Latest News

'മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക?'; പോലിസിനെതിരേ രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന്‍

മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക?; പോലിസിനെതിരേ രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന്‍
X

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ആരോപണത്തിന് പിന്നാലെ പോലിസിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുകയെന്ന് സതീശന്‍ ചോദിച്ചു. പോലിസ് സംഭവസ്ഥലത്തെത്തിയിട്ടും പരാതിക്കാരിയെ സഹായിക്കാതെ അവരെ ഉപേക്ഷിച്ചു മടങ്ങിപ്പോയത് പരിതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ഭാര്യയായതുകൊണ്ട് പോലിസ് പേടിച്ച് ഓടിയതാണോ എന്ന് അദ്ദേഹം പരിഹസിച്ചു.

സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ഈ മന്ത്രിസഭയ്ക്ക് ഇത്തരം സംഭവങ്ങള്‍ നാണക്കേടാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങളോട് മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പരാതിയില്‍ പോലിസ് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കപ്പ് പിടിച്ചു പി ആര്‍ നടത്തിയില്ലേ, ആ കപ്പ് ഇപ്പോഴും മുഖ്യമന്ത്രിയുടെ കയ്യില്‍ ഇല്ലേ എന്നും സതീശന്‍ പരിഹസിച്ചു.

ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോനെ മുറിയില്‍ അടച്ചുപൂട്ടി. അവര്‍ പോലിസിനെ വിളിക്കുകയും പോലിസ് എത്തുകയും ചെയ്തു. എന്നിട്ട് പോലിസ് എന്താണ് ചെയ്തത്. ബിന്ദു മേനോന് എന്താണ് പറ്റിയത്, അവരെ ആരെങ്കിലും ആക്രമിച്ചോ, അവര്‍ക്ക് പരിക്കേറ്റോ ഇതൊന്നും അന്വേഷിക്കുകയോ അവരെ അവിടെ നിന്ന് രക്ഷപ്പെടുത്താനോ പോലിസ് ശ്രമിച്ചില്ല. ഏത് സ്ത്രീക്കാണ് ഈ പോലിസിനെ കൊണ്ട് സുരക്ഷ കിട്ടുന്നത്. പരാതിക്കാരിയായ സ്ത്രീയെ പോലിസ് ഉപേക്ഷിച്ച് പോകുകയാണ്. ഇത് എന്തൊരു പരിതാപകരമായ അവസ്ഥയാണെന്നും ഇത് എന്തൊരു മന്ത്രിസഭയാണെന്നും വി ഡി സതീശന്‍ ചോദിച്ചു. ഇവര്‍ക്ക് നാണമില്ലെങ്കിലും കേള്‍ക്കുന്നവര്‍ക്ക് നാണമായിട്ട് വയ്യെന്നും അദ്ദേഹം പരിഹസിച്ചു.

ഇത്തരം പ്രശ്‌നങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം എടുത്ത ഒരു നിലപാടുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി എന്ത് പറയുന്നു എന്ത് നടപടി സ്വീകരിക്കുന്നു എന്നറിയാന്‍ കാത്തിരിക്കുകയാണ്. മന്ത്രിമാരുടെ ഭാര്യമാരോട് പോയി ഭര്‍ത്താവിനെതിരേ പരാതി പറയണമെന്ന് പറയലല്ല യുഡിഎഫിന്റെ പണി. ഇത് അവരുടെ കുടുംബത്തില്‍ ഉണ്ടായ ഒരു സംഭവമാണ്. ഒരാള്‍ എത്ര പേരെ പ്രണയിക്കുന്നു എത്രപേരുമായി ബന്ധപ്പെടുന്നു എന്നത് അയാളുടെ വ്യക്തിപരമായ കാര്യമാണ്. അതിലൊന്നും തങ്ങള്‍ ഇടപ്പെടുന്നില്ല. പക്ഷേ ഇത് ഒരു സ്ത്രീയുടെ പരാതിയാണ്. ഒരു സ്ത്രീയെ മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്റ്റാഫാണ് ആക്രമിച്ചത്. പോലിസ് നിലപാട് പരിതാപകരമാണെന്നും സതീശന്‍ പറഞ്ഞു.

ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കെ ബി ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ ആവശ്യപ്പെട്ടു. ഒന്നല്ല, അയ്യായിരം പ്രണയമുണ്ടെന്നൊക്കെ സിനിമ ഡയലോഗായി പറയാന്‍ കൊള്ളാം, യഥാര്‍ത്ഥ ജീവിതത്തില്‍ ഭാര്യയെ ദ്രോഹിച്ചാല്‍ കേസ് വരുമെന്നും മേത്തര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഗണേഷ് കുമാറിനെതിരേ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ആവശ്യപ്പെട്ടു. വിദേശത്ത് നിന്ന് പോലും പരാതി സ്വീകരിക്കുന്ന മുഖ്യമന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യയില്‍ നിന്ന് പരാതി എഴുതി വാങ്ങണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it