Latest News

കോയമ്പത്തൂരില്‍ കാറപകടം: രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

കോയമ്പത്തൂരില്‍ കാറപകടം: രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു
X

പാലക്കാട്: കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ ചാവടിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം ചേരുംകാട് സ്വദേശി സി അജിത് (25), പാലക്കാട് പിരായിരി പ്രതീക്ഷനഗര്‍ സ്വദേശി ജി വിനീഷ് (34) എന്നീ മലയാളികളാണ് മരിച്ചത്. ഇന്നോവ കാറില്‍ സഞ്ചരിച്ച തമിഴ്‌നാട് സ്വദേശിയായ അദിത്ത്(29)എന്നയാളും അപകടത്തില്‍ മരിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന ചിറ്റൂര്‍ സ്വദേശി അഭിലാഷ്(20), കാടാങ്കോട് സ്വദേശി സുനില്‍(40) എന്നിവരെ പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിലാഷിന്റെ പരിക്ക് ഗുരുതരമായതിനാല്‍ രാത്രിയോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവര്‍ ഫോട്ടോഗ്രാഫര്‍മാരാണ്. കോയമ്പത്തൂരില്‍ വിവാഹച്ചടങ്ങിന്റെ ഫോട്ടോഗ്രഫി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട നാലുപേരും പാലക്കാട് വിക്ടോറിയ കോളേജിന് സമീപത്തെ സ്റ്റുഡിയോയിലെ ജീവനക്കാരാണ്. വൈകിട്ട് ചാവടി മേല്‍പ്പാലത്തിലായിരുന്നു അപകടം. സര്‍വീസ് റോഡിലൂടെ ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ എതിര്‍ദിശയില്‍നിന്ന് അമിതവേഗത്തിലെത്തിയ ഇന്നോവ കാര്‍ ഡിവൈഡര്‍ തകര്‍ത്തുവന്ന് ഇടിച്ചുകയറുകയായിരുന്നു. ഇരുവാഹനങ്ങളും തലകീഴായി മറിഞ്ഞു. വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

പരിക്കേറ്റ അജിത്തിനെ കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിനീഷിനെ വാളയാര്‍ പിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. തുടര്‍ന്ന് വിനീഷിന്റെ മൃതദേഹം കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. സംഭവത്തില്‍ കെ ജി ചാവടി പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it