Kerala

സര്‍ജിക്കല്‍ സേഫ്ടി ചെക്ക്‌ലിസ്റ്റ് സമ്പ്രദായം വരുന്നു; ഇനിമുതല്‍ ശസ്ത്രക്രീയക്ക് മുമ്പ് ചോദ്യങ്ങളുണ്ടാവും

തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍ജിക്കല്‍ സേഫ്ടി ചെക്ക് ലിസ്റ്റ് സംവിധാനം നിലവില്‍ വരികയാണ്. രോഗിക്ക് രോഗത്തിനെപ്പറ്റിയും അതിനുള്ള ചികില്‍സയെപ്പറ്റിയും ഉപയോഗിക്കുന്ന ചികില്‍സാ ഉപകരണങ്ങളെപ്പറ്റിയുമൊക്കെ വ്യക്തമായ ധാരണ ഉണ്ടാക്കുന്നതിനാണ് ഈ സമ്പ്രദായം.

സര്‍ജിക്കല്‍ സേഫ്ടി ചെക്ക്‌ലിസ്റ്റ് സമ്പ്രദായം വരുന്നു; ഇനിമുതല്‍ ശസ്ത്രക്രീയക്ക് മുമ്പ് ചോദ്യങ്ങളുണ്ടാവും
X

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടര്‍ നിങ്ങള്‍ക്കെവിടെയാണ് ശസ്ത്രക്രിയ വേണ്ടതെന്നു ചോദിച്ചാല്‍ ഇതൊന്നും ആറിയാതെയാണോ ശസ്ത്രക്രിയ നടത്താന്‍ പോവുന്നതെന്ന് തിരിച്ചു ചോദിക്കാന്‍ വരട്ടെ. ലോകാരോഗ്യ സംഘടന അംഗീകരിച്ച സര്‍ജിക്കല്‍ സേഫ്ടി ചെക്ക് ലിസ്റ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുന്ന രോഗിക്ക് സര്‍ജന്റെ ഭാഗത്തുനിന്നും ഈ ചോദ്യം ഇനി പ്രതീക്ഷിക്കാം. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍ജിക്കല്‍ സേഫ്ടി ചെക്ക് ലിസ്റ്റ് സംവിധാനം നിലവില്‍ വരികയാണ്.

രോഗിക്ക് രോഗത്തിനെപ്പറ്റിയും അതിനുള്ള ചികില്‍സയെപ്പറ്റിയും ഉപയോഗിക്കുന്ന ചികില്‍സാ ഉപകരണങ്ങളെപ്പറ്റിയുമൊക്കെ വ്യക്തമായ ധാരണ ഉണ്ടാക്കുന്നതിനാണ് ഈ സമ്പ്രദായം കൊണ്ടുവരുന്നത്. രോഗിയെ ശസ്ത്രക്രിയാ ടേബിളില്‍ കിടത്തിയശേഷം സര്‍ജന്‍, അനസ്‌തേഷ്യ നല്‍കുന്ന ഡോക്ടര്‍, നഴ്‌സ് എന്നിവരെല്ലാം പ്രത്യേകം പ്രത്യേകമായി രോഗവിവരങ്ങളും ചികില്‍സയെപ്പറ്റിയും പറയുകയും ചികില്‍സയെന്തെന്ന് രോഗിക്ക് മനസിലാക്കാനായി ചില ചോദ്യങ്ങള്‍ അങ്ങോട്ടു ചോദിക്കുകയും ചെയ്യും. അവയെല്ലാം സര്‍ജിക്കല്‍ സേഫ്ടി ചെക്ക് ലിസ്റ്റില്‍ മാര്‍ക്ക് ചെയ്തശേഷം മാത്രമാണ് ശസ്ത്രക്രിയ ആരംഭിക്കുന്നത്. ഇതോടെ രോഗിക്ക് എന്താണ് രോഗമെന്നും എന്തു ചികില്‍സയാണ് നല്‍കുന്നതെന്നുമൊക്കെയുള്ള വിവരങ്ങള്‍ വ്യക്തമാക്കിക്കൊടുക്കും.

അനുമതിയില്ലാതെ അവയവങ്ങള്‍ നീക്കം ചെയ്തുവെന്നതടക്കമുള്ള ചികില്‍സയെപ്പറ്റിയുള്ള രോഗികള്‍ക്കുള്ള പരാതികളും തര്‍ക്കങ്ങളുമെല്ലാം പുതിയ സംവിധാനത്തിലൂടെ ഇല്ലാതാകും. ചെക്ക് ലിസ്റ്റിന്റെ പകര്‍പ്പ് കേസ് ഷീറ്റിലും ഉള്‍പ്പെടുത്തും. അനസ്‌തേഷ്യോളജി വിഭാഗത്തിന്റെയും ജനറല്‍ സര്‍ജറി വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സര്‍ജിക്കല്‍ സേഫ്ടി ചെക്ക് ലിസ്റ്റ് സമ്പ്രദായം തിങ്കളാഴ്ച രാവിലെ 8.30ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എ തീയേറ്ററില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.തോമസ് മാത്യു ഉദ്ഘാടനം ചെയ്യും.

Next Story

RELATED STORIES

Share it