Cricket

ഓസിസ് പര്യടനം; ബിസിസിഐക്ക് ഷോക്ക് നല്‍കി രോഹിത്ത് ശര്‍മ്മ

നിലവില്‍ രോഹിത്തിനെ പുറത്താക്കിയതിന് പിന്നില്‍ കോഹ്‌ലിയുടെ കരങ്ങളാണെന്നാണ് ചില ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഓസിസ് പര്യടനം; ബിസിസിഐക്ക് ഷോക്ക് നല്‍കി രോഹിത്ത് ശര്‍മ്മ
X


ഷാര്‍ജ: ഓസിസ് പര്യടനത്തിനുള്ള ടീമില്‍ നിന്നും പുറത്താക്കിയ ബിസിസിഐയെ ഞെട്ടിച്ച് കൊണ്ട് രോഹിത്ത് ശര്‍മ്മ ഇന്ന് മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ കളിച്ചു. പരിക്ക് കാരണമാണ് താരത്തെ പുറത്താക്കിയെന്ന വാദത്തെ തള്ളികൊണ്ടാണ് താരം ഇന്നിറങ്ങിയത്. വരും ദിവസങ്ങളില്‍ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിക്കെതിരേ വന്‍ പ്രതിഷേധം വരുമെന്നറിയിച്ചുകൊണ്ടാണ് താരത്തിന്റെ വരവ്. മല്‍സര ശേഷം പരിക്ക് എങ്ങിനെയുണ്ടെന്ന ചോദ്യത്തിന് തനിക്ക് നിലവില്‍ ഒരു കുഴപ്പുവുമില്ലെന്ന മറുപടിയും രോഹിത്ത് നല്‍കി.


മികച്ച ഫോമിലുള്ള രോഹിത്ത് ശര്‍മ്മയെ ഓസിസ് പര്യടനത്തിനുള്ള ടീമില്‍ നിന്നും പുറത്താക്കിയത് ഏറെ വിവാദമായിരുന്നു. പരിക്ക് കാരണമാണ് രോഹിത്തിനെ പുറത്താക്കിയതെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെയും വിശദീകരണം. എന്നാല്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കലിന്റെ അന്നും രോഹിത്ത് മുംബൈയ്ക്കായി നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നു. മുംബൈയ്ക്കായി ചില മല്‍സരങ്ങളില്‍ വിട്ടു നിന്നെങ്കിലും താരം എന്നും പരിശീലനം നടത്തിയിരുന്നു. പരിക്ക് പ്രശ്‌നമല്ലാത്തതാണെന്ന് മുംബൈ ടീമും അറിയിച്ചിരുന്നു. പൂര്‍ണ്ണ ഫിറ്റ്‌നെസ്സുള്ള രോഹിത്തിനെ ടീമില്‍ നിന്നൊഴിവാക്കിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് പരിക്ക് മാറിയാല്‍ താരത്തെ ടീമിനൊപ്പം പരിഗണിക്കുമെന്നും ഗാംഗുലിയും അറിയിച്ചിരുന്നു.


എന്നാല്‍ രോഹിത്ത് ശര്‍മ്മയുടെ പുറത്താവലിന് പിന്നില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വൈസ് ക്യാപ്റ്റനായ രോഹിത്ത് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത മല്‍സരങ്ങളില്‍ എല്ലാം ടീം ഇന്ത്യ മികച്ച ജയം നേടിയിരുന്നു. ഇത് കോഹ്‌ലിയെ അസ്വസ്ഥമാക്കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും ഇത് നിഷേധിച്ചിരുന്നു. എന്നാല്‍ നിലവില്‍ രോഹിത്തിനെ പുറത്താക്കിയതിന് പിന്നില്‍ കോഹ്‌ലിയുടെ കരങ്ങളാണെന്നാണ് ചില ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.താരം ഇന്ന് മുംബൈയ്ക്കായി ഇറങ്ങിയതോടെ ഇന്ത്യന്‍ ടീമിനുള്ളില്‍ പുകയുന്ന പടലപ്പിണക്കം പുറത്ത് വന്നിരിക്കുകയാണ്. രോഹിത്തിന്റെ മുംബൈയ്ക്കായുള്ള വരവ് ബിസിസിഐയക്കെതിരേയുള്ള നിരവധി ചോദ്യചിഹ്നങ്ങളാണ് നല്‍കുന്നത്.





Next Story

RELATED STORIES

Share it