Kerala

സുലേഖ ബീവിയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്; കൊച്ചുമകന്റെ പേരില്‍ വധശ്രമം ഉള്‍പ്പെടെ അഞ്ചു കേസുകള്‍

സുലേഖ ബീവിയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്; കൊച്ചുമകന്റെ പേരില്‍ വധശ്രമം ഉള്‍പ്പെടെ അഞ്ചു കേസുകള്‍
X

ചവറ: ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചവറ വട്ടത്തറ കണിയാന്റയ്യത്ത് പരേതനായ ഉസ്മാന്റെ ഭാര്യ സുലേഖ ബീവി (63) ആണ് മരിച്ചത്. സുലേഖ ബീവിയുടെ മകള്‍ മുംതാസിന്റെ മകന്‍ വട്ടത്തറ ചായക്കാന്റയ്യത്ത് (കണിയാന്റയ്യത്ത്) ഷഹനാസ് (26) ആണ് അറസ്റ്റിലായത്. ഇന്നലെയാണ് സുലേഖ ബീവിവിയെ കൊല്ലപ്പെട്ട നിലയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ കണ്ടെത്തിയത്.

ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലിസ് കേസെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണ കാരണം സംബന്ധിച്ചു വ്യക്തത വന്നതോടെ കൊലപാതകക്കുറ്റം ചുമത്തി ഷഹനാസിനെതിരെ കേസെടുക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ചു വ്യക്തമായ വിവരം ഷഹനാസ് പോലിസിനോട് പറയുന്നില്ല. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചവറ പോലിസ് ഇന്‍സ്‌പെക്ടര്‍ എ.നിസാര്‍ പറഞ്ഞു.

വധശ്രമം ഉള്‍പ്പെടെ 5 കേസുകളില്‍ പ്രതിയാണ് ഷഹനാസ്. മദ്രസയിലേക്ക് പോയ വിദ്യാര്‍ഥിയെ വഴിയില്‍ തടഞ്ഞ് കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പിച്ച കേസിലാണ് വധശ്രമത്തിനു കേസുള്ളത്. കഞ്ചാവ് കേസിലും പ്രതിയാണ്. പണം ആവശ്യപ്പെട്ടു വീട്ടില്‍ വഴക്കിടാറുണ്ട്. മകള്‍ മുംതാസിനും മക്കള്‍ക്കും ഒപ്പമായിരുന്നു സുലേഖ ബീവി താമസിച്ചു വന്നത്. മുംതാസ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ഇവര്‍ വിവാഹത്തിനു പോയി തിരികെ എത്തിയപ്പോഴാണ് സുലേഖ ബീവിയെ കാണാതായത്. വൈകിട്ട് 3 മണിവരെ വീടിനു പുറത്ത് കണ്ടവരുണ്ട്. ഈ സമയം ഷഹനാസ് വീട്ടില്‍ ഉണ്ടായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാര്‍ തടിച്ചു കൂടിയതോടെ വീട്ടില്‍ ഉണ്ടായിരുന്ന മുംതാസ് ആത്മഹത്യാ ശ്രമവും നടത്തി. സ്ഥലത്ത് എത്തിയ പോലിസ് കതക് തുറന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സുലേഖ ബീവിയുടെ മൃതദേഹം കൊട്ടുകാട് മുസ്ലിംജമാഅത്ത് കബര്‍സ്ഥാനില്‍ കബറടക്കി.



Next Story

RELATED STORIES

Share it