Football

ഇനി കളിമാറും;കനേറിയന്‍ മിഡ്-ഫീല്‍ഡര്‍ വിസെന്റ് ഗോമസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

വിസെന്റ് ഗോമസുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് കരാറില്‍ ഒപ്പിട്ടു.ക ബി എഫ് സിക്ക് വേണ്ടി കളിക്കുന്നതിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാകുന്നതിലും താന്‍ അതിയായ ആവേശത്തിലാണെന്ന് വിസെന്റ് ഗോമസ് പറഞ്ഞു

ഇനി കളിമാറും;കനേറിയന്‍ മിഡ്-ഫീല്‍ഡര്‍ വിസെന്റ് ഗോമസ് കേരള ബ്ലാസ്റ്റേഴ്‌സില്‍
X

കൊച്ചി: ഐഎസ്എലിന്റെ വരാനിരിക്കുന്ന സീസണില്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം വിസെന്റ് ഗോമസ് കേരള ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ട് കെട്ടും.വിസെന്റ് ഗോമസുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് കരാറില്‍ ഒപ്പിട്ടു.ലാസ് പല്‍മാസില്‍ ജനിച്ച ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായ വിസെന്റ് 2007 ല്‍ സ്പാനിഷ് നാലാം ഡിവിഷന്‍ ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. തന്റെ ഹോം ടീമില്‍ ചേരുന്നതിനു മുന്‍പ് അദ്ദേഹം 2 സീസണുകളില്‍ എ ഡി ഹുറാക്കിന് വേണ്ടി കളിക്കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. മികച്ച മിഡ്ഫീല്‍ഡറായ ഇദ്ദേഹത്തിന് പിന്നീട് ലാസ് പല്‍മാസിന്റെ ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. റിസര്‍വ് ടീമുമായുള്ള ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച് ശ്രദ്ധേയനായി. ഇവിടെ അദ്ദേഹം 28 മല്‍സരങ്ങള്‍ കളിക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്തു.

2010 ല്‍ ലാസ് പല്‍മാസിനായി ഗോമസ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും കോപ ഡെല്‍ റേയുമായുള്ള മല്‍സരത്തില്‍ രണ്ടാം ഗോള്‍ നേടുകയും ചെയ്തു. മിഡ്ഫീല്‍ഡില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും പ്രധാന ഗോളുകള്‍ നേടുന്നതില്‍ വിസെന്റ് കഴിവ് തെളിയിച്ചിട്ടുണ്ട്. 2015-16 സീസണില്‍ ലാ ലിഗയിലേക്കുള്ള ക്ലബ്ബിന്റെ പ്രമോഷനില്‍ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും സ്പാനിഷ് ഭീമന്മാരായ ബാഴ്സലോണയ്ക്കും റയല്‍ മാഡ്രിഡിനുമെതിരായ മല്‍സരത്തില്‍ ക്യാപ്റ്റനാവുകയും ചെയ്തു. ടീമിന്റെ പുറത്താകലിനെത്തുടര്‍ന്ന്, ഐഎസ്എല്‍ സീസണ്‍ 7 നായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയില്‍ ചേരുന്നതിന് മുമ്പ് ഗോമസ് രണ്ടാം ഡിവിഷന്‍ ഭാഗമായ ഡിപോര്‍ടിവോ ലാ കൊറൂനയിലേക്ക് മാറി.ലാസ് പല്‍മാസിലെ എട്ട് സീസണുകളിലും, എതിരാളിയുടെ തന്ത്രങ്ങള്‍ തകര്‍ക്കാനും പിന്നില്‍ നിന്ന് ആക്രമണങ്ങള്‍ സൃഷ്ടിക്കാനും കഴിയുന്ന മികച്ച മിഡ്ഫീല്‍ഡര്‍ ആയിരുന്നു വിസെന്റ് ഗോമസ്.

ആകെ 223 മത്സരങ്ങളില്‍ ക്ലബ്ബിനായി 13 തവണ അദ്ദേഹം പന്ത് വലയിലാക്കി ലാ ലിഗയില്‍ മികച്ച മിഡ്ഫീല്‍ഡ് പ്രകടനവും അദ്ദേഹം കാഴ്ചവച്ചു.കെ ബി എഫ് സിക്ക് വേണ്ടി കളിക്കുന്നതിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാകുന്നതിലും താന്‍ അതിയായ ആവേശത്തിലാണെന്ന് വിസെന്റ് ഗോമസ് പറഞ്ഞു. ലാസ് പല്‍മാസിനായി സ്പെയിനിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിലും മെസ്സി, ഇനിയേസ്റ്റ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ക്കെതിരെയും മല്‍സരിക്കാന്‍ അവസരം ലഭിച്ചു. ഇന്ന്, ഏറ്റവും പ്രിയപ്പെട്ട നിറമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞയില്‍ കളിച്ച് ഇന്ത്യയില്‍ ഒരു പുതിയ തുടക്കം പ്രഖ്യാപിക്കാന്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മിഡ്ഫീല്‍ഡില്‍ ഒരു വലിയ സാന്നിധ്യമാകാന്‍ പോകുന്ന ഫുട്‌ബോളിന്റെ മാസ്റ്ററാണ് വിസെന്റെന്ന് കേരളബ്ലാസ്റ്റേഴ്‌സ് എഫ്.സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.അദ്ദേഹത്തിന്റെ പ്രഫഷണല്‍ കരിയറിലെ മൂന്നാമത്തെ ക്ലബ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ്.അദ്ദേഹം കളിക്കളത്തിലും ക്ലബ്ബിലും അവിശ്വസനീയമായ സ്ഥിരത പുലര്‍ത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരമാണിത്. അതുകൊണ്ടുതന്നെ ഏറ്റവും ഗുണത്മകമായ കരാറാണിത്.വിസെന്റ് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബില്‍ ചേരുന്നതില്‍ ആരാധകരെ പോലെ താനും ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it