Kerala

ശബരിമല തീര്‍ഥാടകരെ റോഡില്‍ ഇറക്കിവിട്ട സംഭവം; ഡ്രൈവറെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി, കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം

ശബരിമല തീര്‍ഥാടകരെ റോഡില്‍ ഇറക്കിവിട്ട സംഭവം; ഡ്രൈവറെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി, കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം
X

പത്തനംതിട്ട: പമ്പയില്‍ നിന്നും നിലയ്ക്കല്‍ സ്റ്റാന്‍ഡിലേക്ക് ടിക്കറ്റ് എടുത്ത ശബരിമല തീര്‍ഥാടകരെ വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എതിരെ നടപടി. താല്‍ക്കാലിക ഡ്രൈവര്‍ എന്‍ സജികുമാറിനെ പിരിച്ചുവിട്ടു. കണ്ടക്ടര്‍ കെ എന്‍ പ്രേമസുതനെ തിരുവനന്തപുരം പൂവാറില്‍നിന്ന് കാസര്‍കോട് കാഞ്ഞങ്ങാട്ടേയ്ക്ക് സ്ഥലം മാറ്റി. ജീവനക്കാരുടെ പ്രവൃത്തി കെഎസ്ആര്‍ടിസിയുടെ സല്‍പേരിനു കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇന്നലെ രാത്രിയായിരുന്നു നടപടിക്ക് കാരണമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബസിലെ യാത്രക്കാരെ നിലയ്ക്കല്‍ സ്റ്റാന്‍ഡിനു പകരം നിലയ്ക്കല്‍ ഗോപുരം കഴിഞ്ഞ് റോഡില്‍ വനമേഖലയില്‍ ഇറക്കിവിടുകയായിരുന്നു. മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട തീര്‍ഥാടകരാണ് ജീവനക്കാരുടെ ഇടപെടലില്‍ റോഡില്‍ കുടുങ്ങിയത്. ബസില്‍ നിന്നിറങ്ങിയ തീര്‍ഥാടകര്‍ മറ്റൊരു വാഹനം വിളിച്ചുവരുത്തിയാണ് യാത്ര തുടര്‍ന്നത്.

തീര്‍ഥാടകരെ ബസില്‍ നിന്ന് ഇറക്കിവിടുന്നതിന്റെയും വഴിയിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിഷയത്തില്‍ അധികൃതര്‍ ഇടപെട്ടത്. സംഭവത്തെക്കുറിച്ച് വിജിലന്‍സ് ഓഫിസര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെയാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.






Next Story

RELATED STORIES

Share it