Kerala

ആദിവാസി പുനരധിവാസത്തിനും വനസംരക്ഷണത്തിനും 200 കോടി കേന്ദ്രസഹായം അനുവദിക്കണം: മന്ത്രി

കാലാവസ്ഥാ വ്യതിയാന വകുപ്പുമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് നല്‍കിയ നിവേദനത്തിലാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

ആദിവാസി പുനരധിവാസത്തിനും വനസംരക്ഷണത്തിനും 200 കോടി കേന്ദ്രസഹായം അനുവദിക്കണം: മന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ആദിവാസി സമൂഹത്തിന്റെ വികസനത്തോടൊപ്പം വനസംരക്ഷണം നടപ്പിലാക്കുന്നതിനും വനം -വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനും 200 കോടി രൂപ ധന സഹായം അനുവദിക്കണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വനസംരക്ഷണ നിയമം അനുസരിച്ചുള്ള കേന്ദ്രാനുമതികള്‍ സമയബന്ധിതമായി ലഭ്യമാക്കണമെന്നും പരിഹാര വനവല്‍ക്കരണത്തിന് പകരമായി അടക്കേണ്ട തുക ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാന വകുപ്പുമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് ഇതു സംബന്ധിച്ച് നല്‍കിയ നിവേദനത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.കേന്ദ്ര പരിസ്ഥിതി വനം , കാലാവസ്ഥാ വ്യതിയാന വകുപ്പുമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാന വനം മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയതായിരുന്നു മന്ത്രി.

വന്യമൃഗ ആക്രമണങ്ങള്‍ തടയുന്നതിനും വന്യമൃഗങ്ങള്‍ക്ക് സൈ്വരജീവിതം ഉറപ്പു വരുത്തുന്നതിനും വനമേഖലയിലുള്ള ആദിവാസി സെറ്റില്‍മെന്റുകളെ വനമേഖലയിലെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിന് നടപടികള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്. ആദിവാസി സമൂഹത്തിന്റെ വികസനത്തിനും ഉന്നമനത്തിനും ഇത്തരത്തിലുള്ള പുനരധിവാസം പ്രയോജനകരമാകും. കേരളത്തിലെ 725 ആദിവാസി സെറ്റില്‍മെന്റുകളില്‍ 500 എണ്ണവും സംരക്ഷിത വനമേഖലകള്‍ക്കുളളിലാണ്. ഇതില്‍ 25,000 ത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഒരു കുടുംബത്തിന് 20 ലക്ഷം രൂപ എന്ന നിലയില്‍ നഷ്ടപരിഹാരം നല്‍കികൊണ്ട് അടുത്ത ഘട്ടമായി 1000 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനാണ് കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

പരിസ്ഥിതി വനം , കാലാവസ്ഥാ വ്യതിയാന വകുപ്പുമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ പര്യാവരണ്‍ ഭവനില്‍ നടന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ പരിഹാരവനവത്ക്കരണ ഫണ്ട് വിതരണവും നടന്നു. യോഗത്തില്‍ വനേതര ആവശ്യങ്ങള്‍ക്കായി വനഭൂമി വിട്ടുനല്‍കുന്നതിന് പരിഹാരമായി ലഭിക്കുന്ന തുക അതത് സംസ്ഥാനങ്ങള്‍ക്ക് ആനുപാതികമായി വീതിച്ചു നല്‍കി. കേരളത്തിന് 81.58 കോടി രൂപ ലഭിച്ചു. മറ്റ് ആവശ്യങ്ങള്‍ക്കായി ഇനിയും ഭൂമി വിട്ടുനല്‍കാനാവില്ലെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി .ഓരോ വര്‍ഷവും ഒരു കോടിയോളം തൈകള്‍ ഉല്‍പ്പാദിപ്പിച്ച് സംസ്ഥാനത്ത് വിതരണം ചെയ്യുമ്പോള്‍ അത്ര തന്നെ പ്ലാസ്റ്റിക് കൂടുകള്‍ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി പ്ലാസ്റ്റിക്കിന് പകരം സംവിധാനം കണ്ടെത്തുന്നതിന് കേന്ദ്രം മുന്‍ഗണന നല്‍കണമെന്നും നിലവില്‍ വനത്തിനുളളില്‍ താമസിക്കുന്ന കുടുംബങ്ങളെ വനത്തിന് പുറത്തേക്ക് പുനരധിവസിപ്പിക്കുമ്പോള്‍ നഷ്ടപരിഹാരമായി കാമ്പ് ഫണ്ടില്‍ നിന്നും ഒരു കുടുംബത്തിന് നല്‍കുന്ന തുക 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍വ്വമായ നിലപാടാണ് കേന്ദ്രമന്ത്രി സ്വീകരിച്ചതെന്ന് മന്ത്രി അറിയിച്ചു

Next Story

RELATED STORIES

Share it