Top

കൊവിഡ്: കുവൈത്തില്‍ ഒരുമരണം കൂടി; 215 പുതിയ കേസുകള്‍

115 പേര്‍ ഇന്ന് രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് അറിയിച്ചു.

കൊവിഡ്: കുവൈത്തില്‍ ഒരുമരണം കൂടി; 215 പുതിയ കേസുകള്‍
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് ഇന്ന് ഒരാള്‍കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് അറിയിച്ചു. 55 വയസ് പ്രായമായ ബംഗ്ലാദേശ് പൗരനാണ് ഇന്ന് മരിച്ചത്. ജാബിര്‍ ആശുപത്രിയില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്നു ഇദ്ദേഹം. ഇതോടെ കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 15 ആയി. മരിച്ചവരില്‍ 5 പേര്‍ ഇന്ത്യക്കാരാണ്. ഏറ്റവും അധികംപേര്‍ രോഗമുക്തരായ ദിനമായിരുന്നു ഇന്ന്. 115 പേര്‍ ഇന്ന് രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് അറിയിച്ചു.

രാജ്യത്ത് രോഗബാധ റിപോര്‍ട്ട് ചെയ്തശേഷം ആദ്യമായാണ് ഇത്രയുമധികം പേര്‍ ഒരേദിവസം രോഗമുക്തരാവുന്നത്. ഇതുവരെ 613 പേരാണ് രാജ്യത്ത് കൊറോണ വൈറസ് ബാധയില്‍നിന്നും രോഗമുക്തി നേടിയത്. രാജ്യത്ത് കൊറോണ വൈറസ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ഏറ്റവുമധികം പേര്‍ക്ക് രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്നാണ്. ഇന്ന് 85 ഇന്ത്യാക്കാര്‍ അടക്കം ആകെ 215 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്നുവരെ രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 2,614 ആയി. ഇവരില്‍ 1,395 പേര്‍ ഇന്ത്യാക്കാരാണ്.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട ഇന്ത്യാക്കാരില്‍ 85 പേര്‍ക്കും മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണ് രോഗ ബാധയേറ്റത്. ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ 215 രോഗികളില്‍ 198 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും 10 പേരുടെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്. ഏഴുപേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടനില്‍നിന്നും ഒഴിപ്പിച്ചുകൊണ്ടുവന്ന സ്വദേശികളാണ്.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍- 21 ഈജിപ്തുകാര്‍- 31 ബംഗ്ലാദേശികള്‍- 25, പാകിസ്താനി- 25, സിറിയ- 1, ഇറാന്‍- 3, ജോര്‍ദ്ദാന്‍- 1, നേപ്പാള്‍- 5, ബിദൂനി- 4, ശ്രീലങ്ക- 5, ലബനോന്‍- 4, സൗദി- 1, സുദാന്‍- 1, അമേരിക്ക- 1, യമന്‍- 1, എത്യോപ്യ- 1. ആകെ 1,986 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 60 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it