യുദ്ധസാധ്യത: പാര്‍ലമെന്റ് അംഗങ്ങള്‍ ഉത്തരവാദിത്വബോധം പുലര്‍ത്തണമെന്ന് കുവൈത്ത് സ്പീക്കര്‍

ഇറാനുമായി ബന്ധപ്പെട്ട് മേഖലയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് കുവൈത്ത് സ്പീക്കറുടെ പ്രസ്താവന.

യുദ്ധസാധ്യത: പാര്‍ലമെന്റ് അംഗങ്ങള്‍ ഉത്തരവാദിത്വബോധം പുലര്‍ത്തണമെന്ന് കുവൈത്ത് സ്പീക്കര്‍

കുവൈത്ത്: മേഖലയില്‍ ഒരു യുദ്ധത്തിനുള്ള സാധ്യത വളരെക്കൂടുതലാണെന്നും പാര്‍ലമെന്റ് അംഗങ്ങള്‍ ജാഗ്രതയും ഉത്തരവാദിത്വബോധവും പുലര്‍ത്തണമെന്നും കുവൈത്ത് പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം. ഇറാനുമായി ബന്ധപ്പെട്ട് മേഖലയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് കുവൈത്ത് സ്പീക്കറുടെ പ്രസ്താവന. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ കുവൈത്ത് പാര്‍ലമെന്റ് അടിയന്തരയോഗം ചേര്‍ന്നിരുന്നു. രഹസ്യസ്വഭാവത്തില്‍ നടന്ന യോഗത്തിനുശേഷമാണ് മേഖലയില്‍ ഒരു യുദ്ധത്തിനുള്ള സാധ്യത കൂടുതലാണെന്ന് സ്പീക്കര്‍ പ്രസ്താവിച്ചത്.

അമേരിക്കയും ഇറാനും തമ്മിലുള്ള വാക്‌പോര് യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. മേഖലയെ ആകെ ബാധിക്കുന്ന അത്തരമൊരു സ്ഥിതിവിശേഷം മുന്നില്‍ കണ്ട് സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.. ഏതുസാഹചര്യത്തെയും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തതായും സ്പീക്കര്‍ പറഞ്ഞു. മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ വിശദീകരണത്തില്‍ എംപിമാര്‍ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അസ്സബാഹ്, സ്ഥിതികളുമായി ബന്ധപ്പെട്ട് മറ്റു മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ കാഴ്ചപ്പാടുകളും വിവരങ്ങളും പങ്കുവച്ചു.

RELATED STORIES

Share it
Top