ങാടിയില്‍ സംയുക്ത വേദിയുടെ ബാനറില്‍ നടന്ന പ്രതിഷേധത്തില്‍നിന്ന് ഹര്‍ത്താല്‍ നടത്തിയവരെ ഒഴിവാക്കിയിരുന്നു. ഇത്തരം വിഷയങ്ങള്‍ പറഞ്ഞ് ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകളെ തകര്‍ത്താല്‍ മാത്രമെ രാഷ്ട്രീയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാണ് സിപിഎം ഇത്തരം നീക്കത്തിലൂടെ പ്രയോഗിക്കുന്നത്. സിപിഎം നേതൃത്വത്തിലെ മനുഷ്യചങ്ങലയില്‍ എസ്.ഡി.പി.ഐക്കാരും വെല്‍ഫെയര്‍ പാര്‍ട്ടിക്കാരും ഒഴികെയുളളവരെ സ്വാഗതം ചെയ്യുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞത് ഇതിന് ഉദാഹരണമാണ്.

പുതുതായി ഉണ്ടാക്കുന്ന ഭരണഘടനാ സംരക്ഷണ സമിതിയില്‍ എല്ലാവരും ഉണ്ടാകും എന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഉണ്ടാകുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നുണ്ട്. ആര്‍എസ്എസ് നിര്‍മിച്ച ഹിന്ദു പാര്‍ലമെന്റിനെ കഴിഞ്ഞ തവണ നവോത്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്നുവരെ പൗരത്വ നിയമ ഭേദഗതിക്കെതിരേ ശബ്ദിക്കാത്ത എന്‍എസ്എസ്, എസ്എന്‍ഡിപി, യോഗക്ഷേമം, കത്തോലിക്ക സഭ തുടങ്ങിയവര്‍ നിര്‍ബന്ധമായും പുതിയ കമ്മറ്റിയില്‍ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. കേരളത്തിലടക്കം തടങ്കല്‍ പാളയങ്ങള്‍ നിര്‍മാണം നടക്കുന്നവെന്ന പ്രചാരണവും സി.പി.എം നേതൃത്വത്തിന് തലവേധനയായിരിക്കുകയാണ്.

Next Story

RELATED STORIES

Share it