സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിയ സുപ്രിം കോടതി വിധി സ്വാഗതം ചെയ്ത് കെയുഡബ്ല്യുജെ
സംഭവ സ്ഥലം സന്ദര്‍ശിച്ച് റിപോര്‍ട്ട് ചെയ്യുക എന്ന മാധ്യമപ്രവര്‍ത്തകന്റെ കൃത്യ നിര്‍വ്വഹണത്തിന് ഇടയിലായിരുന്നു കാപ്പന്റെ അറസ്റ്റ്. ഉത്തര്‍പ്രദേശിലെ ഹാത്‌റസില്‍ നടന്ന അതിക്രൂരമായ സംഭവം നേരിട്ടു മനസിലാക്കി റിപോര്‍ട്ട് ചെയ്യാനായുളള യാത്രക്കിടെയായിരുന്നു അറസ്റ്റ്.

കോഴിക്കോട്: രണ്ടു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം മുന്‍ സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ച സുപ്രിംകോടതി ഉത്തരവ് സ്വാഗതാര്‍ഹവും മാധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തില്‍ ചരിത്രപരവുമാണെന്ന് കെയുഡബ്ല്യുജെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സംഭവ സ്ഥലം സന്ദര്‍ശിച്ച് റിപോര്‍ട്ട് ചെയ്യുക എന്ന മാധ്യമപ്രവര്‍ത്തകന്റെ കൃത്യ നിര്‍വ്വഹണത്തിന് ഇടയിലായിരുന്നു കാപ്പന്റെ അറസ്റ്റ്. ഉത്തര്‍പ്രദേശിലെ ഹാത്‌റസില്‍ നടന്ന അതിക്രൂരമായ സംഭവം നേരിട്ടു മനസിലാക്കി റിപോര്‍ട്ട് ചെയ്യാനായുളള യാത്രക്കിടെയായിരുന്നു അറസ്റ്റ്.
യുപി പോലിസ് കള്ളക്കേസുണ്ടാക്കിയും യുഎപിഎ ചുമത്തിയും ജയിലിലടച്ചു. മാധ്യമപ്രവര്‍ത്തകനായ കാപ്പനെ ഭീകരവാദിയായി ചിത്രീകരിക്കാന്‍ പല രീതിയിലുള്ള ആരോപണങ്ങളും പ്രചാരണങ്ങളും പോലിസും ഒരു വിഭാഗവും കെട്ടിച്ചമച്ചു.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി പത്രപ്രവര്‍ത്തക യൂനിയന്‍ സുപ്രിംകോടതിയെ സമീപിച്ചതു മുതല്‍ പല തരത്തിലും കേസ് വൈകിപ്പിക്കാനും അട്ടിമറിക്കാനും യുപി സര്‍ക്കാറും പോലിസും ശ്രമിക്കുകയുണ്ടായി.
കാപ്പനു നീതിക്കായുള്ള പോരാട്ടത്തില്‍ ഉറച്ചു നിന്ന പത്രപ്രവര്‍ത്തക യൂനിയനും അതിന്റെ ഭാരവാഹികള്‍ക്കുമെതിരേ വ്യാജപരാതികളും ആക്ഷേപങ്ങളും ചിലര്‍ ഉയര്‍ത്തി. സിദ്ദിഖ് കാപ്പന്റെ ഭാര്യക്കെതിരേയും ആരോപണങ്ങളുയര്‍ത്തി. എല്ലാറ്റിനേയും അതിജീവിച്ചാണ് പത്രപ്രവര്‍ത്തക യൂണിയനും കാപ്പന്റെ കുടുംബവും നിയമപോരാട്ടവുമായി മുന്നോട്ടു പോയത്. ഭരണഘടന ഉറപ്പു നല്‍കുന്ന മാധ്യമസ്വാതന്ത്ര്യത്തിനെതിരേ ഭരണകൂട വേട്ടയാടല്‍ നടന്നപ്പോഴൊക്കെ നീതിക്കുവേണ്ടി നില്‍ക്കാനും അതതു സമയത്തു നീതിപീഠത്തെ സമീപിക്കാനും യൂനിയനു സാധിച്ചു.
ഇത്തരം പോരാട്ടങ്ങളുടെ ആകെത്തുകയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ച സുപ്രിംകോടതി വിധി. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തില്‍ ചരിത്രപരമായ അധ്യായമായി ഈ കേസിലെ നിയമ പോരാട്ടം വിലയിരുത്തപ്പെടുമെന്ന് തങ്ങള്‍ കരുതുന്നു. അതിനായി ഒപ്പം നിന്ന ഡല്‍ഹി യൂനിയന്‍ ഓഫ് ജേണലിസ്റ്റ്‌സ് (ഡിയുജെ), പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ, അഴിമുഖം ഉള്‍പ്പെടെയുള്ള മാധ്യമസ്ഥാപനങ്ങള്‍, ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ആദ്യഘട്ടത്തില്‍ യൂനിയനു വേണ്ടിയും ഇപ്പോള്‍ സിദ്ദിഖ് കാപ്പന്റെ കുടുംബത്തിനു വേണ്ടിയും ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, സിദ്ദിഖിനു വേണ്ടി ഹാജരായ അഡ്വ.ദുഷ്യന്ത് ദവേ, യൂനിയനു വേണ്ടി കേസിന്റെ മേല്‍നോട്ടം വഹിച്ച അഡ്വ.വില്‍സ് മാത്യൂസ്, സിദ്ദിഖിന്റെ കുടുംബത്തിനു വേണ്ടി കേസില്‍ മേല്‍നോട്ടം നിര്‍വഹിച്ച അഡ്വ. ഹാരീസ് ബീരാന്‍, യുപി ഹൈക്കോടതിയില്‍ അഭിഭാഷകരായ ഐ ബി സിങ്, ഇഷാന്‍ ബാഗേല്‍, കേസില്‍ സഹായിച്ച മറ്റ് അഭിഭാഷകര്‍, മാധ്യമസുഹൃത്തുക്കള്‍, പൊതു സമൂഹം, സിദ്ദീഖിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങി ഈ പോരാട്ടത്തില്‍ കൂടെ നിന്നവര്‍ക്കെല്ലാം പത്രപ്രവര്‍ത്തക യൂണിയന്‍ നന്ദിയും അഭിവാദ്യവും അറിയിക്കുന്നു.
സിദ്ദിഖ് കാപ്പന്റെ നിരപരാധിത്വം തെളിയിക്കാനും മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാനും വേണ്ടിയുളള പോരാട്ടം ഇനിയും തുടരുമെന്ന് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും അറിയിച്ചു.
RELATED STORIES
കരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്ണൂരില് ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ച് സഹോദരിമാര് മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള് മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില് ആദിവാസി യുവതിയുടെ ഗര്ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMTപട്ടാമ്പി നഗരസഭ മുന്‍ ചെയര്മാന് കെഎസ് ബിഎ തങ്ങള്‍ അന്തരിച്ചു
30 July 2023 1:24 PM GMT