Football

ഐഎസ്എല്‍: പോരാട്ടം പൊടിപാറും: അര്‍ജന്റീനിയന്‍ പ്ലേമേക്കര്‍ ഫകുണ്ടോ ബ്ലാസ്റ്റേഴ്‌സില്‍

എതിരാളികള്‍ക്കെതിരെ ചടുലമായ ആക്രമണ നീക്കങ്ങള്‍ക്ക് പേരുകേട്ട അര്‍ജന്റീനിയന്‍ താരം ഫകുണ്ടോ എബെല്‍ പെരേയ്‌റാ ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തി. ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ആദ്യ വിദേശതാരമാണ് ഫകുണ്ടോ പെരേയ്‌റ

ഐഎസ്എല്‍: പോരാട്ടം പൊടിപാറും: അര്‍ജന്റീനിയന്‍ പ്ലേമേക്കര്‍ ഫകുണ്ടോ ബ്ലാസ്റ്റേഴ്‌സില്‍
X

കൊച്ചി: ഐഎസ എല്‍ ഏഴാം സീസണില്‍ ഗോവയിലെ അടച്ചിട്ട സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സ് പോരാട്ടം പൊടിപാറുമെന്നുറപ്പായി. എതിരാളികള്‍ക്കെതിരെ ചടുലമായ ആക്രമണ നീക്കങ്ങള്‍ക്ക് പേരുകേട്ട അര്‍ജന്റീനിയന്‍ താരം ഫകുണ്ടോ എബെല്‍ പെരേയ്‌റാ ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തി. ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ആദ്യ വിദേശതാരമാണ് ഫകുണ്ടോ പെരേയ്‌റ. അര്‍ജന്റീനയിലെ തുറമുഖ നഗരമായ സരാട്ടെ സ്വദേശിയായ പെരേയ്‌റ അമേച്വര്‍ ടീമായ എസ്റ്റുഡിയന്റ്‌സ് ഡി ബ്യൂണസ് അയേഴ്‌സിലാണ് തന്റെ ഔദ്യോഗിക ഫുട്ബാള്‍ ജീവിതം ആരംഭിച്ചത്.

2006മുതല്‍ 2009 വരെ അവിടെ തുടര്‍ന്ന അദ്ദേഹം ലോണില്‍ ചിലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബായ പലസ്തീനോയിലേക്ക് എത്തപ്പെടുകയും ടീമിനായി ആറ് മല്‍സരങ്ങളില്‍ നിന്ന് രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടി. തുടര്‍ വര്‍ഷങ്ങളില്‍ ചിലിയന്‍, മെക്‌സിക്കന്‍, അര്‍ജന്റീനിയന്‍ ലീഗുകളില്‍ മാറി മാറി മാറ്റുരച്ച അദ്ദേഹം പിന്നീട് ഗ്രീക്ക് ക്ലബ്ബായ പിഎഒകെയ് ക്കായി (PAOK) ബൂട്ടണിഞ്ഞു. സ്‌ട്രൈക്കറായും, ക്രിയേറ്റീവ് മിഡ്ഫീല്‍ഡറായും കളിക്കാന്‍ കഴിയുന്ന പെരേയ്‌റയുടെ കരിയറിലെ ഏറ്റവും മികച്ച നീക്കമായി ആണ് അതിനെ വിലയിരുത്തുന്നത്. അന്നത്തെ പിഎഒകെ പരിശീലകന്‍, 'ഫാനൂറിസ്' എന്ന് വിശേഷിപ്പിച്ച പെരേയ്‌റ 3 വര്‍ഷം കൊണ്ട് രണ്ട് ലോണുകളില്‍ നിന്നായി 14 തവണ ടീമിനായി വലചലിപ്പിച്ചിട്ടുണ്ട്. ഇടതുകാല്‍ കളിക്കാരനായ അദ്ദേഹം 2018ല്‍ അപ്പോളന്‍ ലിമാസ്സോളില്‍ എത്തുകയും ക്ലബ്ബിനായി യോഗ്യത മത്സരങ്ങള്‍ ഉള്‍പ്പടെ 53 മത്സരങ്ങളില്‍ നിന്നായി 14 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കി. ബോക്‌സില്‍ പെരേയ്‌റയുടെ ചടുലതയും, അനുഭവവ പരിജ്ഞാനവും, അര്‍ജന്റീനിയന്‍ നിലവാരവും സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്ക് കരുത്താകും.

ഇന്ത്യയിലെ ഏറ്റവും ആരാധക പിന്തുണയുള്ള ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി കരാറിലെത്തുന്നത് പദവിയായി താന്‍ കാണുന്നുവെന്ന് ഫകുണ്ടോ പെരേര പറഞ്ഞു.ഇന്ത്യയില്‍ കളിക്കുക എന്നത് തന്നെ തന്റെ ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും സന്തോഷകരവും, ആശ്ചര്യം നിറഞ്ഞതുമാണ്. ഫുട്‌ബോളിന്റെ വികസനത്തിനായുള്ള ക്ലബ്ബിന്റെയും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെയും പദ്ധതികളും കേരളത്തെകുറിച്ചുള്ള രസകരമായ നിരവധി വസ്തുതകളും, പ്രത്യേകിച്ചും ആരാധകരും, ഫുട്‌ബോളിനോടുള്ള അവരുടെ അഭിനിവേശവും തന്നെ പ്രചോദിപ്പിച്ചു. ആരാധകര്‍ക്ക് ആസ്വദിക്കുവാന്‍ സാധിക്കുന്നതരത്തില്‍ ക്ലബ്ബിന്റെ വിജയത്തിനായി സാധ്യമായ എല്ലാ വഴികളിലൂടെയും താന്‍ സംഭാവന നല്‍കുമെന്നും ഫകുണ്ടോ പെരേര പറഞ്ഞു.

ഫകുണ്ടോ കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കെബിഎഫ്‌സി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.തെക്കേ അമേരിക്കയിലെയും യൂറോപ്പിലെയും നിരവധി ഉന്നത ക്ലബ്ബുകളുടെ ഭാഗമായി ചില മുന്‍നിര ലീഗുകളില്‍ കളിച്ച അദ്ദേഹം മികച്ച ഫുട്‌ബോള്‍ അനുഭവ സമ്പത്തുള്ള കളിക്കാരനാണ്. വരാനിരിക്കുന്ന സീസണില്‍ ടീമിനെ ശക്തിപ്പെടുത്തുന്നതിനും, ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഉറപ്പാക്കുന്നതിനും സഹായിക്കുന്ന വൈവിധ്യമാര്‍ന്ന ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയാണ് ഫകുണ്ടോയെന്നും കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

Next Story

RELATED STORIES

Share it