Gulf

ഹര്‍ത്താലിന്റെ മറവില്‍ സ്വീകരിക്കുന്ന ജപ്തി നടപടി വിവേചനപരം: പ്രവാസി വെല്‍ഫെയര്‍

ഹര്‍ത്താലിന്റെ മറവില്‍ സ്വീകരിക്കുന്ന ജപ്തി നടപടി വിവേചനപരം: പ്രവാസി വെല്‍ഫെയര്‍
X

ദമ്മാം: നേതാക്കളെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് സപ്തംബറില്‍ പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിലുണ്ടായ പൊതുമുതല്‍ നഷ്ടത്തിന്റെ പേരില്‍ കേരളത്തിലെ വിവിധ ജില്ലകളിലെ പോപുലര്‍ ഫ്രണ്ട് മുന്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വത്തുകള്‍ കണ്ടുകെട്ടിയ നടപടി വിവേചനപരവും നീതി നിഷേധവുമാണന്ന് പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജ്യനല്‍ കമ്മിറ്റി പറഞ്ഞു. ഹര്‍ത്താലിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവ് വന്നതിനുശേഷം കേരളത്തില്‍ നിരവധി ഹര്‍ത്താലുകള്‍ നടന്നിട്ടുണ്ട്. അതില്‍ പലതിലും അക്രമവും പൊതുമുതല്‍ നശിപ്പിക്കലുമുണ്ടായത് കേരളം കണ്ടതാണ്. അത്തരം ഒരു സംഭവവികാസത്തോടും സ്വീകരിക്കാത്ത കാര്‍ക്കശ്യ സമീപനം ഇപ്പോള്‍ മാത്രം സ്വീകരിക്കുന്നത് ഒരു പ്രത്യേക വിഭാഗത്തിനോട് കാണിക്കുന്ന അനീതിയാണ്.

സംഘപരിവാര്‍ കാലത്ത് ആര്‍എസ്എസ് ശത്രുക്കളായി പ്രഖ്യാപിച്ച ജനവിഭാഗങ്ങളെ അവസരങ്ങള്‍ സൃഷ്ടിച്ച് കൈകാര്യം ചെയ്യുന്ന രീതിയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. അക്രമപ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നായാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. പക്ഷേ, ചില പ്രത്യേക വിഭാഗങ്ങള്‍ക്കെതിരേ മാത്രമായി അത് ഉപയോഗിക്കുമ്പോള്‍ അതിനു പിന്നിലെ ലക്ഷ്യം വ്യക്തമാണെന്നും റീജ്യനല്‍ കമ്മിറ്റി കുറ്റപ്പെടുത്തി. എത്ര വേഗമാണ് ജപ്തി അടക്കമുള്ള നടപടികളിലേക്ക് കോടതിയും സര്‍ക്കാരും കടന്നത്.

പൗരത്വ പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടിയ യുപി സര്‍ക്കാരിന്റെയും ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയ യുപി, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി നഗരസഭ തുടങ്ങിയ ബിജെപി സര്‍ക്കാരുകളുടെയും വംശീയ വിവേചനത്തിന് സമാനമായ നടപടിയാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും നീതിപീഠത്തില്‍ നിന്നുണ്ടാവുന്ന ഇത്തരം വിവേചനം കടുത്ത നീതിനിഷേധമാണന്നും റീജ്യനല്‍ കമ്മറ്റി അംഗങ്ങള്‍ പറഞ്ഞു. ദമ്മാമില്‍ ചേര്‍ന്ന റീജ്യനല്‍ കമ്മിറ്റി യോഗത്തില്‍ പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹിം തിരൂര്‍ക്കാട് അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി ബിജു പൂതക്കുളം, പ്രവാസി വനിതാ വിഭാഗം പ്രസിഡന്റ് സുനില സലിം എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it