ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ ചരിത്രം

1964ന് ശേഷം ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ജയിക്കുന്ന അപൂര്‍വ മുഹൂര്‍ത്തം കൂടിയാണ് ടീം ഇന്ത്യയുടെ ആദ്യജയം സമ്മാനിച്ചത്.

അബൂദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പിലെ ആദ്യ മല്‍സരത്തില്‍ തായ്‌ലാന്റിന്റെ ഗോള്‍വല നിറച്ച് ഇന്ത്യ. 1964ന് ശേഷം ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ജയിക്കുന്ന അപൂര്‍വ മുഹൂര്‍ത്തം കൂടിയാണ് ടീം ഇന്ത്യയുടെ ആദ്യജയം സമ്മാനിച്ചത്. നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ടഗോളിന്റെ മികവിലാണ് 4-1 ന് ഇന്ത്യ തായ്‌ലാന്റിനെ തകര്‍ത്തത്. 27ാംമിനിറ്റില്‍ ഛേത്രിയാണ് ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റി ബോക്‌സില്‍ മലയാളി താരം ആഷിഖ് കുരുണിയന്റെ മുന്നേറ്റത്തിനിടെ പന്ത് തായ് താരത്തിന്റെ കൈയില്‍ തട്ടിയപ്പോള്‍ റഫറി പെനാല്‍റ്റി വിളിക്കുകയായിരുന്നു. തുടര്‍ന്ന് കിക്കെടുത്ത ഛേത്രി പന്ത് ലക്ഷ്യത്തിലെത്തിച്ചു. സ്‌കോര്‍ 1-0. എന്നാല്‍ അധികം വൈകാതെ തന്നെ തായ്‌ലാന്റ് തിരിച്ചടിച്ചു. 33ാം മിനിറ്റില്‍ തീരതോണിന്റെ ഫ്രീ കിക്ക് ക്യാപ്റ്റന്‍ ഡാങ്ഡയാണ് വലയിലെത്തിച്ചത്. ആവേശത്തോടെ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ രണ്ടു കൂട്ടര്‍ക്കും കഴിഞ്ഞില്ല. രണ്ടാം പകുതിയിലേക്ക പ്രവേശിച്ച കളി 46ാം മിനിറ്റില്‍ ഇന്ത്യക്ക് അനുകൂലമായ ലീഡിലെത്തി. വീണ്ടും ആഷിഖിന്റെ അസിസ്റ്റില്‍ ഛേത്രിയുടെ കയ്യില്‍ പന്ത്. ഒട്ടും അമാന്തിക്കാതെ നായകന്‍ നെടുനീളന്‍ ഷോട്ട് തൊടുത്തു. സ്‌കോര്‍2-1. 68ാം മിനിറ്റിലാണ് മൂന്നാംഗോള്‍ പിറന്നത്. 76ാം മിനിറ്റില്‍ ആഷിഖിന് പകരക്കാരനായെത്തിയ ജെജെ ലാല്‍പെഖുവ ഇന്ത്യയുടെ നാലാം ഗോളും നേടി. അവസാനനിമിഷം വരെയും തിരിച്ചടിക്കാന്‍ തായ്‌ലാന്റ് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം മറികടക്കാന്‍ സാധിച്ചില്ല. അവസാന വിസില്‍ അബുദാബിയിലെ അല്‍ നഹ്യാന്‍ സ്‌റ്റേഡിയത്തില്‍ മുഴങ്ങിയതോടെ ഇന്ത്യ പുതിയൊരു ചരിത്രം എഴുതിച്ചേര്‍ത്തു.
shanu

shanu

Our Contributor help bring you the latest article around you


RELATED STORIES

Share it
Top