Football

ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന ഹോം മല്‍സരം;എതിരാളികള്‍ ബാംഗ്ലൂര്‍ സിറ്റി എഫ് സി

വൈകിട്ട് 7.30നാണ് കിക്കോഫ്. ആദ്യപാദത്തില്‍ ബാംഗ്ലൂരില്‍ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. സ്വന്തം കാണികളുടെ മുന്നില്‍ ആ തോല്‍വിക്ക് പകരംവിട്ടുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഇതുവരെ അഞ്ച് തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ നാലിലും ബാംഗ്ലൂരിനായിരുന്നു വിജയം. ഒരു മല്‍സരം സമനിലയില്‍ കലാശിച്ചു. ഒരിക്കല്‍ പോലും ബാംഗ്ലൂരിനെ മറികടക്കാന്‍ മഞ്ഞപ്പടയ്ക്കായിട്ടില്ല

ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന ഹോം മല്‍സരം;എതിരാളികള്‍ ബാംഗ്ലൂര്‍ സിറ്റി എഫ് സി
X

കൊച്ചി: അവസാന ഹോം മല്‍സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. ലിഗില്‍ നിന്ന് പുറത്തായ ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത് അവസാന നാലിലേക്ക് യോഗ്യത നേടിക്കഴിഞ്ഞ കരുത്തരായ ബാംഗ്ലൂര്‍ എഫ്‌സിയെയാണ്. വൈകിട്ട് 7.30നാണ് കിക്കോഫ്. ആദ്യപാദത്തില്‍ ബാംഗ്ലൂരില്‍ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. സ്വന്തം കാണികളുടെ മുന്നില്‍ ആ തോല്‍വിക്ക് പകരംവിട്ടുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഇതുവരെ അഞ്ച് തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ നാലിലും ബാംഗ്ലൂരിനായിരുന്നു വിജയം. ഒരു മല്‍സരം സമനിലയില്‍ കലാശിച്ചു. ഒരിക്കല്‍ പോലും ബാംഗ്ലൂരിനെ മറികടക്കാന്‍ മഞ്ഞപ്പടയ്ക്കായിട്ടില്ല. സെമിയില്‍ കയറിയെങ്കിലും ബ്ലാസ്റ്റേഴ്‌സുമായുള്ള മല്‍സരത്തെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രി നേരത്തെ വ്യക്തമാക്കി കഴിഞ്ഞു. കരുത്തരായ കളിക്കാരെ തന്നെ കൊച്ചിയില്‍ ഇറക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

കാര്യമായൊന്നും ചെയ്യാനാകാതെയാണ് ബ്ലാസ്റ്റേഴ്‌സ് ആറാം സീസണിന്റെ അവസാനത്തോട് അടുക്കുന്നത്. ആകെ കളിച്ച 16 മല്‍സരത്തില്‍ നിന്ന് ലഭിച്ച 15 പോയിന്റാണ് കൈയ്യിലുള്ളത്. ഇതില്‍ മൂന്ന് ജയവും ആറ് സമനിലയും ഏഴ് തോല്‍വിയുമുണ്ട്. പോയിന്റ് നിലയില്‍ എട്ടാം സ്ഥാനത്താണ് മഞ്ഞപ്പട. മറുവശത്ത് മൂന്നാം സ്ഥാനത്ത് 29 പോയിന്റുള്ള ബാംഗ്ലൂര്‍ എഫ്‌സി അവസാന നാലില്‍ ഇടം ഉറപ്പിച്ചുകഴിഞ്ഞു. മികച്ച പ്രകടനാണ് ഈ സീസണിലും ബാംഗ്ലൂര്‍ ആവര്‍ത്തിച്ചത്. 16 കളിയില്‍ 10 വിജയിച്ചപ്പോള്‍ തോല്‍വി മൂന്നണ്ണം മാത്രം. മൂന്ന് സമനിലയും അവരുടെ അക്കൗണ്ടിലുണ്ട്. എഫ്‌സി ഗോവ, കൊല്‍ക്കത്ത ടീമുകളാണ് പ്ലേ ഓഫിലേക്ക് കയറിയവര്‍. ശേഷിക്കുന്ന ഒരു സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നത് ചെന്നൈയും ഒഡീഷയും മുംബൈയുമാണ്. ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം മറക്കാനാഗ്രഹിക്കുന്ന ഒരു സീസണാണ് അവസാനമാകുന്നത്. ഒരു എവേ മല്‍സരംകൂടി അവശേഷിക്കുന്നുണ്ട്. അവസാന ഹോം മല്‍സരമാണെന്ന തിരിച്ചറിവില്‍ ആരാധകര്‍ക്ക് ഒരു ആശ്വാസ ജയം സമ്മാനിക്കുവാനുള്ള തയാറെടുപ്പിലാണ് ടീം.

സസ്‌പെന്‍ഷന്‍ കഴിഞ്ഞ് കോച്ച് എല്‍കോ ഷാട്ടോരിയും ഇന്ന് പരിശീലകന്റെ കുപ്പായമണിയും. തുടര്‍ പരിക്കുകളാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ വലച്ചത്. പ്രതീക്ഷയോടെ ടീമിലെത്തിച്ച വിദേശകളിക്കാരെ കാര്യമായെന്നും ഉപയോഗിക്കുവാന്‍ ഷാട്ടോരിക്ക് കഴിഞ്ഞില്ല. പ്രീ സീസണില്‍ പരിക്കേറ്റ സന്ദേശ് ജിങ്കന്‍ ഒരു കളി പോലും കളിക്കാതെയാണ് ആറാം സീസണില്‍ നിന്ന് കളമൊഴിഞ്ഞത്. ഗോളടിച്ച് കൂട്ടുന്ന ഒഗ്ബച്ചേയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍. അവസാന മല്‍സരത്തിലെ ഹാട്രിക് അടക്കം 11 ഗോളുകളാണ് ഒഗ്ബച്ചേ നേടിയത്. മെസി ബൗളിയും ഗോളുകള്‍ കണ്ടെത്തിയെങ്കിലും പ്രതിരോധ നിരയിലുള്ള വിള്ളലുകളാണ് ടീമിനെ പ്രകടനത്തെ ബാധിച്ചത്. ആദ്യം ഗോളടിച്ച് മുന്നിലെത്തിയ അഞ്ചിലധികം മല്‍സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. അവസാന മിനിട്ടില്‍ പടിക്കല്‍ കലമുടയ്ക്കുന്ന രീതിയില്‍ കളിച്ചാണ് പലകളികളും തോല്‍വി ഇരന്നുവാങ്ങിയത്. ജയിച്ചാല്‍ നേരിട്ട് എഎഫ്സി കപ്പിലേക്കുള്ള യോഗ്യത കിട്ടുമെന്നിരിക്കെ പ്രധാനതാരങ്ങളെയെല്ലാം കളത്തിലിറക്കുവാനാണ് ബാംഗ്ലൂര്‍ ലക്ഷ്യമിടുന്നത്.

Next Story

RELATED STORIES

Share it