Latest News

ഭൗമനിരീക്ഷണ ഉപഗ്രഹം 'നിസാര്‍' വിക്ഷേപിച്ചു; ഭൂമിയിലെ ഒരു സെന്റിമീറ്റര്‍ മാറ്റം പോലും അറിയും

ഭൗമനിരീക്ഷണ ഉപഗ്രഹം നിസാര്‍ വിക്ഷേപിച്ചു; ഭൂമിയിലെ ഒരു സെന്റിമീറ്റര്‍ മാറ്റം പോലും അറിയും
X

ശ്രീഹരിക്കോട്ട: ഇന്ത്യയും യുഎസും സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ (നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് ആപ്പര്‍ച്ചര്‍ റഡാര്‍) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൗമോപരിതലത്തിലെ ചെറിയ മാറ്റങ്ങള്‍പോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറാന്‍ ഇതിന് സാധിക്കും.

ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹവിക്ഷേപണമാണിത്. 743 കിലോമീറ്റര്‍ അകലെയുള്ള സൗരസ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാര്‍ ഭൂമിയെ ചുറ്റുക. ഭൗമോപരിതലത്തിലെ ഓരോ സ്ഥലത്തിന്റെയും വിവരങ്ങള്‍ 12 ദിവസത്തെ ഇടവേളയില്‍ രേഖപ്പെടുത്താന്‍ നിസാറിലെ നിരീക്ഷണ ഉപകരണങ്ങള്‍ക്ക് കഴിയും.

ലോകത്തുതന്നെ ഏറ്റവും ചെലവേറിയ ഉപഗ്രഹവിക്ഷേപണങ്ങളിലൊന്നാണ് നിസാറിന്റേത്. 13,000 കോടി രൂപയാണ് ചെലവ്. ഇതില്‍ 788 കോടി രൂപയാണ് ഇന്ത്യ മുടക്കുന്നത്. ഓരോ 12 ദിവസത്തിലും രണ്ടു തവണ ഭൂമിയിലെ പ്രദേശങ്ങള്‍ പൂര്‍ണമായി സ്‌കാന്‍ ചെയ്യുകയും, ഉയര്‍ന്ന റെസല്യൂഷനുള്ള ചിത്രങ്ങളിലൂടെ ഒരു സെന്റിമീറ്റര്‍ വരെയുള്ള ചെറിയ മാറ്റങ്ങള്‍ പോലും നിരീക്ഷിക്കുകയും ചെയ്യും.

മണ്ണിടിച്ചില്‍, ഭൂകമ്പം, അഗ്‌നിപര്‍വ്വത സ്‌ഫോടനം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ മുന്നോടിയായുള്ള ലക്ഷണങ്ങള്‍ കണ്ടെത്താന്‍ ഈ വിവരങ്ങള്‍ ശാസ്ത്രജ്ഞരെ സഹായിക്കും. അതുവഴി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാനും തയ്യാറെടുപ്പുകള്‍ നടത്താനും സാധിക്കും.

Next Story

RELATED STORIES

Share it