Gulf

സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങള്‍ക്കായി പുതുതലമുറ സമരസജ്ജരാവുക: അബ്ദുല്‍ മജീദ് ഫൈസി

സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങള്‍ക്കായി പുതുതലമുറ സമരസജ്ജരാവുക: അബ്ദുല്‍ മജീദ് ഫൈസി
X

കുവൈത്ത്: സ്വാതന്ത്ര്യം തടവറയിലായപ്പോഴാണ് നമ്മുടെ പൂര്‍വികര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി വൈദേശിക ശക്തികള്‍ക്കെതിരേ പൊരുതിയതെന്ന് നാം ഓര്‍ക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് കേരളാ ഘടകം സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ ആര്യാധിപത്യത്തിനു കീഴിലും സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കു കീഴിലും രാജ്യത്തെ പൗരന്‍മാരുടെ അവകാശങ്ങള്‍ ദിനംപ്രതി ഓരോന്നായി കവര്‍ന്നെടുക്കുകയും അവരെ ദിനംപ്രതി അടിമത്തത്തിലേക്ക് നീക്കി കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ട് പാരതന്ത്രത്തിലേക്കാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുതിയ തലമുറയ്ക്കു പഴയകാല സ്വാതന്ത്രസമര സേനാനികളുടെ ചരിത്രം ഓര്‍മിപ്പിക്കുകയും രണ്ടാം സ്വാതന്ത്ര്യസമരത്തിന് അവരെ തയ്യാറാക്കുകയും ചെയ്യണം. ജനാധിപത്യത്തിലെ വിയോജിക്കാനുള്ള അവകാശങ്ങളെ ഇല്ലാതാക്കുന്ന ഭരണകൂടങ്ങള്‍ അധികാരങ്ങള്‍ ഉപയോഗിച്ച് അവകാശങ്ങളും നിയമങ്ങളും ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സങ്കല്‍പ്പങ്ങള്‍ സൃഷ്ടിച്ച് യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ലാതാക്കുന്ന, കോര്‍പറേറ്റുകളെ ഭരണ കേന്ദ്രങ്ങളിലേക്ക് കടന്നുകയറ്റുന്ന, സുരക്ഷാ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ചെയ്തു കൊടുത്ത് പ്രലോഭനങ്ങളിലൂടെയും തെറ്റായ വാഗ്ദാനങ്ങളിലൂടെയും ഭയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കിയെടുത്ത് ജനങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. നമ്മള്‍ ആഘോഷിക്കുന്ന ഈ സ്വാതന്ത്ര്യദിനം ഒരു ദുര്‍വിധിയുമായി സന്ധിചെയ്യുന്നു. ഇത്തരം സന്ധികള്‍ക്കെതിരേയുള്ള സമരമുഖമാണ് നാം സൃഷ്ടിക്കേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പ്രഫ. പി കോയ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് കേരളാഘടകം വൈസ് പ്രസിഡന്റ് അസ് ലം അധ്യക്ഷത വഹിച്ചു. ഐഎസ്എഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സെക്രട്ടറി സയ്യിദ് ബുഖാരി തങ്ങള്‍ സംസാരിച്ചു.

New Generation Struggle for the Values of Freedom: Abdul Majeed Faizi




Next Story

RELATED STORIES

Share it