Pravasi

തുടര്‍ ചികിത്സക്കായി നാട്ടിലെത്തി; ആശുപത്രിയിലെത്തും മുന്‍പ് മഹാരാഷ്ട്ര സ്വദേശി മരണപ്പെട്ടു

ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ അബ്ദുല്‍ ജെതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഫോറം പ്രവര്‍ത്തകര്‍ ഇടപ്പെട്ടാണ് അബ്ദുല്‍ ജേതിയെ ചികില്‍സക്കായി നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

തുടര്‍ ചികിത്സക്കായി നാട്ടിലെത്തി;  ആശുപത്രിയിലെത്തും മുന്‍പ് മഹാരാഷ്ട്ര സ്വദേശി മരണപ്പെട്ടു
X

വാദി ദവാസിര്‍(സൗദി): ചികില്‍സക്കായി നാട്ടിലെത്തിയ മഹാരാഷ്ട്ര സ്വദേശി ആശുപത്രിയില്‍ എത്തും മുന്‍പ് മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി വാദി ദാവസിര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മഹാരാഷ്ട്ര രത്‌നഗിരി സ്വദേശി കസം അബ്ദുല്‍ ജെതി(60)യാണ് നാട്ടിലെത്തി എയര്‍പോര്‍ട്ടിന് മുന്നില്‍ കുഴഞ്ഞു വീണത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്നാഴ്ച മുന്‍പാണ് ഹോട്ടല്‍ ജീവനക്കാരനായ അബ്ദുല്‍ ജെതി ജോലിസ്ഥലത്ത് കുഴഞ്ഞു വീണത്. ആശുപ്രതിയിലെ വിശദമായ പരിശോധനയില്‍ ഹൃദയാഘാതമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ ചികിത്സക്ക് നാട്ടിലേക്ക് പോകുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇദേഹത്തിന്റെ ഇക്കാമ പുതിക്കിയിരുന്നില്ല. കടയുടെ തൊഴില്‍ പെര്‍മിറ്റും കാലാവധി കഴിഞ്ഞിരുന്നു. പിഴത്തുക അടക്കമുള്ള 25,000 റിയാല്‍ തൊഴില്‍ മന്ത്രാലയത്തില്‍ അടക്കെണ്ടിയിരുന്നു.

സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന അബ്ദുല്‍ ജെതിക്കും സുഹൃത്തുക്കള്‍ക്കും ഇത്രയും വലിയ തുക ഒരുമിച്ചു അടക്കുവാന്‍ കഴിയുമായിരുന്നില്ല. വിഷയം അറിഞ്ഞ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ അബ്ദുല്‍ ജെതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. പിന്നീട് ഫോറം പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ സ്‌പോന്‍സര്‍ മുഹമ്മദ് നാസര്‍ അഷ്വാനുമായി നേരില്‍ സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. തൊഴില്‍ മന്ത്രാലയത്തില്‍ പൈസ അടച്ചു രേഖകള്‍ തയ്യാറാക്കിയെങ്കിലും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യണമെങ്കില്‍ വലിയൊരു തുകയും അടക്കണമായിരുന്നു. മേഖലയിലെ പൗര പ്രമുഖരായ മുതരഫ് കുടുംബവുമായി ഫോറം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ ആശുപത്രി ഇടപാടുകള്‍ തീര്‍ക്കുവാന്‍ തയ്യാറായി.

പിന്നീട് വ്യാഴാഴ്ച വൈകിട്ട് വാദി ദവാസിര്‍ ആശുപ്രതിയില്‍ നിന്നും സഹോദര പുത്രനുമായി അബ്ദുല്‍ ജെതി നാട്ടിലേക്ക് തിരിക്കുകയായിരുന്നു. വെള്ളിയഴ്ച്ച വൈകിട്ട് മുംബയില്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ അബ്ദുല്‍ ജെതിയെ ഭാര്യയും കുട്ടികളും അടക്കം കുടുംബക്കാര്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. വിമാനത്തില്‍ വച്ചുതന്നെ അദ്ദേഹത്തിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വന്ന അബ്ദുല്‍ ജെതി രക്തം ചര്‍ദ്ദിച്ച് മരിക്കുകയായിരുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ കബറടക്കി. ഇരുപതു വര്‍ഷത്തോളമായി വാദി ദവാസിരില്‍ ജോലി ചെയ്തു വരികയായിരുന്നു അബ്ദുല്‍ ജെതി.

Next Story

RELATED STORIES

Share it