World

കൊറോണ: ഇറാനില്‍ മരണം 145; ഇറ്റലിയില്‍ ജനങ്ങളുമായി ഇടപഴകുന്നതിന് 10 ലക്ഷം പേര്‍ക്ക് വിലക്ക്

അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 19 ആയി. വൈറസ് പടരുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കൊറോണ: ഇറാനില്‍ മരണം 145; ഇറ്റലിയില്‍ ജനങ്ങളുമായി ഇടപഴകുന്നതിന് 10 ലക്ഷം പേര്‍ക്ക് വിലക്ക്
X

തെഹ്‌റാന്‍: ചൈനയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് (കോവിഡ്-19) ഇറാനും ഇറ്റലിയിലും കൂടുതല്‍ ഭീതിപരത്തുന്നു. ഇറാനില്‍ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുകയറുകയാണ്. ഇതുവരെ ആറായിരത്തോളം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 145 പേര്‍ മരിച്ചു. ശനിയാഴ്ച മാത്രം ഇറാനില്‍ 21 മരണമാണ് റിപോര്‍ട്ട് ചെയ്തത്. മുന്‍കരുതലെന്ന നിലയില്‍ സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്. സാംസ്‌കാരിക, കായിക പരിപാടികളെല്ലാം റദ്ദുചെയ്തു. തൊഴില്‍സമയവും വെട്ടിക്കുറച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധിച്ച് ഒരു പാര്‍ലമെന്റ് അംഗംകൂടി മരിച്ചു. തെഹ്‌റാനില്‍നിന്ന് അടുത്തിടെ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കണ്‍സര്‍വേറ്റീവ് എംപി ഫാത്തിമ റഹ്ബാര്‍ (55) ആണ് മരിച്ചത്.

ഫെബ്രുവരി പകുതിയോടെ രോഗം രാജ്യത്ത് പ്രത്യക്ഷപ്പെട്ടതിനുശേഷം മരണമടയുന്ന രണ്ടാമത്തെ പാര്‍ലമെന്റ് അംഗമാണ് ഫാത്തിമ റഹ്ബാര്‍. ഉദ്യോഗസ്ഥരടക്കം നിരവധിപേര്‍ രോഗത്തിന്റെ പിടിയിലാണെന്നും വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. വിദേശകാര്യ മന്ത്രി ജവാദ് ശെരീഫിന്റെ ഉപദേഷ്ടാവും നയതന്ത്രജ്ഞനുമായ ഹുസൈന്‍ ഷെയ്ഖുല്‍സലാം കഴിഞ്ഞദിവസം രോഗംമൂലം മരിച്ചിരുന്നു. ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 230 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 50 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. 16 ലക്ഷം പേരെയാണ് നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുന്നത്. ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1,200 ല്‍നിന്ന് 5,883 ആയി വര്‍ധിച്ചു. കൊറോണയെ നേരിടാന്‍ കടുത്ത നടപടിയുമായി മുന്നോട്ടുപോവുകയാണ് ഇറ്റലി.

വൈറസ് ബാധിതര്‍ കൂടുതലുള്ള ലൊംബാര്‍ഡി ഉള്‍പ്പടെ 11 പ്രവിശ്യകള്‍ ഇറ്റലി അടച്ചു. ഇവിടെയുള്ള 10 ലക്ഷത്തോളം പേരെ മറ്റുള്ളവരില്‍നിന്ന് ഇടപഴകുന്നതില്‍നിന്ന് വിലക്കിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇറ്റലിയെയായിരുന്നു. ഇന്ന് മുതല്‍ അടുത്ത മാസം മൂന്നുവരെയാണ് നിയന്ത്രണങ്ങള്‍. അതേസമയം, അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 19 ആയി. ശനിയാഴ്ച വാഷിങ്ടണ്‍ സ്‌റ്റേറ്റില്‍ രണ്ടു പേര്‍കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.

വാഷിങ്ടണിലെ കിങ് കൗണ്ടിയിലാണ് മരണം റിപോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 89 ആയി കുതിച്ചുയര്‍ന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വൈറസ് പടരുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്‌ളോറിഡയില്‍ രണ്ടുപേര്‍ കൊറോണ ബാധിച്ച് മരിച്ചു. യുഎസിലെ പകുതിയിലേറെ സംസ്ഥാനങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചതായാണ് വാര്‍ത്താമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

Next Story

RELATED STORIES

Share it