Latest News

എത്ര ഉന്നതനായാലും പരാതി വന്നാല്‍ നിയമനടപടി സ്വീകരിക്കും; സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍

എത്ര ഉന്നതനായാലും പരാതി വന്നാല്‍ നിയമനടപടി സ്വീകരിക്കും; സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍
X

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിന്റെ ഭാഗത്തുനിന്നും മോശം സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പരാതിയില്‍ വസ്തുത ഉണ്ട് എന്നതിനാലാണ് റിമാന്‍ഡ് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നയം ക്യാബിനറ്റ് അംഗീകരിച്ചു. സിനിമ സെറ്റുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് പ്രധാനം. ഒരു സിനിമാ നയം കേരളത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. അടുത്ത സര്‍ക്കാര്‍ നിയമനിര്‍മാണത്തിലേക്ക് കടക്കും. സിനിമാ സെറ്റുകളില്‍ പല സംഭവങ്ങള്‍ നടന്നതിനാല്‍ ആണ് സിനിമാ നയം കൊണ്ടുവന്നത്. ആ നയം തുടരുന്നു എന്നതാണ് ഈ അറസ്റ്റ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ചലച്ചിത്ര അക്കാദമി നന്നായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് രഞ്ജിത്തിനെ ചെയര്‍മാന്‍ ആക്കിയത്. നല്ല രീതിയില്‍ രഞ്ജിത്ത് അക്കാദമി മുന്നോട്ടുകൊണ്ടുപോയി. ഏതെങ്കിലും ഒരു സ്ഥാനത്തേക്ക് ഒരാളെ എടുക്കുമ്പോള്‍ ആ രംഗത്തെ അയാളുടെ കഴിവാണ് നോക്കുന്നത്. സിനിമ രംഗത്ത് അദ്ദേഹം ശ്രദ്ധേയമായ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനിടെയാണ് പരാതികള്‍ വന്നതെന്നും ഇരയോടൊപ്പമാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു.

എത്ര ഉന്നതനായാലും പരാതി വന്നാല്‍ നിയമനടപടി സ്വീകരിക്കും. ആര് എന്നുള്ള ചോദ്യങ്ങള്‍ ഒന്നുമില്ല. പരാതിയില്‍ വസ്തുത ഉള്ളതുകൊണ്ടാണ് അറസ്റ്റ് ചെയ്തത്.ആരുടെയും സംരക്ഷണം ആര്‍ക്കും ഉണ്ടാകില്ല. നയം വരുന്നതിന് മുമ്പ് മോശമായ രീതിയില്‍ സെറ്റുകളില്‍ വനിതകളോട് പെരുമാറുന്നത് പതിവായിരുന്നു. ഇപ്പോള്‍ ആക്ഷേപങ്ങള്‍ കുറഞ്ഞിട്ടുണ്ട്. പരാതി ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടപടിയെടുക്കും. നിയമനിര്‍മ്മാണം നടത്തുമ്പോള്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കും തുല്യ പരിഗണന ഉണ്ടാകും. പരാതി കൊടുക്കാനുള്ളവര്‍ക്ക് പരാതി കൊടുക്കാം. പരാതിയില്‍ ഉറച്ച് നില്‍ക്കണമെന്നും പരാതിയില്‍ വസ്തുത ഉണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it