Latest News

സുരേഷ് ഗോപിക്ക് തിരിച്ചടി: ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി

സുരേഷ് ഗോപിക്ക് തിരിച്ചടി: ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി
X

കൊച്ചി: സുരേഷ് ഗോപിക്കെതിരായ തിരഞ്ഞെടുപ്പ് ഹരജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജി തള്ളാനാവില്ലെന്നും തൃശൂരിലെ ലോക്സഭാംഗത്വം റദ്ദാക്കണം എന്ന ആവശ്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുമുള്ള തിരഞ്ഞെടുപ്പ് അസാധുവാണെന്നുള്ള ഹരജി തള്ളണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി നല്‍കിയ ഉപഹരജി ഹൈക്കോടതി തള്ളിക്കളഞ്ഞു.

തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹരജി തള്ളിക്കളയാനാവില്ലെന്നും അത് പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വി എസ് സുനില്‍ കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. അതേസമയം, തന്റെ പക്ഷത്ത് ന്യായമുണ്ടെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ന്യായം കോടതിയെ ബോധിപ്പിക്കും. കേസ് കൊടുത്തവര്‍ക്ക് അവകാശമുള്ളതുപോലെ തങ്ങള്‍ക്കും മേല്‍ക്കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2024ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച സുരേഷ് ഗോപി തിരഞ്ഞെടുപ്പ് വേളയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. തെളിവുകള്‍ സഹിതം സമര്‍പ്പിച്ച ഹരജി നിലനില്‍ക്കില്ലെന്ന വാദമാണ് കോടതി തള്ളിയത്.

Next Story

RELATED STORIES

Share it