Kerala

യുഡിഎഫ് ഐതിഹാസിക വിജയം നേടും: രമേശ് ചെന്നിത്തല

യുഡിഎഫ് ഐതിഹാസിക വിജയം നേടും: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: യുഡിഎഫ് ഐതിഹാസികമായ വിജയം നേടി അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലുടനീളം വോട്ടര്‍മാരില്‍ കണ്ട ആവേശം അതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അഞ്ചു വര്‍ഷം കൊണ്ടു കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധി എഴുതുന്നതാണ് ഇന്ന് ദൃശ്യമായത്. പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടു വന്ന ഇടതു സര്‍ക്കാരിന്റെ അഴിമതികള്‍ ഇടതു പക്ഷത്തിന്റെ തനിനിറം ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു. അന്താരാഷ്ട്ര പി.ആര്‍.എജന്‍സികളുടെ സഹായത്തോടെ നടത്തിയ പ്രചാരണ കോലാഹലങ്ങളൊന്നും ഇടതു മുന്നണിയ്ക്ക് രക്ഷയായില്ല.

വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതിന് വോട്ടര്‍പട്ടികയില്‍ സിപിഎമ്മും ഇടതു മുന്നണിയും നടത്തിയ കൃത്രിമം യുഡിഎഫ് പിടികൂടുകയും വോട്ടെടുപ്പ് ദിനത്തില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കുകയും ചെയ്തതിനാല്‍ കള്ളവോട്ട് തടയുന്നതിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും തളിപ്പറമ്പ് ഉള്‍പ്പടെ പല സ്ഥലത്തും കള്ളവോട്ട് നടന്നതായി പരാതിയുണ്ട്. മറ്റു മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നിട്ടുണ്ടോ എന്ന് സൂക്ഷമായ പരിശോധന വരും ദിവസങ്ങളില്‍ യുഡിഎഫ് നടത്തും. ഇടതുമുന്നണി ഇനിയും അട്ടിമറിക്ക് ശ്രമിക്കുമെന്നതിനാല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വരും ദിവസങ്ങളിലും ജാഗ്രത പാലിക്കണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it