Sub Lead

കശ്മീരികള്‍ക്കെതിരായ ആക്രമണം; താഴ്‌വരയില്‍ വ്യാപാരി ബന്ദ്

കശ്മീരികള്‍ക്കെതിരായ ആക്രമണം; താഴ്‌വരയില്‍ വ്യാപാരി ബന്ദ്
X

ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും കശ്മീരികള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് താഴ് വരയില്‍ വ്യാപാരികള്‍ ആഹ്വാനം ചെയ്ത കടയടപ്പ് സമരം തുടങ്ങി. കശ്മീര്‍ ട്രേഡേഴ്‌സ് മാനുഫാക്ചറേഴ്‌സ് ഫെഡറേഷനും(കെടിഎംഎഫ്), കശ്മീര്‍ ഇക്കണോമിക് അലയന്‍സും(കെഇഎ) മറ്റു സംഘടനകളുമാണ് വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടാന്‍ ആഹ്വാനം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീര്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ച് താഴ്‌വരയിലും പുറത്തും കശ്മീരികള്‍ക്കെതിരേ വ്യാപക ആക്രമണങ്ങളാണ് അഴിച്ചുവിട്ടിരുന്നത്. തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. ജമ്മുവിലും മറ്റു ഭാഗങ്ങളിലും കശ്മീരി മുസ്‌ലിംകളെ ആക്രമിക്കുന്നതില്‍ വ്യാപാരികളുടെ സംയുക്ത സംഘടന പ്രസിഡന്റ് മുഹമ്മദ് യാസീന്‍ അപലപിച്ചു. ഭരണാധികാരികള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും കശ്മീരികള്‍ക്ക് താഴ്‌വരയിലും പുറത്തും സുരക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവിലെ സ്ഥിതിയില്‍ വ്യത്യാസമില്ലെങ്കില്‍ വ്യാപാരം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതായി റൈസിങ് കശ്മീര്‍ റിപോര്‍ട്ട് ചെയ്തു. സാമുദായിക സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കണമെന്നും ആസൂത്രിത ആക്രമണം നടത്തുന്നവരെ എതിര്‍ക്കാന്‍ വ്യാപാരി സമൂഹം കശ്മീരികള്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ 48 മണിക്കൂര്‍ അധികൃതര്‍ക്കു നല്‍കുകയാണ്. സര്‍ക്കാര്‍ ഇതിനുള്ളില്‍ നടപടികളെടുക്കണം. കശ്മീരികളുടെ സുരക്ഷ സര്‍ക്കാരുകളഉടെ ഉത്തരവാദിത്തമാണ്. എല്ലാ കൊലപാതകങ്ങളെയും ഞങ്ങള്‍ എതിര്‍ക്കുന്നു. കാരണം, മനുഷ്യജീവന്‍ നഷ്ടപ്പെടുന്നത് എല്ലാവര്‍ക്കും നഷ്ടമാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനം സൈമുദായിക സൗഹാര്‍ദ്ദത്തിനു പേരുകേട്ടതാണ്. ചിലര്‍ ഇതിനു സാമുദായിക നിറം നല്‍കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കശ്മീരി വ്യാപാരികള്‍ക്കും കുടുംബങ്ങള്‍ക്കും നേരെ ജമ്മുവില്‍ നടക്കുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ലാല്‍ ഛൗക്കില്‍ വ്യാപാരികള്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത കെടിഎംഎഫ് ജനറല്‍ സെക്രട്ടറി ബഷീര്‍ പാംപോഷും വ്യാപാരി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ആക്രമണം തടയുന്നില്ലെങ്കില്‍ മറ്റുള്ളവരുടെ സാധനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജമ്മുവിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും കശ്മീരികളുടെ നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളുമാണ് ആക്രമിക്കപ്പെട്ടത്.

അതിനിടെ, മൂന്നാംദിവസവും ജമ്മുവിലെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്. എന്നാല്‍ പുതിയ ആക്രമണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജമ്മു കശ്മീര്‍ ഡിവിഷനല്‍ കമ്മീഷണര്‍ സഞ്ജീവ് വര്‍മ പറഞ്ഞു. ക്രമസമാധാന പാലനത്തിനായി സൈന്യം സാധാരണക്കാരോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ഗുജ്ജാര്‍ നഗര്‍, ജാനുപൂര്‍, ഷഹീദ് ഛൗക്ക്, സിദ്ര, തലബ് ഖാതികാന്‍ തുടങ്ങിയ സംഘര്‍ഷിത മേഖലകളില്‍ ആഭ്യന്തര സുരക്ഷാ വിഭാഗം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20ഓളം വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. ഇതിന്റെ ഉടമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടമകളെ കണ്ടെത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം സംസാരിക്കുമെന്ന് പോലിസ് അറിയിച്ചു.




Next Story

RELATED STORIES

Share it