Sub Lead

''ജീന്‍സ് ജിഹാദ്'' പ്രചാരണവുമായി ഹിന്ദുത്വര്‍; ഡല്‍ഹിയിലെ ജീന്‍സ് കടകള്‍ പൂട്ടിക്കുന്നു

ജീന്‍സ് ജിഹാദ് പ്രചാരണവുമായി ഹിന്ദുത്വര്‍; ഡല്‍ഹിയിലെ ജീന്‍സ് കടകള്‍ പൂട്ടിക്കുന്നു
X

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഖയാല പ്രദേശം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ജീന്‍സ് ബിസിനസില്‍ പ്രശസ്തമാണ്. ഉത്തര്‍പ്രദേശില്‍ നിന്നുമെത്തിയ നൂറുകണക്കിന് മുസ്‌ലിം തുന്നല്‍ക്കാരാണ് ഈ പ്രവര്‍ത്തനങ്ങളുടെ നട്ടെല്ല്. ജീന്‍സ് ബിസിനസ് വളര്‍ന്നതോടെ 2021ല്‍ ഖയാലയെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. ഖയാലക്ക് സമീപമുള്ള പ്രദേശങ്ങളിലും നിരവധി പേര്‍ ജീന്‍സ് അനുബന്ധിയായ ബിസിനസുകള്‍ ചെയ്യുന്നുണ്ട്. സ്വാഭാവികമായും ഹോട്ടലുകളും അനുബന്ധ സ്ഥാപനങ്ങളും പ്രദേശത്താകെ നിറഞ്ഞു. ആദ്യകാലത്ത് ഈ ബിസിനസില്‍ ഇറങ്ങിയെന്നതിനാല്‍ മുസ്‌ലിംകള്‍ക്ക് ഈ മേഖലയില്‍ മേല്‍ക്കൈയ്യുണ്ട്. വിവിധ മേഖലകളില്‍ നിന്നും ഹിന്ദുക്കളും സിഖുകാരും പിന്നീട് ജീന്‍സ് മേഖലയില്‍ പ്രവേശിച്ചു.

എന്നാല്‍, അടുത്തിടെയായി ഹിന്ദുത്വ വിഭാഗങ്ങള്‍ 'ജീന്‍സ് ജിഹാദ്' എന്ന പ്രചാരണം ആരംഭിച്ചു. ജീന്‍സ് ബിസിനസ് വഴി മുസ്‌ലിംകള്‍ പ്രദേശത്ത് ജീവിക്കുന്ന ഹിന്ദുക്കളെയും സിഖുകാരെയും ഒഴിവാക്കുന്നു എന്നാണ് ഈ ആരോപണത്തിന്റെ ആകെത്തുക. ബിജെപി നേതാവും ഡല്‍ഹി വ്യവസായ മന്ത്രിയുമായ മന്‍ജീന്തര്‍ സിംഗ് സിര്‍സയും ഈ പ്രചാരണത്തിന് ശക്തി നല്‍കുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ജീവനക്കാരെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ബംഗ്ലാദേശികളും രോഹിങ്ഗ്യകളുമാണെന്നാണ് മന്ത്രി പ്രചരിപ്പിക്കുന്നത്. തുടര്‍ന്ന് പലതരം ലൈസന്‍സുകള്‍ ആവശ്യപ്പെട്ട് കടകളില്‍ വ്യവസായ വകുപ്പ് പരിശോധനകള്‍ ആരംഭിച്ചു. പ്രദേശത്ത് നിന്ന് ഒരു വിദേശിയെ പോലും പോലിസിന് കസ്റ്റഡിയില്‍ എടുക്കാനായിട്ടില്ലെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് നിരവധി സ്ഥാപനങ്ങള്‍ പൂട്ടി സീല്‍ ചെയ്യുകയുമുണ്ടായി.


നിലവില്‍ ഖയാല മാര്‍ക്കറ്റ് തളര്‍ന്നു കിടക്കുകയാണ്. നിരവധി സ്ഥാപനങ്ങള്‍ പൂട്ടുകയും തയ്യല്‍ക്കാര്‍ നാട്ടിലേക്ക് പോവുകയും ചെയ്തു.


റെസിഡന്‍ഷ്യല്‍ ഏരിയകളിലെ സ്ഥാപനങ്ങളെയാണ് മന്ത്രി ആദ്യം ചോദ്യം ചെയ്തിരുന്നത്. പിന്നീടാണ് ഖയാലയിലെ സ്ഥാപനങ്ങള്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങിയത്. ഒരു ബിരിയാണിക്കടക്ക് എതിരെയായിരുന്നു ആദ്യ ക്യാംപയിന്‍. മുസ്‌ലിംകള്‍ ചിക്കന്‍കടകള്‍ തുടങ്ങിയതിനാല്‍ ഹിന്ദു പെണ്‍കുട്ടികള്‍ക്കും സിഖ് കുടുംബങ്ങള്‍ക്ക് പ്രദേശത്ത് ജീവിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രി ആരോപിച്ചു. ഹിന്ദുക്കളെയും സിഖുകാരെയും പ്രദേശത്ത് നിന്ന് പറഞ്ഞുവിടാനാണ് ഇതെല്ലാം ചെയ്യുന്നതെന്നും മന്ത്രി ആരോപിച്ചു. ചില ഹിന്ദി മാധ്യമങ്ങള്‍ ഇത് ജീന്‍സ് ജിഹാദാണെന്ന തരത്തിലും വാര്‍ത്തകള്‍ നല്‍കി.

പ്രദേശവാസികളായ സിഖുകാര്‍ ഒരിക്കലും തങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചിട്ടില്ലെന്ന് 1999 മുതല്‍ ജീന്‍സ് ബിസിനസിലുള്ള ആബിദ് ഖാന്‍ പറയുന്നു. കഴിഞ്ഞ 20 വര്‍ഷത്തില്‍ എന്തെങ്കിലും പരാതി പോലിസിന് കിട്ടിയിട്ടുണ്ടോ എന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും ആബിദ് ഖാന്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ ജീന്‍സ് ബിസിനസുകാരോട് പ്രദേശവാസികള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഹര്‍ചരണ്‍ സിംഗ് കാല്‍സി എന്ന സെയില്‍സ് മാന്‍ പറയുന്നു. പ്രദേശത്തെ ഭൂവില ഉയരാന്‍ ജീന്‍സ് മാര്‍ക്കറ്റ് സഹായിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. ചില യൂണിറ്റുകള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ആബിദ് ഖാന്‍ പറയുന്നുണ്ട്. പക്ഷേ, ഡല്‍ഹിയില്‍ ഏതുമാര്‍ക്കറ്റിലാണ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഉള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.ഫാക്ടറികളില്‍ ബംഗ്ലാദേശികളെ കണ്ടിട്ടില്ലെന്നാണ് മാര്‍ക്കറ്റ് അസോസിയേഷനിലെ ശ്രീകാന്ത് പോര്‍വാല്‍ എന്നയാള്‍ പറയുന്നത്.

Next Story

RELATED STORIES

Share it