Gulf

കുവൈത്തിലെ ശെയ്ഖ് ജാബിര്‍ പാലം ഏപ്രില്‍ 30ന് ഉദ്ഘാടനം ചെയ്യും

പാലം തുറന്നുകൊടുക്കുന്നതോടെ കുവൈത്ത് സിറ്റിയില്‍നിന്ന് സുബ്ബിയയിലേക്കുള്ള ദൂരം 104 കിലോമീറ്ററില്‍നിന്ന് 37.5 കിലോമീറ്ററായി കുറയും

കുവൈത്തിലെ ശെയ്ഖ് ജാബിര്‍ പാലം ഏപ്രില്‍ 30ന് ഉദ്ഘാടനം ചെയ്യും
X
കുവൈത്ത്: കുവൈത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നായ ശെയ്ഖ് ജാബിര്‍ പാലം ദേശീയവിമോചന ദിനത്തോനുബന്ധിച്ച് യാത്ര സാധ്യമാക്കുമെന്നും ഏപ്രില്‍ 30ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും റോഡ്കര ഗതാഗത അതോറിറ്റി അറിയിച്ചു. കുവൈത്ത് സിറ്റിയില്‍ രണ്ട് ദിശയിലേക്കാണ് പാലം. ഗസാലി അതിവേഗ പാതയിലെ സിഗ്‌നല്‍ പോയിന്റില്‍ നിന്നാരംഭിച്ച് ജമാല്‍ അബ്ദുന്നാസിര്‍ റോഡിന് അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോവുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്റര്‍ നീളമുണ്ടാവും. ദോഹ തുറമുഖ ദിശയിലേക്ക് 12.4 കിലോമീറ്റര്‍ നീളമാണുള്ളത്. പാലം തുറന്നുകൊടുക്കുന്നതോടെ കുവൈത്ത് സിറ്റിയില്‍നിന്ന് സുബ്ബിയയിലേക്കുള്ള ദൂരം 104 കിലോമീറ്ററില്‍നിന്ന് 37.5 കിലോമീറ്ററായി കുറയും. നിലവില്‍ ഒന്നര മണിക്കൂര്‍ വേണ്ടിടത്ത് അരമണിക്കൂര്‍ കൊണ്ട് എത്താനാവും. കടലിലും കരയിലുമായാണ് പാലം കടന്നുപോവുന്നത്. കടല്‍ പാലങ്ങളുടെ ഗണത്തില്‍ ലോകത്ത് നാലാമത്തെ വലിയ പാലമാവും ജാബിര്‍ പാലം. കടന്നുപോവുന്ന വഴിയില്‍ രണ്ട് വ്യവസായ ദ്വീപുകളും ഒട്ടേറെ സര്‍ക്കാര്‍ സേവന സ്ഥാപനങ്ങളും ഉണ്ടാവും. 738750 ദശലക്ഷം ദിനാര്‍ പദ്ധതി ചെലവ് കണക്കാക്കി 2013 നവംബര്‍ മൂന്നിനാണ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. അതേസമയം, പാലം ഉപയോഗിക്കുന്നതിന് ചുങ്കം ഏര്‍പ്പെടുത്താന്‍ തല്‍ക്കാലം തീരുമാനമില്ലെന്നും ഭാവിയില്‍ ഇതേക്കുറിച്ച് പഠനം നടത്തി തീരുമാനിക്കുമെന്നും സുഹ അല്‍ അഷ്‌കനാനി പറഞ്ഞു. ജാബിര്‍ പാലത്തില്‍ ലോകോത്തര നിലവാരത്തിലുള്ള നിരീക്ഷണ സംവിധാനം ഒരുക്കുന്നുണ്ട്. 819 ഫിക്‌സഡ് കാമറകള്‍ക്ക് പുറമെ എല്ലാ ഭാഗത്തേക്കും ചലിക്കുന്ന 25 പാന്‍ ടില്‍റ്റ് സൂം കാമറകളും പാലത്തില്‍ നിരീക്ഷണത്തിനുണ്ടാവും.




Next Story

RELATED STORIES

Share it