Sub Lead

'രണ്ട് പിഞ്ചുകുഞ്ഞുങ്ങളാണ് അവന്, ആരോടും ദയവോടെ പെരുമാറുന്നവന്‍'; ആദര്‍ശത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചതില്‍ അഭിമാനം കൊള്ളുന്നതായി ഷാനിന്റെ പിതാവ്

'എന്റെ മകന്‍ വിശ്വാസിച്ച പ്രസ്ഥാനത്തിന് വേണ്ടി അവന്റെ ജീവന്‍ ബലി കഴിച്ചതില്‍ പിതാവെന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്. വിഷമത്തോടെയാണെങ്കിലും ഞാന്‍ അഭിമാനം കൊള്ളുകയാണ്'.ഷാനിന്റെ പിതാവ് സലിം പറഞ്ഞു.

രണ്ട് പിഞ്ചുകുഞ്ഞുങ്ങളാണ് അവന്, ആരോടും ദയവോടെ പെരുമാറുന്നവന്‍;  ആദര്‍ശത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചതില്‍ അഭിമാനം കൊള്ളുന്നതായി ഷാനിന്റെ പിതാവ്
X

ആലപ്പുഴ: പ്രളയ ദുരിതാശ്വാസം ഉള്‍പ്പടെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പൊതുപ്രവര്‍ത്തകനെയാണ് ഷാനിന്റെ കൊലപാതകത്തോടെ ആലപ്പുഴ പൊന്നാട് പ്രദേശത്തിന് നഷ്ടമായത്. ഒരു ആശയത്തിന്റെ ഒപ്പം നിന്നതിനാണ് മകനെ ചോര കൊതിക്കുന്ന കാപാലികര്‍ കൊന്നതെന്ന് ഷാനിന്റെ പിതാവ് സലിം പറഞ്ഞു. ഒരു അക്രമക്കേസിലും ഷാന്‍ പ്രതി അല്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞു.

'എന്റെ മകന്‍ വിശ്വാസിച്ച പ്രസ്ഥാനത്തിന് വേണ്ടി അവന്റെ ജീവന്‍ ബലി കഴിച്ചതില്‍ പിതാവെന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്. വിഷമത്തോടെയാണെങ്കിലും ഞാന്‍ അഭിമാനം കൊള്ളുകയാണ്'. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ ഷാനിന്റെ പിതാവ് സലിം പറഞ്ഞു.

ആലപ്പുഴയിലെ പൊന്നാട് വളരെ ചെറിയൊരു വീട്ടിലാണ് ഷാനും ഭാര്യയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും കഴിഞ്ഞിരുന്നത്. കര്‍ട്ടന്‍ തുന്നുന്ന ഒരു ചെറിയ കടയാണ് ഷാനിന്. എല്‍എല്‍ബി ബിരുദധാരിയാണ് ഷാന്‍. ഷാനിന്റെ പേരില്‍ ഒരു ക്രിമിനല്‍ കേസോ മറ്റു കേസുകളോ നിലവിലില്ലെന്ന് ഷാനിന്റെ ബന്ധുക്കള്‍ തന്നെ പറയുന്നു. യാതൊരു രാഷ്ട്രീയ സംഘര്‍ഷങ്ങളും നിലവിലില്ലാത്ത സ്ഥലത്ത് അരങ്ങേറിയ അരുംകൊലയില്‍ നാടും ബന്ധുക്കളും നാട്ടുകാരും ഞെട്ടിയിരിക്കുകയാണ്.

''അവനങ്ങനെ ആരെയെങ്കിലും ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന സ്വഭാവക്കാരനല്ല'', കണ്ണ് നിറഞ്ഞ് തൊണ്ടയിടറി ആ പിതാവ് പറഞ്ഞു. ''ആരോടും ദയവോടെ പെരുമാറുന്നതാണ്. രാഷ്ട്രീയമായി അവന്‍ വിശ്വസിച്ച പ്രസ്ഥാനത്തിന് വേണ്ടി വിശ്വസിച്ചു എന്നതൊഴിച്ചാല്‍ മറ്റാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചവനല്ല. ഒരു മനുഷ്യനെ ഉപദ്രവിക്കാന്‍ അവനാവില്ല. ആരെയെങ്കിലും സഹായിക്കുകയല്ലാതെ ഉപദ്രവിക്കാനവന് ആവില്ല. ഞാനവനെ കഷ്ടപ്പെട്ട് വളര്‍ത്തിയതാ. എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു. ഇത് പോലെ ഇനിയും കൊലപാതകങ്ങളുണ്ടായാല്‍ ഇത് പോലെ ഇനിയും കുടുംബങ്ങളില്‍ കുഞ്ഞുങ്ങള് വഴിയാധാരമാകുന്ന സ്ഥിതിയാണുണ്ടാകുക. രാഷ്ട്രീയം രാഷ്ട്രീയമായിത്തന്നെ കാണാനുള്ള ഒരു മനസ്ഥിതി ഈ പ്രബുദ്ധ കേരളത്തിനുണ്ടാകണം. എന്നെപ്പോലെ കഷ്ടപ്പെട്ട് അച്ഛന്‍മാര്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ടുവന്ന്, അവര്‍ ഒരു ആശയത്തില്‍ വിശ്വസിക്കുമ്പോള്‍ അതിന്റെ പേരില്‍ അവരെ കൊലപ്പെടുത്തുക എന്നത് വലിയ വേദനാജനകമാണ്. ഇവിടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളാണ് വഴിയാധാരമായത്. ഞാന്‍ വാര്‍ദ്ധക്യത്തിലെത്തി. എനിക്ക് എത്ര കാലം ഈ ചെറിയ മക്കളെ സഹായിക്കാനോ വളര്‍ത്തുവാനോ പറ്റും? ഈ ക്രൂരത കാണിക്കുവാന്‍ അവര്‍ക്കുണ്ടായ മനസ്സ് പോലും എന്തിനാണ് എന്ന് മനസ്സിലാവാതെ ഇരിക്കുകയാണ് ഞാനും എന്റെ കുടുംബവും. രക്തം കുടിക്കുന്ന കാപാലികര്‍ക്ക് ആരുടെയെങ്കിലും രക്തം കുടിച്ചാല്‍ മതി. മറ്റുള്ളവരുടെ വേദന അവര്‍ക്കറിയേണ്ട. അങ്ങനെയൊരു സമൂഹം ഇവിടെ വളര്‍ന്നുവരുന്നുണ്ട്. അതിന്റെ ഫലമായി എന്റെ മകനെ എനിക്ക് നഷ്ടപ്പെട്ടു'', സലിം പറഞ്ഞുനിര്‍ത്തുന്നു.

Next Story

RELATED STORIES

Share it