Latest News

മുഖ്യമന്ത്രിയാവാന്‍ 500 കോടിയെന്ന പരാമര്‍ശം; നവ്‌ജോത് കൗര്‍ സിദ്ദുവിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

മുഖ്യമന്ത്രിയാവാന്‍ 500 കോടിയെന്ന പരാമര്‍ശം; നവ്‌ജോത് കൗര്‍ സിദ്ദുവിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്
X

ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. 'മുഖ്യമന്ത്രിയാവാന്‍ 500 കോടി' എന്ന പരാമര്‍ശത്തിനു പിന്നാലെ പിസിസി മുന്‍ അധ്യക്ഷന്‍ നവ്‌ജോത് സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് കൗര്‍ സിദ്ദുവിനെ സസ്‌പെന്റ് ചെയ്ത് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കുന്നതായിരുന്നു നവ്‌ജോത് കൗര്‍ സിദ്ദുവിന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി ആകണമെങ്കില്‍ 500 കോടി രൂപയുടെ സ്യൂട്ട് കേസ് നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. തങ്ങളുടെ കയ്യില്‍ പണമില്ല, അവസരം നല്‍കിയാല്‍ പ്രവര്‍ത്തിച്ചു കാണിക്കും, പഞ്ചാബിനെ സുവര്‍ണ്ണ പഞ്ചാബാക്കും. നവ്‌ജോത് കൗര്‍ സിദ്ദു പറഞ്ഞു. പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായ അമരീന്ദര്‍ സിങ് രാജ വാറിങാണ് നവജോത് കൗര്‍ സിദ്ദുവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.

ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിങ് സിദ്ദു സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് നവജോത് കൗര്‍ സിദ്ദുവിന്റെ വിവാദപരാമര്‍ശം. നവജോത് കൗര്‍ സിദ്ദുവിനെതിരേ നടപടിയെടുക്കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് കോണ്‍ഗ്രസില്‍ ഉള്‍പ്പോര് രൂക്ഷമെന്നും ഇപ്പോള്‍ തന്നെ അഞ്ചു മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുണ്ടെന്നും നവ്‌ജോത് കൗര്‍ സിദ്ദു ആരോപിച്ചിരുന്നു.

ആരോപണം ഗൗരവമുള്ളതാണെന്നും കോണ്‍ഗ്രസ് വിശദീകരണം നല്‍കണമെന്നും ആം ആദ്മി പാര്‍ട്ടിയും ബിജെപിയും ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ നേതാക്കള്‍ മുതല്‍ താഴെത്തട്ടില്‍ വരെ അഴിമതിയാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. കോണ്‍ഗ്രസ് തങ്ങളുടെ നേതാക്കളെ തിരഞ്ഞെടുക്കുന്നത് പണം മാനദണ്ഡമാക്കിയാണെന്നായിരുന്നു ആം ആദ്മിയുടെ വിമര്‍ശനം. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി നവജോത് കൗര്‍ സിദ്ദു രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം വളച്ചൊടിക്കപ്പെട്ടത് കണ്ടപ്പോള്‍ താന്‍ ഞെട്ടിയെന്നും പാര്‍ട്ടി തങ്ങളോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു അവരുടെ വിശദീകരണം.

Next Story

RELATED STORIES

Share it