Special

ബാഴ്‌സയ്ക്ക് ഇന്ന് ചാംപ്യന്‍സ് ലീഗില്‍ ഫൈനലിന് വെല്ലും പോരാട്ടം; എതിരാളി ഇന്റര്‍ മിലാന്‍

ആദ്യ മല്‍സരത്തില്‍ ഗ്രൂപ്പില്‍ ഒന്നാമതുള്ള ബയേണ്‍ മ്യുണിക്കിനോടും ബാഴ്‌സ പരാജയപ്പെട്ടിരുന്നു.

ബാഴ്‌സയ്ക്ക് ഇന്ന് ചാംപ്യന്‍സ് ലീഗില്‍ ഫൈനലിന് വെല്ലും പോരാട്ടം; എതിരാളി ഇന്റര്‍ മിലാന്‍
X


ക്യാംപ് നൗ: ചാംപ്യന്‍സ് ലീഗിലെ ഈ സീസണിലെ ബാഴ്‌സയുടെ ഭാവി ഇന്ന് അര്‍ദ്ധരാത്രി അറിയാം. ഗ്രൂപ്പ് സിയില്‍ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള കറ്റാലന്‍സ് ഇന്ന് തോറ്റാല്‍ ലീഗില്‍ നിന്ന് പുറത്താവും. ഇന്നത്തെ എതിരാളികള്‍ ഇറ്റാലിയന്‍ പ്രമുഖര്‍ ഇന്റര്‍മിലാനാണ്. ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ ഇന്റര്‍ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സയെ പരാജയപ്പെടുത്തിയിരുന്നു. നിര്‍ണ്ണായകമായ ബാഴ്‌സയുടെ ഒരു ഗോള്‍ വാര്‍ നിഷേധിച്ചതാണ് അവരുടെ തോല്‍വിക്ക് കാരണം. ആറ് പോയിന്റുമായി ഇന്റര്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ബയേണിനൊപ്പം ഇന്ററിനും പ്രീക്വാര്‍ട്ടര്‍ സ്വപ്‌നം കാണാം.

വന്‍ താരനിര ഉണ്ടായിട്ടും ടീമിനെ ജയിപ്പിക്കാന്‍ കഴിയാത്തതാണ് ബാഴ്‌സയുടെ പോരായ്മ. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെന്ന ഗോള്‍ മെഷീന്‍ സ്‌കോര്‍ ചെയ്യാന്‍ വിഷമിക്കുന്നത് ബാഴ്‌സയ്ക്ക് തലവേദനയാണ്. കോച്ച് സാവി ഇന്നത്തെ മല്‍സരത്തെ സൂചിപ്പിച്ചത് മരണപോരാട്ടമാണെന്നാണ്. സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കറ്റാലന്‍സ് ചാംപ്യന്‍സ് ലീഗില്‍ ഫോം തിരിച്ചുപിടിക്കാന്‍ കഴിയുന്നില്ല. ഇന്നത്തെ മല്‍സരം അഭിമാനപോരാട്ടമാണ്. ജയത്തില്‍ കുറഞ്ഞതൊന്നും ടീമിന് വേണ്ട. ഇന്ററിന് വീഴ്ത്തുമെന്നാണ് പ്രതീക്ഷയെന്നും കോച്ച് സാവി പറയുന്നു. വിക്ടോറിയ പ്ലസെനെതിരായ ഒരു ജയം മാത്രമാണ് ബാഴ്‌സയുടെ അക്കൗണ്ടിലുള്ളത്. ആദ്യ മല്‍സരത്തില്‍ ഗ്രൂപ്പില്‍ ഒന്നാമതുള്ള ബയേണ്‍ മ്യുണിക്കിനോടും ബാഴ്‌സ പരാജയപ്പെട്ടിരുന്നു. ഇന്ന് ബയേണിന്റെ എതിരാളി വിക്ടോറിയയാണ്.

ഇന്ന് ചാംപ്യന്‍സ് ലീഗില്‍ നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ റെയ്‌ഞ്ചേഴ്‌സിനെ നേരിടും. ഗ്രൂപ്പ് എയില്‍ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള നപ്പോളി അയാകസിനെ നേരിടും. റേയ്‌ഞ്ചേഴ്‌സ് നേരത്തെ പുറത്തായിരുന്നു.

ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ അവസാന സ്ഥാനത്തുള്ള മാര്‍സിലെയെ നേരിടും. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം മൂന്നാം സ്ഥാനത്തുള്ള ഫ്രാങ്ക്ഫര്‍ട്ടിനെ നേരിടും. ഇരുടീമിനും നാല് പോയിന്റാണുള്ളത്.

ഗ്രൂപ്പ് ബിയില്‍ നടക്കുന്ന മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള ക്ലബ്ബ് ബ്രൂഗ്‌സ് അവസാന സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ഇതേ ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള എഫ് സി പോര്‍ട്ടോ മൂന്നാം സ്ഥാനത്തുള്ള ബയേണ്‍ ലെവര്‍കൂസനെ നേരിടും. ബ്രൂഗ്‌സ് ഒഴികെയുള്ള ഗ്രൂപ്പിലെ മൂന്ന് ടീമിനും മൂന്ന് പോയിന്റ് വീതമാണുള്ളത്. ഇന്ന് ജയിക്കുന്ന ടീമിന് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ പുലര്‍ത്താം.


Next Story

RELATED STORIES

Share it