Sub Lead

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ കൊണ്ട് പോപുലര്‍ ഫ്രണ്ടിനെ തകര്‍ക്കാനാവില്ല: എ അബ്ദുല്‍ സത്താര്‍

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ കൊണ്ട് പോപുലര്‍ ഫ്രണ്ടിനെ തകര്‍ക്കാനാവില്ല: എ അബ്ദുല്‍ സത്താര്‍
X

കോഴിക്കോട്: സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും വ്യാപകമായി കേന്ദ്ര ഏജന്‍സിയായ എന്‍ഐഎ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ കൊണ്ട് പോപുലര്‍ ഫ്രണ്ടിനെ തകര്‍ക്കാനാവില്ല. പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ സെക്രട്ടറി വി പി നാസറുദീന്‍, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, ദേശീയ സമിതിയംഗം പ്രഫ. പി കോയ തുടങ്ങി 14 നേതാക്കള്‍ കസ്റ്റഡിയിലാണ്.

ആര്‍എസ്എസ് ഫാഷിസത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു വരുന്ന പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട്. ആര്‍എസ്എസ്സിന്റെ ഹിന്ദുത്വ രാഷ്ട്ര അജണ്ടയ്ക്ക് പോപുലര്‍ ഫ്രണ്ട് തടസ്സമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടുന്നത്.

രാജ്യത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിയമപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. ഇതുവരെ പോപുലര്‍ ഫ്രണ്ടിനെതിരെ ഒരു വിധ്വംസക പ്രവര്‍ത്തനവും തെളിയിക്കാന്‍ ആരോപണങ്ങള്‍ അഴിച്ചുവിടുന്ന സംഘപരിവാര ഭരണകൂടത്തിനും അന്വേഷണ ഏജന്‍സികള്‍ക്കും സാധിച്ചിട്ടില്ല.

ഹിന്ദുത്വ ഫാഷിസം രാജ്യത്തിന്റെ ഭരണഘടനയ്ക്കും മതേതരത്വത്തിനും ഉയര്‍ത്തുന്ന ഭീഷണിയെ ചൂണ്ടിക്കാണിക്കുന്ന പോപുലര്‍ ഫ്രണ്ടിനെ പകപോക്കല്‍ നടപടി എന്ന നിലയ്ക്കാണ് കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ ഭരണകൂടം അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു വേട്ടയാടല്‍ നടത്തുന്നത്.

ഇത്തരം വേട്ടകള്‍ കൊണ്ട് പോപുലര്‍ ഫ്രണ്ടിനെ രാജ്യത്തിന്റെ ഭരണഘടനയെയും മതേതരത്വത്തെയും തകര്‍ക്കാനൊരുങ്ങുന്ന ആര്‍എസ്എസിനെതിരെയുള്ള നിലപാടുകളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാമെന്നാണ് കരുതുന്നതെങ്കില്‍ അത് വ്യാമോഹം മാത്രമായിരിക്കും. ഈ രാജ്യത്തെ തകര്‍ക്കുന്ന സംഘപരിവാരത്തിനെതിരെയുള്ള ജനകീയ പ്രതിരോധത്തിന്റെ സന്ദേശം കഴിഞ്ഞ മുപ്പത് വര്‍ഷമായി പോപുലര്‍ ഫ്രണ്ട് ഈ സമൂഹത്തില്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്. ആ സന്ദേശവും അതേറ്റെടുത്ത രാജ്യത്തെ സ്‌നേഹിക്കുന്ന ജനവിഭാഗങ്ങളും ഇവിടെത്തന്നെ ഉണ്ടാവും.

ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് രാത്രിയുടെ മറവില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റെയ്ഡ് നടത്തിയത്. സംസ്ഥാന കമ്മിറ്റി ഓഫിസിലും ജില്ലാ ഓഫീസുകളിലും റെയ്ഡ് നടന്നിട്ടുണ്ട്. ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it