Cricket

നാലാം ടെസ്റ്റ്; ഇംഗ്ലണ്ട് തകര്‍ന്നു; ഇന്ത്യയ്ക്ക് വിജയലക്ഷ്യം 152 റണ്‍സ്

നാലാം ടെസ്റ്റ്; ഇംഗ്ലണ്ട് തകര്‍ന്നു; ഇന്ത്യയ്ക്ക് വിജയലക്ഷ്യം 152 റണ്‍സ്
X
റാഞ്ചി: നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്പിന്നര്‍മാക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട് ബാറ്റിങ് നിര. ആര്‍.അശ്വിനും കുല്‍ദീപ് യാദവും അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ഇംഗ്ലിഷ് ബാറ്റിങ് നിര 145 റണ്‍സിന് പുറത്തായി. അശ്വിന്‍ അഞ്ചും കുല്‍ദീപ് നാലും വിക്കറ്റ് നേടി. 60 റണ്‍സ് നേടിയ സാക്ക് ക്രൗളിയാണ് അവരുടെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 46 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. 152 റണ്‍സാണ് ഇന്ത്യയുടെ വിജയലക്ഷ്യം.

നേരത്തെ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 353 പിന്തുടര്‍ന്ന ഇന്ത്യ 307ന് പുറത്തായി. മൂന്നാം ദിനം 7ന് 219 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് കുല്‍ദീപ് യാദവ് (28), ആകാശ് ദീപ് (9), ധ്രുവ് ജുറൈല്‍ (90) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. വാലറ്റത്തെ കൂട്ടുപിടിച്ച് ജുറൈല്‍ നടത്തിയ പോരാട്ടമാണ് ഇന്ത്യയുടെ സ്‌കോര്‍ 300 കടത്തിയത്. 46 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യ വഴങ്ങിയത്.

131 പന്തുകള്‍ നേരിട്ട് 28 റണ്‍സ് നേടിയ കുല്‍ദീപിനെ ജയിംസ് ആന്‍ഡേഴ്‌സന്‍ ക്ലീന്‍ ബോള്‍ഡാക്കി. എട്ടാം വിക്കറ്റില്‍ കുല്‍ദീപും ജുറൈലും ചേര്‍ന്ന് 76 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. ഇതിനിടെ ജുറൈല്‍ കരിയറിലെ ആദ്യ അര്‍ധ സെഞ്ചറി പൂര്‍ത്തിയാക്കി. വ്യക്തിഗത സ്‌കോര്‍ 59ല്‍ നില്‍ക്കേ ജുറൈലിനെ ഒലി റോബിന്‍സന്‍ കൈവിട്ടു. ഒരുഘട്ടത്തില്‍ ജുറൈല്‍ സെഞ്ചറി നേടുമെന്ന പ്രതീക്ഷയുയര്‍ന്നെങ്കിലും വ്യക്തിഗത സ്‌കോര്‍ 90ല്‍ നില്‍ക്കേ ടോം ഹാര്‍ട്ലിയുടെ പന്തില്‍ ക്ലീന്‍ ബോള്‍ഡായി. 6 ഫോറും 4 സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

കഴിഞ്ഞ ദിവസം നാലു വിക്കറ്റ് നേടിയ ശുഐബ് ബഷീര്‍ ആകാശ് ദീപിനെ പുറത്താക്കി വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയര്‍ത്തി. ടോം ഹാര്‍ട്ലി മൂന്നും ജയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് തുടര്‍ന്ന ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 40 റണ്‍സെടുത്തിട്ടുണ്ട്.





Next Story

RELATED STORIES

Share it