Big stories

സാമ്പത്തിക സംരവണ ബില്ല് ലോക്‌സഭയില്‍ പാസായി

പ്രതിപക്ഷ നിരയില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി, ത്രിണമൂല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, കോണ്‍ഗ്രസ് എന്നിവ ബില്ലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നു.

സാമ്പത്തിക സംരവണ ബില്ല് ലോക്‌സഭയില്‍ പാസായി
X

ന്യൂഡല്‍ഹി: ജനറല്‍ കാറ്റഗറിയില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യഭ്യാസത്തിലും 10 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്ല് ലോക്‌സഭയില്‍ പാസായി. മേല്‍ജാതിക്കാര്‍ക്ക് സംവരണം ലഭ്യമാക്കുന്ന ബില്ല് ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ധൃതിപിടിച്ച് കൊണ്ടുവന്നിരിക്കുന്നത്. 323 അംഗങ്ങളാണ് ലോക്‌സഭയില്‍ ബില്ലിന് അനുകുലമായി വോട്ട് ചെയ്തത്. മുസ്്‌ലിം ലീഗ് പ്രതിനിധികളും എംഐഎം പ്രതിനിധി അസദുദ്ദീന്‍ ഉവൈസിയും എതിര്‍ത്ത് വോട്ട് ചെയ്തു. അണ്ണാ ഡിഎംകെ സഭയില്‍ നിന്നിറങ്ങിപ്പോയി.

പല പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുള്ളതിനാല്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലും ബില്ല് പാസാകാനാണ് സാധ്യത. രാജ്യസഭാ സമ്മേളനം ബുധനാഴ്ച്ച വരെ നീട്ടിയിട്ടുണ്ട്. ബില്ല് നാളെ രാജ്യസഭയില്‍ വയ്ക്കുമെന്നാണ് കരുതുന്നത്.

പ്രതിപക്ഷ നിരയില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി, ത്രിണമൂല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, കോണ്‍ഗ്രസ് എന്നിവ ബില്ലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് പിന്നീട് നിലപാട് മാറ്റിയിരുന്നു. ബില്ല് പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. സംവരണം 50 ശതമാനത്തില്‍ ഒതുക്കണമെന്ന സുപ്രിം കോടതി ഉത്തരവ് ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണത്തില്‍ മാത്രമാണ് ബാധകമാവുകയെന്ന് ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചാ വേളയില്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെട്ടു.

ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മണര്‍, രജപുത്തുകള്‍, ജാട്ടുകള്‍, മറാത്തകള്‍, ഭൂമിഹാറുകള്‍ തുടങ്ങി ഒരു വലിയ വിഭാഗത്തിന് സാമ്പത്തിക സവരണം പ്രയോജനം ചെയ്യും. ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് അഖിലേഷ് യാദവും ബില്ലിനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേ സമയം, സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ ഒബിസി വിഭാഗത്തിന്റെ സംവരണത്തോത് വര്‍ധിപ്പിക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ബില്ലിനെക്കുറിച്ച് വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല. അതേ സമയം, ബിഹാറിലെ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദള്‍ ബില്ലിനെ എതിര്‍ത്തു.

സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലുള്ള സംവരണത്തെ ഭരണഘടന അനുകൂലിക്കുന്നില്ലെന്നതിനാല്‍, ഭരണഘടനാ ഭേദഗതി ബില്ല് രാജ്യസഭയിലും ലോക്‌സഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പാസാകേണ്ടതുണ്ട്.

10 ശതമാനം സംവരണ നിര്‍ദേശം പ്രാവര്‍ത്തികമാവുമ്പോള്‍ സുപ്രിംകോടതി നിര്‍ദേശിച്ച മൊത്തം സംവരണത്തോതായ 50 ശതമാനത്തിന് മുകളില്‍ പോവുമെന്നതിനാല്‍ കോടതി ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കുമെന്ന കാര്യവും അവ്യക്തമാണ്. സമാന രീതിയിലുള്ള ചില സംസ്ഥാനങ്ങളുടെ നീക്കങ്ങള്‍ സുപ്രിം കോടതി നേരത്തേ റദ്ദാക്കിയിരുന്നു.




Next Story

RELATED STORIES

Share it