Sub Lead

ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടര്‍ കണ്ടെത്താനായില്ല; പ്രസിഡന്റിനു വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം

ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടര്‍ കണ്ടെത്താനായില്ല; പ്രസിഡന്റിനു വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം
X

തെഹ്റാന്‍: അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടര്‍ ഇനിയും കണ്ടെത്താനായില്ല. രക്ഷാസംഘം സംഭവസ്ഥലത്തെക്ക് എത്തിയിട്ടുണ്ടെങ്കിലും കനത്ത മഴയും മൂടല്‍മഞ്ഞും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പ്രസിഡന്റിനു വേണ്ടി പ്രാര്‍ഥിക്കാന്‍ ഇറാനികളോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് വാര്‍ത്താ ഏജന്‍സി ഫാര്‍സ്. അപകടവിവരം ഇറാന്‍ ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാന്‍ സമയം വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. പ്രസിഡന്റിനു പുറമെ ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍, ഈസ്റ്റ് അസര്‍ബൈജാന്‍ ഗവര്‍ണര്‍ മാലിക് റഹ്‌മതി എന്നിവര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഇറാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഈസ്റ്റ് അസര്‍ബൈജാനിലെ ജോല്‍ഫയില്‍ അടിയന്തരമായി നിലത്തിറക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക ഇറാന്‍ ടെലിവിഷനായ 'പ്രസ് ടി.വി' റിപ്പോര്‍ട്ട് ചെയ്യുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണിതെന്നാണു വിവരം. ജോല്‍ഫയ്ക്കും വര്‍സഖാന്‍ നഗരത്തിനും ഇടയിലുള്ള ദിസ്മാര്‍ വനത്തിലാണു സംഭവം.

അപകടം നടന്ന് ഒരു മണിക്കൂറിനകം രക്ഷാപ്രവര്‍ത്തകരും പോലിസും സംഭവസ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. തെഹ്റാന്‍, ആല്‍ബോര്‍സ്, അര്‍ദബീല്‍, സന്‍ജാന്‍, ഈസ്റ്റ് അസര്‍ബൈജാന്‍, വെസ്റ്റ് അസര്‍ബൈജാന്‍ എന്നീ പ്രവിശ്യകളില്‍ നിന്നെല്ലാമായി 40ഓളം രക്ഷാ സംഘങ്ങള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. റെഡ് ക്രസന്റിന്റെ 15 കെ-9 സംഘങ്ങളും രണ്ട് റെഡ് ക്രസന്റ് ഡ്രോണുകളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ചേര്‍ന്നിട്ടുണ്ട്.

എന്നാല്‍, കനത്ത മൂടല്‍മഞ്ഞും മഴയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. റെഡ് ക്രസന്റിന്റെ ഹെലികോപ്ടറുകള്‍ക്ക് പ്രദേശത്തിലൂടെ പറക്കാന്‍ സാധിക്കുന്നില്ലെന്ന് പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ വനപ്രദേശങ്ങളില്‍ ഹെലികോപ്ടറിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ഇറാന്‍-അസര്‍ബൈജാന്‍ ഒരു ഡാമിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു പ്രസിഡന്റ് റഈസിയും സംഘവും. അയല്‍രാജ്യമായ അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.






Next Story

RELATED STORIES

Share it