Sub Lead

അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നവര്‍ക്ക് അഭയം നല്‍കേണ്ടത് കടമ; സിഎഎയെ ന്യായീകരിച്ച് അമിത് ഷാ

അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നവര്‍ക്ക് അഭയം നല്‍കേണ്ടത് കടമ; സിഎഎയെ ന്യായീകരിച്ച് അമിത് ഷാ
X

ന്യൂഡല്‍ഹി: അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നവര്‍ക്കും മതപരമായ പീഡനം അനുഭവിച്ചവര്‍ക്കും അഭയം നല്‍കേണ്ടത് ധാര്‍മികവും ഭരണഘടനാപരവുമായ കടമയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമം(സിഎഎ) സംബന്ധിച്ച് പ്രതിഷേധം വ്യാപകമാവുന്നതിനിടെ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ന്യായീകരണവുമായി അമിത് ഷാ രംഗത്തെത്തിയത്. സിഎഎ പ്രകാരം പാഴ്‌സികള്‍ക്കും ക്രൈസ്തവര്‍ക്കും പൗരത്വം നേടാമെന്നിരിക്കെ മുസ് ലിംകളെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.

മുസ് ലിം ജനതയുള്ളതിനാല്‍ ആ പ്രദേശം(പാകിസ്താന്‍) ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമല്ല. അത് അവര്‍ക്കു കൊടുത്തതാണ്. അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നവര്‍ക്കും മതപരമായ പീഡനം അനുഭവിച്ചവര്‍ക്കും അഭയം നല്‍കേണ്ടത് ധാര്‍മികവും ഭരണഘടനാപരവുമായ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആധുനിക അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, മ്യാന്‍മര്‍, പാകിസ്താന്‍, ശ്രീലങ്ക, ടിബറ്റ് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഏകീകൃത ഇന്ത്യയെന്ന ആശയമാണ് അഖണ്ഡഭാരതമെന്നും അമിത് ഷാ വ്യക്തമാക്കി.

വിഭജനകാലത്ത് പാകിസ്താനിലെ ജനസംഖ്യയില്‍ 23 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. ഇന്ന് അത് 3.7 ശതമാനമായി കുറഞ്ഞു. ബാക്കിയുള്ള ഹിന്ദുക്കള്‍ എവിടെ പോയി. അവര്‍ ഇന്ത്യയിലേക്ക് വന്നിട്ടില്ല. അവര്‍ പാകിസ്താനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായി. രണ്ടാംകിട പൗരന്മാരായി കണക്കാക്കപ്പെട്ട അവര്‍ അപമാനിക്കപ്പെട്ടു. അവര്‍ പിന്നെ എങ്ങോട്ടാണ് പോവുക. പാര്‍ലമെന്റും രാഷ്രീയ കക്ഷികളും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതില്ലേ. 1952ല്‍ ബംഗ്ലാദേശിലെ ജനസംഖ്യയുടെ 22 ശതമാനം ഹിന്ദുക്കളായിരുന്നു. 2011ല്‍ ഇത് 10 ശതമാനമായി. 1992ല്‍ അഫ്ഗാനിസ്താനില്‍ രണ്ടുലക്ഷം ഹിന്ദുക്കളും സിഖുകാരും ഉണ്ടായിരുന്നു. ഇന്നത് 500 മാത്രമാണ്. അവര്‍ക്ക് അവരുടെ മതവിശ്വാസ പ്രകാരം ജീവിക്കാന്‍ അവകാശമില്ലേ?. ഇന്ത്യ ഒന്നായിരുന്നപ്പോള്‍ അവര്‍ നമ്മുടെ സഹോദരീസഹോദരന്മാരും അമ്മമാരുമായിരുന്നു. മുസ് ലിംകള്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാം. ഭരണഘടനയില്‍ അതിനുള്ള വ്യവസ്ഥയുണ്ട്. എന്നാല്‍, രാജ്യസുരക്ഷയും മറ്റും പരിഗണിച്ചാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയെന്നും അമിത് ഷാ പറഞ്ഞു. വ്യക്തമായ രേഖകള്‍ ഇല്ലാതെ മൂന്നുരാജ്യങ്ങളില്‍നിന്ന് അതിര്‍ത്തികടന്നുവന്നവര്‍ക്കുള്ള പ്രത്യേക നിയമമാണ് സിഎഎ. രേഖകള്‍ ഒന്നുമില്ലാത്തവരുടെ കാര്യത്തില്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന്, രേഖകള്‍ ഇല്ലാത്തവരുടെ കാര്യത്തില്‍ പരിഹാരം കാണുമെന്നും തന്റെ വിലയിരുത്തലില്‍ 85 ശതമാനം പേര്‍ക്കും രേഖകള്‍ ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

Next Story

RELATED STORIES

Share it