Sub Lead

കര്‍ഷക പ്രക്ഷോഭം തുടരുന്നു; കേന്ദ്രവുമായുള്ള മൂന്നാംഘട്ട ചര്‍ച്ച ഇന്ന്

ഭവനില്‍ നടക്കുന്ന ചര്‍ച്ചയില്‍ 3 വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് രാജ്യ തലസ്ഥാനത്തെ അതിര്‍ത്തികളില്‍ തമ്പടിച്ച ആയിരക്കണക്കിന് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

കര്‍ഷക പ്രക്ഷോഭം തുടരുന്നു; കേന്ദ്രവുമായുള്ള മൂന്നാംഘട്ട ചര്‍ച്ച ഇന്ന്
X

ന്യൂഡല്‍ഹി: രാജ്യത്തുടനീളം കര്‍ഷക പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ കാര്‍ഷിക നിയമങ്ങളെചൊല്ലിയുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാരും കര്‍ഷകരും വീണ്ടും ചര്‍ച്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ടിനു വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചര്‍ച്ചയില്‍ 3 വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് രാജ്യ തലസ്ഥാനത്തെ അതിര്‍ത്തികളില്‍ തമ്പടിച്ച ആയിരക്കണക്കിന് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കൂടാതെ വിളകള്‍ക്കു താങ്ങുവില ഉറപ്പാക്കുന്ന പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കണമെന്ന ആവശ്യവും പ്രക്ഷോഭകര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

താങ്ങുവില സംബന്ധിച്ച വാക്കാലുള്ള ഉറപ്പോ മറ്റ് ഒത്തുതീര്‍പ്പ് നീക്കങ്ങളോ അംഗീകരിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ഷിക പരിഷ്‌കരണനിയമങ്ങളില്‍ പ്രധാനപ്പെട്ട രണ്ടുവ്യവസ്ഥകള്‍ ഭേദഗതിചെയ്യാമെന്ന് ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയേക്കും. വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ ഈ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചെങ്കിലും കര്‍ഷകസംഘടനകള്‍ അംഗീകരിച്ചിരുന്നില്ല.

താങ്ങുവില സംവിധാനം തുടരുമെന്ന ഉറപ്പിനുപുറമേ രണ്ടുവ്യവസ്ഥകളില്‍ ഭേദഗതിവരുത്താമെന്നാണ് കര്‍ഷകസംഘടനകള്‍ക്ക് കേന്ദ്രം നല്‍കുന്ന വാഗ്ദാനം. മൂന്നുനിയമങ്ങളില്‍, കൂടുതല്‍ വിവാദമുയര്‍ത്തുന്ന വ്യവസ്ഥകളടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും സംബന്ധിച്ച നിയമത്തില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഗണിച്ച് ഭേദഗതികള്‍ കൊണ്ടുവരാമെന്നും സര്‍ക്കാര്‍ അറിയിക്കും.

നിയമത്തിലെ ആറാമത്തെ വ്യവസ്ഥയ്ക്കുനേരെയാണ് കര്‍ഷകസംഘടനകള്‍ കടുത്ത എതിര്‍പ്പ് ഉന്നയിക്കുന്നത്. കമ്പോളത്തെക്കുറിച്ചും വ്യാപാരത്തെക്കുറിച്ചും പുതിയ നിര്‍വചനം ഈ വ്യവസ്ഥയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കാര്‍ഷികോത്പന്ന കമ്പോളസമിതി യാണ് 'മണ്ഡി'കളെ നിയന്ത്രിക്കുന്നത്. പുതിയ നിയമപ്രകാരം വാങ്ങലും വില്‍പ്പനയും നടക്കുന്ന ഏതുമേഖലയും കമ്പോളത്തിന്റെ നിര്‍വചനത്തില്‍ വരും. ഇതോടെ കാര്‍ഷികോത്പന്ന കമ്പോളസമിതിയുടെ പരിധിയിലുള്ള ചന്തകള്‍ക്ക് (മണ്ഡികള്‍ക്ക്) പുറത്തുനടക്കുന്ന വ്യാപാര ഇടപാടുകളെയും കമ്പോളത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തും.

കമ്പോളസമിതിയുടെ നിയന്ത്രണത്തിലുള്ള മണ്ഡികളിലെ വ്യാപാര ഇടപാടുകള്‍ക്ക് നിലവില്‍ മാര്‍ക്കറ്റ് ഫീസ് ഈടാക്കുന്നുണ്ട്. ഇതോടൊപ്പം ഗ്രാമീണവികസന സെസും പിരിക്കും. പഞ്ചാബില്‍ മൂന്നുശതമാനം വീതവും ഹരിയാണയില്‍ രണ്ടുശതമാനം വീതവുമാണ് ഈടാക്കുന്നത്. ഉത്പന്നത്തിന്റെ വിലനിശ്ചയിക്കുന്നത് ഈ നിരക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ്. എന്നാല്‍, എപിഎംസികള്‍ക്ക് പുറത്തുള്ള സ്വകാര്യ വില്‍പ്പനകേന്ദ്രങ്ങളില്‍ മാര്‍ക്കറ്റ് ഫീസും സെസുമില്ല. ഇത് വിലകളില്‍ ഏറ്റക്കുറച്ചിലുണ്ടാക്കുകയും മണ്ഡികളിലെ വില്‍പ്പനയെ ബാധിക്കുകയും ചെയ്യുമെന്നാണ് പരാതി.

അതിനിടെ കര്‍ഷക പ്രക്ഷോഭത്തിനു വീര്യം കൂട്ടാന്‍ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. മധ്യപ്രദേശില്‍ നിന്ന് 100 ട്രാക്ടറുകളില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കു പുറപ്പെട്ടു. ലക്ഷക്കണക്കിനു കര്‍ഷകര്‍ അതിര്‍ത്തികളില്‍ നിലയുറപ്പിച്ചതോടെ ഹരിയാന, യുപി എന്നിവിടങ്ങളില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള ദേശീയ പാതകള്‍ പൊലീസ് അടച്ചു. ഈ മാസം എട്ടിനു ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത കര്‍ഷക സംഘടനകള്‍, ഇന്ന് രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരുടെ കോലം കത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it